സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബിഗ് ബി’യുടെ രണ്ടാം ഭാഗം ‘ബിലാല്‍’ . 2007-ല്‍ തിയേറ്ററുകളിലെത്തിയ ബിഗ് ബി അമല്‍ നീരദിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. യുവാക്കളായിരുന്നു ഈ സ്റ്റൈലിഷ് ആക്‌ഷൻ ചിത്രത്തിന്റെ ആരാധകരിൽ ഏറെയും.
മമ്മൂട്ടി ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിലിൽ തുടങ്ങാനായിരുന്നു അണിയറ പ്രവർത്തകരുടെ നീക്കം. എന്നാൽ ലോകത്തെ ഒന്നടങ്കം ലോക് ഡൗണിൽ ആക്കിയ കോവിഡ് മഹാമാരി സിനിമാ ചിത്രീകരണങ്ങളെയും ബാധിച്ചപ്പോൾ ബിലാലിന്റെ ചിത്രീകരണവും നീണ്ടു. ഇപ്പോൾ മെയ് മാസത്തോടെ ചിത്രീകരണം ആരംഭിക്കാൻ കഴിയും എന്ന വിശ്വാസത്തിലാണ് അണിയറക്കാർ. കൊൽക്കത്തയിൽ ആകും ആദ്യഘട്ട ചിത്രീകരണം.
ബിഗ് ബിയുടെ സവിശേഷതകളിൽ ഒന്നായിരുന്നു ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം. സ്‌ക്രീനിൽ മമ്മൂട്ടിയുടെ ബിലാലിന്റെ തകർപ്പൻ പെര്ഫോമന്സിനു പിന്തുണയേകാൻ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം വലിയ പങ്കുവഹിച്ചു.
ബിലാലിലെ സംഗീതം എറ്റവും മികച്ചതാക്കാനുളള ശ്രമത്തിലാണ് താനെന്ന് ഗോപി സുന്ദര്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ തന്റെ ഫോളോവേഴ്‌സുമായി സംസാരിക്കവേ ബിലാലിനായുളള സംഗീതമൊരുക്കല്‍ ആരംഭിച്ച് കഴിഞ്ഞതായും ഗോപി സുന്ദര്‍ വ്യക്തമാക്കി.