യുദ്ധങ്ങൾ നമ്മൾ പലതു കണ്ടിട്ടുണ്ട്. പക്ഷെ മരിക്കും എന്ന് ഉറപ്പിച്ചുപോകുന്നവരുടെ യുദ്ധം നിങ്ങൾ കണ്ടിട്ടുണ്ടോ? അതാണ് യഥാർത്ഥ ധീരന്മാരുടെ യുദ്ധം. ആ യുദ്ധമാണ് നവംബർ 21-ന് നിങ്ങൾ തിരശീലയിൽ കാണാൻ പോകുന്നത്.
മരണം എന്ന മൂന്നക്ഷരത്തെ പോരാട്ടം എന്ന മൂന്നക്ഷരം കൊണ്ട് തോൽപ്പിക്കാൻ ഇറങ്ങിയവരുടെ ചരിത്രം നിങ്ങൾക്ക് മുന്നിൽ തുറക്കുന്നു.
മാമാങ്കം…
വിസ്മയങ്ങൾ ഒളിപ്പിച്ച ട്രെയിലർ നിങ്ങളിലേക്ക്…
മാമാങ്കം ട്രെയിലർ കണ്ടശേഷം സിനിമ പാരഡൈസോ എന്ന എഫ് ബി ഗ്രൂപ്പിൽ ജയകുമാർ ഗോപാലകൃഷ്ണൻ നായർ എന്നയാൾ കുറിച്ച വരികളാണ് ഇത്…
മാമാങ്കം എന്ന സിനിമയുടെ വിസ്മയങ്ങൾക്ക് അതിരുകൾ ഇല്ല എന്ന് തന്നെ തെളിയിക്കുന്ന ഒരു ബ്രഹ്മാണ്ഡ ട്രെയിലർ സമ്മാനിച്ചു പദ്മകുമാറും ടീമും കൈയടി നേടുമ്പോൾ ചുരിക ചുഴറ്റിയുള്ള അഭ്യാസപ്രകടനത്തിലൂടെ മലയാളത്തിന്റെ മഹാനടൻ നമ്മെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് ആനയിക്കുകയാണ്. .
യുദ്ധരംഗങ്ങളുടെ രൂക്ഷത ത്രസിപ്പിക്കുന്ന കാഴ്ചകളായി പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കുന്നതാണ് ഓരോ ഫ്രെയിമും.
ഉറുമി ചുഴറ്റി ശത്രുക്കളെ നേരിടുന്ന മമ്മൂട്ടിയുടെ അഭ്യാസ രംഗങ്ങളാണ് ഈ ട്രെയിലറിലെ ഹൈലൈറ്റ് എന്നു പറയാം. അത്രയും മെയ് വഴക്കത്തോടും ഒരു തികഞ്ഞ അഭ്യാസിയുടെ ചടുലതയോടും കൂടിയാണ് മമ്മൂട്ടി ആ രംഗങ്ങളിൽ നിറഞ്ഞാടുന്നത്.
ടി സീരീസിന്റെ ലഹാരി ചാനലിനെ പോലും ഹാംഗ് ആക്കി ട്രെൻഡിങ്ങിൽ കുതിച്ചു റെക്കോർഡ് സൃഷ്ടിക്കുകയാണ് മാമാങ്കം ട്രെയിലർ. അൺ ഒഫീഷ്യൽ റിപ്പോർട്ട് പ്രകാരം വ്യൂസ് ആറു മണിക്കൂർ കൊണ്ട് രണ്ട് മില്യൺ കടന്നതായാണ് വിവരം.
മമ്മൂട്ടിയുടെ രണ്ട് ഗെറ്റപ്പുകളാണ് ഈ ട്രെയ്ലറിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ടീസറിൽ മമ്മൂട്ടിയെ അധികം കാണിച്ചില്ല എന്ന പരാതികൾക്ക് പലിശസഹിതം മറുപടി നൽകുകയാണ് ഈ ട്രെയിലർ.
കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച മാമാങ്കം നവംബർ 21-നു ലോകവ്യാപകമായി റിലീസ് ചെയ്യും.
