പോയ വർഷം ഏറ്റവുമധികം വരുമാനം നേടിയ താരങ്ങളുടെ പട്ടികയിൽ മലയാളത്തിൽ നിന്നും ഏകതാരമായാണ് മെഗാസ്റ്റാർ മമ്മൂട്ടി ഇടംനേടിയത്. മറ്റൊരു സവിശേഷത ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളിയാണ് മമ്മൂട്ടി എന്നതാണ്
ഇന്ത്യൻ താരങ്ങളുടെ വിനോദ രംഗത്ത് നിന്നുള്ള വരുമാനം കണക്കിലെടുത്ത് ഫോബ്‌സ് ഇന്ത്യ പുറത്തിറക്കിയ 100 താരങ്ങളുടെ പട്ടികയിൽ മലയാളത്തിൽ നിന്ന് മമ്മൂട്ടിയും. പോയ വർഷം ഏറ്റവുമധികം വരുമാനം നേടിയ താരങ്ങളുടെ പട്ടികയിൽ മലയാളത്തിൽ നിന്നും ഏകതാരമായാണ് മെഗാസ്റ്റാർ മമ്മൂട്ടി ഇടംനേടിയത്. മറ്റൊരു സവിശേഷത ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളിയാണ് മമ്മൂട്ടി എന്നതാണ്. പട്ടികയിൽ 48-ാമത് സ്ഥാനം നേടിയ മമ്മൂട്ടിയുടെ കഴിഞ്ഞ വർഷത്തെ വരുമാനം 18 കോടി രൂപയാണ്. 2017 ഒക്ടോബർ ഒന്നുമുതൽ മുതൽ 2018 സെപ്റ്റംബർ 30 വരെയുള്ള വരുമാനമാണ് ഫോബ്സ് കണക്കാക്കിയിരിക്കുന്നത്.
മമ്മൂട്ടി കഴിഞ്ഞാൽ മലയാളിയായ നയൻതാരയും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ടെങ്കിലും നയൻതാര ഇപ്പോൽ മലയാളത്തിൽ അഭിനയിക്കുന്നില്ല എന്നതിനാൽ തന്നെ മലയാളത്തിൽ നിന്നുള്ള താരം എന്ന ലേബൽ മമ്മൂട്ടിക്ക് മാത്രം സ്വന്തം. പട്ടികയിൽ നയൻതാരയ്ക്ക് അറുപത്തിയെട്ടാം സ്ഥാനമാണ്.
തുടർച്ചയായ മൂന്നാം വട്ടവും ബോളിവുഡ് താരം സൽമാൻ ഖാൻ പട്ടികയിൽ ഒന്നാംസ്ഥാനം നിലനിർത്തുന്നു. 253. 25 കോടിയാണ് സല്മാൻ്റെ വരുമാനം. 228.09 കോടിയുമായി രണ്ടാം സ്ഥാനത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയാണ്. 185 കോടി നേടിയ അക്ഷയ് കുമാർ മൂന്നാംസ്ഥാനവും 112.8 കോടി വരുമാനം ലഭിച്ച ദീപിക പദുകോൺ നാലാം സ്ഥാനവും കരസ്ഥമാക്കി. 101.77 കോടി വരുമാനത്തോടെ എംഎസ് ധോണി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. അമീർ ഖാൻ (6), അമിതാബ് ബച്ചൻ (7), സച്ചിൻ ടെണ്ടുൽക്കർ (9) അജയ് ദേവ്ഗൺ (10) എന്നിവരാണ് ആദ്യ പത്തിൽ ഉള്ളവർ. ലിസ്റ്റിൽ എ.ആർ. റഹ്മാൻ 11-ാമതും രജനികാന്ത് 14-ാം സ്ഥാനത്തുമുണ്ട്.