
ഇത് ആഘോഷത്തിന്റെ നിമിഷങ്ങൾ
By Praveen Lakkoor
മെഗാസ്റ്റാർ ആദ്യാവസാനം നിറഞ്ഞാടിയപ്പോൾ ആരാധകരുടേയും കുടുംബ പ്രേക്ഷകരുടേയും ആവേശത്തിരയിളക്കത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് തീയേറ്ററുകൾ പൂരപ്പറമ്പാക്കി ഷൈലോക്ക് ബോക്സ് ഓഫീസിൽ തരംഗമാകുന്നു. മാസ്സും കോമഡിയും സെന്റിമെന്റ്സും ത്രില്ലും തകർപ്പൻ ആക്ഷനും ഒക്കെ ചേർന്ന് എല്ലാത്തരം പ്രേക്ഷകരുടേയും മനസ്സ് നിറച്ചുകൊണ്ടാണ് ഷൈലോക്ക് വമ്പൻ വിജയത്തിലേക്ക് നീങ്ങുന്നത്. മമ്മൂട്ടിയുടെ ഗംഭീര പെർഫോമൻസ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഡയലോഗ് ഡെലിവറിയിലും സംഘട്ടന രംഗങ്ങളിലുമൊക്കെ മെഗാസ്റ്റാർ ഒരിക്കൽ കൂടി വിസ്മയം തീർക്കുന്നു. മമ്മൂട്ടിയെ ഇത്ര എനർജറ്റിക്കായി അടുത്തൊന്നും സ്‌ക്രീനിൽ കണ്ടിട്ടില്ല എന്നാണ് പ്രേക്ഷകർ ഒന്നടങ്കം വിലയിരുത്തുന്നത്.രാജ് കിരൺ, മീന, സിദ്ദിഖ്, ഹരീഷ് പേരടി,കലാഭവൻ ഷാജോൺ, ബൈജു, ഹരീഷ് കണാരൻ തുടങ്ങിയവരുടെ മികച്ച പ്രകടനവും ഷൈലോക്കിന് മുതൽക്കൂട്ടാണ്. തങ്ങൾക്ക് 2020 ന്റെ രാജമാണിക്യത്തെയാണ് അജയ് വാസുദേവ് സമ്മാനിച്ചതെന്നാണ് ആരാധകർ ആവേശത്തോടെ പറയുന്നു.
ആദ്യ പ്രദർശനം അവസാനിച്ചപ്പോൾ തന്നെ ഷൈലോക്ക് വമ്പൻ വിജയമാകുമെന്ന സൂചന നൽകുന്നതരം പ്രതികരണങ്ങളാണ് പുറത്തുവന്നത്. ആരാധകരുടെ ആവേശം തീയേറ്ററുകളെ പൂരപ്പറമ്പാക്കി. സ്ത്രീകളും കുട്ടികളുമടക്കം എല്ലാ വിഭാഗം പ്രേക്ഷകരും ഒരേ സ്വരത്തിൽ ഗംഭീര എൻറ്റർടൈനർ എന്ന വിശേഷണമാണ് സിനിമയ്ക്ക് നൽകിയത്. ആദ്യ ദിവസം ഹൗസ് ഫുൾ ഷോകളുടെ പെരുമഴ തീർത്ത ഷൈലോക്കിന് നൂറിലധികം സ്‌പെഷ്യൽ ഷോകളുമുണ്ടായി.മിക്കയിടത്തും അഭൂതപൂർവമായ തിരക്ക് നിയന്ത്രിക്കാൻ തീയേറ്റർ സ്റ്റാഫ് ബുദ്ധിമുട്ടി .കൊച്ചി EVM ൽ രാത്രി 11 മണിക്കുള്ള ഷോയുടെ എല്ലാ ടിക്കറ്റുകളും ഓൺലൈൻ വഴി വിറ്റു തീർത്ത സംഭവം സംഘർഷത്തിലേക്ക് എത്തിയപ്പോൾ സ്ഥിതി നിയന്ത്രിക്കാൻ പോലീസെത്തുന്ന അവസ്ഥയെത്തി. ഇവിടെ അടക്കം പല തിയേറ്ററുകളിലും വെളുപ്പിന് വരെ ഷോകൾ നടത്തുകയുണ്ടായി.
മലയാളസിനിമയുടെ താര സിംഹാസനത്തിൽ മെഗാസ്റ്റാർ കൂടുതൽ കരുത്തോടെ നിലയുറപ്പിക്കുന്ന കാഴ്ചയാണ് പുതുവർഷം സമ്മാനിക്കുന്നത്. തലമുറ ഭേദമന്യേ പ്രേക്ഷകർ മമ്മൂട്ടി മാജിക്കിൽ മതി മറക്കുമ്പോൾ മലയാള സിനിമയ്ക്കും പുത്തൻ ഉണർവ് സമ്മാനിക്കുന്നു ഷൈലോക്ക്. പേരൻപ്, ഉണ്ട, യാത്ര തുടങ്ങിയ സിനിമകളിലൂടെ മമ്മൂട്ടിയിലെ നടൻ ഭാഷയുടേയും ദേശത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് കൊണ്ട് വിസ്മയം തീർക്കുന്നു. അതേ സമയം മധുരരാജ, ഷൈലോക്ക് തുടങ്ങിയ മാസ്സ് എന്റർടൈനറുകളിലൂടെ തന്റെ താരമൂല്യം അരക്കിട്ടുറപ്പിക്കുന്നു. നടൻ എന്ന നിലയിലും താരം എന്ന നിലയിലും സമാനതകളില്ലാത്ത അഭിനയ പ്രതിഭാസമായി ഇന്ത്യൻ സിനിമയുടെ അഭിമാനം തന്റെ ജൈത്രയാത്ര വിജയകരമായി തുടരുന്നു.
