ബോളിവുഡ് ചിത്രങ്ങൾക്ക് ഇന്ത്യയിൽ എല്ലായിടത്തും വൻ മാർക്കറ്റാണ് ഉണ്ടായിരുന്നത്. എത്രയോ ഹിന്ദി സിനിമകളാണ് കൊച്ചു കേരളത്തിൽ പോലും തകർത്തോടിയത്. എന്നാൽ പ്രേക്ഷകാഭിരുചികളിലെ കാലാനുസൃതമായ മാറ്റങ്ങളും പ്രാദേശിക ഭാഷ ചിത്രങ്ങൾക്ക് ലഭിക്കുന്ന വർധിച്ച സ്വീകാര്യതയും ബോളിവുഡിന് വെല്ലുവിളി ഉയർത്തുന്ന കാഴ്ചയാണ് 2018ന്റെ ആദ്യ പകുതി കാട്ടിത്തരുന്നത്.പല പ്രാദേശിക സിനിമകളുടെയും ഹിന്ദി ഡബ്ബിങ് റൈറ്റിന് ലഭിക്കുന്നത് ഗംഭീര സ്വീകരണമാണ്. മമ്മൂട്ടിയുടെ മാസ്റ്റർ പീസ്, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങളും മോഹൻലാലിന്റെ വില്ലനും അടുത്തിടെ ഹിന്ദി പതിപ്പുകളിൽ വൻ മുന്നേറ്റം സൃഷ്‌ടിച്ച സിനിമകളാണ്.മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങൾക്ക് ഇന്ത്യക്ക് പുറത്തു ലഭിക്കുന്ന പിന്തുണ ബോളിവുഡിന് വെല്ലുവിളി സൃഷ്ടിക്കുന്ന നിലയിലേക്കെത്തുമ്പോൾ ബോളിവുഡ് നിർമാണ കമ്പനികൾ പ്രാദേശിക ഭാഷാ ചിത്രങ്ങൾക്ക് വേണ്ടി മുതൽ മുടക്കാൻ തയ്യാറാകുന്നു.പ്രാദേശിക ഭാഷാ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ സൃഷ്ടിക്കുന്ന ചലനത്തിന് അടിവരയിടുന്നതാണ് ബുക്ക് മൈ ഷോ എന്ന ഓൺ ലൈൻ ബുക്കിങ് ആപ്പ് പുറത്തുവിടുന്ന കണക്കുകൾ. 2016 ൽ ബുക്ക് മൈ ഷോ വഴി വിറ്റ ടിക്കറ്റുകളിൽ 39 ശതമാനം പ്രാദേശിക ഭാഷാ സിനിമകളുടേതായിരുന്നുവെങ്കിൽ 2017 ൽ അത് 46 ശതമാനമായി ഉയർന്നു. ഇക്കൊല്ലം ഇത് 55 ശതമാനത്തിൽ എത്തും എന്നാണ് ബോക്സ് ഓഫീസ് വിദഗ്ധരുടെ വിലയിരുത്തൽ.
മാറിയ സാഹചര്യങ്ങൾ വിലയിരുത്തി ഒരേ സമയം വിവിധ ഭാഷകളിൽ സിനിമ പുറത്തിറക്കാനുള്ള തന്ത്രങ്ങളാണ് ബോളിവുഡ് നിർമാണ കമ്പനികൾ ഇപ്പോൾ പിന്തുടരുന്നത്. ഇതുവഴി കൂടുതൽ നേട്ടം ഉണ്ടാക്കാൻ കഴിയുമെന്നാണ് അവരുടെ കണക്കു കൂട്ടലുകൾ. മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിൽ നേരിട്ട് മുതൽ മുടക്കാനുള്ള വമ്പൻ ബോളിവുഡ് കമ്പനികളുടെ തീരുമാനം പ്രാദേശിക സിനിമകൾക്ക് കൂടുതൽ കറുത്ത് പകരും എന്ന കാര്യത്തിൽ സംശയമില്ല. കായംകുളം കൊച്ചുണ്ണി, ഒടിയൻ, മാമാങ്കം തുടങ്ങിയ ബിഗ് ബഡ്ജറ്റ് സിനിമകൾ മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും റിലീസിന് തയ്യാറെടുക്കുന്നു. വലിയ മുതൽമുടക്ക് ആവശ്യമുള്ള സിനിമകൾക്ക് ഏറെ ഗുണകരമാകുന്ന വാണിജ്യ സാഹചര്യം പ്രാദേശിക ഭാഷാ സിനികൾക്ക് കൂടൂതൽ കരുത്തേകും.
