By Praveen Lakkoor
മലയാള സിനിമയുടെ കാൽപ്പനിക ഭാവനകൾക്ക് പുതു ചിറകുകൾ നൽകിയ പ്രതിഭാധനനായ ചലച്ചിത്രകാരൻ ഭരതൻ ഓർമ്മയായിട്ട് 22 വർഷങ്ങൾ. കലാമൂല്യമുള്ള ജനപ്രിയ സിനിമകൾ സൃഷ്ടിയ്ക്കുന്നതിൽ ഭാരതനോളം വിജയിച്ച സംവിധായകർ മലയാളത്തിൽ ഏറെയില്ല. കാമ്പുള്ള കഥയും, ഹൃദയ സ്പർശിയായ അവതരണവും മികവുറ്റ ദൃശ്യ ഭംഗിയും മനോഹര ഗാനങ്ങളും ചേർന്ന് ഭരതൻ സിനിമകൾ വെള്ളിത്തിരയിൽ വിസ്മയങ്ങൾ സൃഷ്ട്ടിച്ചു. അദ്ദേഹത്തിന്റെ സിനിമകളുടെ പോസ്റ്ററുകൾ പോലും ജനഹൃദയങ്ങൾ കീഴടക്കുന്നവയായിരുന്നു. താരം വാൽക്കണ്ണാടി നോക്കി, താരും തളിരും മിഴിപൂട്ടി എന്നീ ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നവയാണ്.അതുവരെയുള്ള മലയാള സിനിമാ സങ്കല്പങ്ങളെ മൊത്തത്തിൽ പൊളിച്ചെഴുതുവാൻ ഭരതനിലെ ചലച്ചിത്രകാരൻ വിജയിച്ചു.
പ്രയാണം, അണിയറ, ഗുരുവായൂർ കേശവൻ, രതിനിർവേദം, തകര,ആരവം, ചാമരം, പാളങ്ങൾ, മർമരം, ഓർമക്കായി, കാറ്റത്തെ കിളിക്കൂട്,ഒരു സായാഹ്നത്തിന്റെ സ്വപ്നം, ഇത്തിരിപ്പൂവേ ചുവന്നപൂവേ, ചിലമ്പ്,കേളി, താഴ് വാരം, കാതോട് കാതോരം, പ്രണാമം, സന്ധ്യമയങ്ങും നേരം, ഈണം, നിദ്ര, ലോറി, ചാട്ട, പറങ്കിമല, വൈശാലി,അമരം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വെങ്കലം, ചമയം, ഒഴിവുകാലം, എന്റെ ഉപാസന, മാളുട്ടി, പാഥേയം, ദേവരാഗം, നീലക്കുറിഞ്ഞി പൂത്തപ്പോൾ, ചുരം, സാവിത്രി, തേവർ മകൻ, മജീരധ്വനി, ആവാരംപൂ, വൈശാലി തുടങ്ങി 40 ഓളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. ഇവയിൽ മിക്കവയും കാലങ്ങൾക്കിപ്പുറവും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്നവയാണ്.

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കലുകളിൽ ഒന്നാണ് ഭരതൻ സംവിധാനം ചെയ്ത അമരത്തിലെ അച്ചൂട്ടി. ലോഹിതദാസിന്റെ തൂലികയിൽ പിറന്ന ഈ കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. കടലിന്റെ പശ്ചാത്തലത്തിൽ അണിയിച്ചിരുക്കിയ ചിത്രത്തിൽ മകളെ ജീവനോളം സ്നേഹിക്കുന്ന മമ്മൂട്ടിക്കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ മികവിന്റെയും പരകായ പ്രവേശത്തിന്റെയും മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ്. ഹൃദയ സ്പർശിയായ കഥപറഞ്ഞ ‘പാഥേയം’ എന്ന സിനിമയിൽ ചന്ദ്രദാസ് എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞു നിന്നു. കുടുംബ ബന്ധങ്ങളുടെ നൂലിഴയിൽ കോർക്കപ്പെട്ട ഹൃദ്യയഹാരിയായ സിനിമയായിരുന്നു പാഥേയം. ലൂയിസ് എന്ന കഥാപാത്രമായി ‘കാതോട് കാതോരം’ എന്ന ഭരതൻ സിനിമയിലും മമ്മൂട്ടിയുടെ ഗംഭീര പ്രകടനത്തിന് പ്രേക്ഷകർ സാക്ഷിയായി. മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയ ശേഷി പൂർണമായും ഉപയോഗപ്പെടുത്തിയ പ്രതിഭാധനരായ സംവിധായകരിൽ ഒരാൾ കൂടിയായിരുന്നു ഭരതൻ. അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ മമ്മൂട്ടി ടൈംസിന്റെ പ്രണാമം
In this article:

Click to comment