#തയ്യാറാക്കിയത് : അരുൺ ഗോവിന്ദ്
ഹിന്ദി സിനിമ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും അധികം ജനപ്രീതി നേടിയ നടൻ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം ചെന്നെത്തി നിൽക്കുക ബോളിവുഡ് സ്നേഹത്തോടെ ബിഗ്ബി എന്ന് വിളിക്കുന്ന അമിതാബ് ബച്ചനിലാവും. 1970കളുടെ പകുതിയിൽ വ്യത്യസ്തമായ അഭിനയരീതി കൊണ്ടും ഗംഭീര്യമേറിയ ശബ്ദം കൊണ്ടും അമിതാബ് ബച്ചനെന്ന ക്ഷോഭിക്കുന്ന യുവത്യത്തിൻറ്റെ പ്രതിനിധി ഇന്ത്യൻ സിനിമയെ മൊത്തം വഴി തിരിച്ചു വിടുകയായിരുന്നു.ഏതാണ്ട് അമിതാബ് ബച്ചനോളം തന്നെ സമാനമായ രീതിയിൽ ആണ് തമിഴകത്തിൻറ്റെ തലൈവരായ രജനീകാന്ത് എന്ന നടൻറ്റേയും സ്ഥാനം.ബാംഗ്ലൂരിലെ ബസ് കണ്ടക്ടർ ജീവിതത്തിൽ നിന്ന് കോടികൾ പ്രതിഫലം വാങ്ങുന്ന സൂപ്പർതാരത്തിലേക്കുള്ള വളർച്ച രജനീകാന്തിനു കേവലം ഒരൊറ്റ ദിവസം കൊണ്ട് നേടിയെടുക്കാൻ കഴിഞ്ഞതല്ല . അതിനു പുറകിൽ ശിവാജി റാവു എന്ന ഈ മനുഷ്യൻറ്റെ നിരന്തര പരിശ്രമം ആണ്.
ബിഗ് ബിയുടേയും ,തലൈവരുടേയും അഭിനയ ജീവിതത്തിനു വലിയ രീതിയിൽ മാറ്റം വരുത്താൻ സഹായിച്ച രണ്ടു സിനിമകൾക്കു കാരണമായത് മലയാളത്തിൻറ്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ അഭിനയിച്ച എക്കാലത്തേയും സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമ സാമ്രാജ്യം ആണ്. ഷിബു ചക്രവർത്തിയുടെ രചനയിൽ ജോമോൻ സംവിധാനം ചെയ്ത സാമ്രാജ്യത്തിൽ മമ്മൂട്ടി അധോലോക നായകൻ അലക്‌സാണ്ടറുടെ വേഷത്തിൽ ആയിരുന്നു അഭിനയിച്ചിരുന്നത്. നവാഗത സംവിധായകരെ കണ്ടെത്തി അവസരം കൊടുത്തു സൂപ്പർ ഹിറ്റുകൾ സമ്മാനിക്കുന്ന മമ്മൂട്ടി എന്ന നടൻറ്റെ ശീലത്തിൻറ്റെ തുടക്കം കൂടിയായിരുന്നു വേണമെങ്കിൽ സാമ്രാജ്യം എന്ന് പറയാം .താൻ ആദ്യമായി സംവിധാനം ചെയ്ത സാമ്രാജ്യം മലയാളക്കരയും കടന്നു സൗത്ത് ഇന്ത്യ മുഴുവൻ ജോമോന് പ്രശസ്തി നേടി കൊടുത്തു. തെലുഗു സിനിമകൾ മാത്രം വിജയിച്ചിരുന്ന ടോളിവുഡിൻറ്റെ ബോക്സ് ഓഫീസിൽ സാമ്രാജ്യത്തിൻറ്റെ മലയാളം പതിപ്പ് പ്രദർശിപ്പിച്ചത് 150 ദിവസങ്ങളിൽ ഏറെയാണ്.
90 കളുടെ സിനിമകളിൽ തനിക്കു പുതിയതായി ഒന്നും ചെയ്യാനില്ല എന്ന് തോന്നിയതിനാൽ തൻറ്റെ അഭിനയ ജീവിതത്തിൽ നിന്ന് അഞ്ചു വർഷം ഇടവേള എടുക്കാൻ തീരുമാനിച്ച അമിതാബ് ബച്ചനിൽ സാമ്രാജ്യത്തിലെ മമ്മൂട്ടിയുടെ അധോലോക നായകൻ അലക്‌സാണ്ടർ സ്വാധീനം ഉളവാക്കി .മുൻപ് ഡോൺ എന്ന അധോലോക നായകനായി വേഷമിട്ടിട്ടുള്ളതിനാൽ ഇനി അങ്ങനെയൊരു കഥാപാത്രം ചെയ്‌താൽ സ്വീകരിക്കപ്പെടുമോ എന്ന അമിതാബ് ബച്ചൻറ്റെ .ആശങ്കയ്ക്ക് വിരാമം ഇടുക കൂടിയായിരുന്നു മമ്മൂട്ടിയുടെ അലക്‌സാണ്ടർ. സാമ്രാജ്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് അമിതാബ് ബച്ചൻ നായകനായി അഭിനയിച്ച “ഹം” എന്ന ചിത്രം ബോളിവുഡിൽ പിന്നീട് തീർത്തതു ചരിത്രം. സാമ്രാജ്യത്തിൻറ്റെ സംവിധായകനായ ജോമോനെ മുംബൈക്കു വിളിപ്പിച്ചു ആ സിനിമയുടെ ഹിന്ദി റീമേക്ക് അമിതാബ് ബച്ചനേയും മകൻ അഭിഷേക് ബച്ചനേയും വെച്ച് ചെയ്യുന്നതിന് ആയി ജോമോന് അഡ്വാൻസ് നൽകി ഉറപ്പിച്ചതായും പിന്നീട് തൻറ്റെ മടികാരണം ആ സിനിമ നടന്നില്ലെന്നും അടുത്തിടെ ജോമോൻ ഒരു അഭിമുഖത്തിൽ പറയുക ഉണ്ടായി.90കളുടെ പകുതിയിൽ തമിഴകത്തു റിലീസ് ചെയ്ത ഏറ്റവും അധികം പണം വാരിയ പടങ്ങളിൽ ഒന്നും രജനീകാന്ത് എന്ന നടനെ സ്റ്റയിൽ മന്നൻ എന്ന് അടിവരയിട്ടു വിളിക്കുന്നതിനും സഹായിച്ച ബാഷ എന്ന സൂപ്പർ ഹിറ്റ് സിനിമ ഒരുക്കുന്നതിന് പ്രചോദനം ആയത് ‘ഹം’ എന്ന സിനിമയാണ്. മെഗാസ്റ്റാർ അനശ്വരമാക്കിയ അലക്‌സാണ്ടറും സാമ്രാജ്യവും ബാഷയുടെ പിറവിക്ക് നേരിട്ട് അല്ലെങ്കിലും പ്രചോദനം ആയി എന്ന് പറയാം