Connect with us

Hi, what are you looking for?

Latest News

‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ’ നിർമ്മിക്കാനുള്ള ഓഫർ മമ്മുക്ക ഇങ്ങോട്ട് വച്ചുനീട്ടിയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ ഒരു സിനിമയോടെ ഞാൻ ഈ ഫീൽഡ് വിടുമായിരുന്നു : സ്വർഗ്ഗചിത്ര അപ്പച്ചൻ.

മമ്മൂട്ടിയെ നായകനാക്കി ഫാസിൽ സംവിധാനം ചെയ്ത പൂവിനു പുതിയ പൂന്തെന്നൽ എന്ന ചിത്രം നിർമ്മിച്ചു കൊണ്ടാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ മലയാള ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. ആ ചിത്രം പക്ഷേ ബോക്സ് ഓഫീസിൽ കാര്യമായ നേട്ടം ഉണ്ടാക്കിയില്ല. മമ്മൂട്ടിയുടെ തന്നെ ആറോളം ചിത്രങ്ങൾ ഒരേ ആഴ്ച റിലീസ് ചെയ്ത സമയത്താണ് പൂവിന് പുതിയ പൂന്തെന്നൽ എത്തുന്നത്. അതുകൊണ്ടുതന്നെ ആ ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ആദ്യ സിനിമ തനിക്ക് നഷ്ടമാണ് എന്നറിഞ്ഞ് മമ്മുട്ടി ഇങ്ങോട്ട് വച്ചുനീട്ടിയ ഒരു ഡേറ്റ് ആണ് ഇന്നും സ്വർഗ്ഗചിത്ര എന്ന ബാനറും അപ്പച്ചനും മലയാളസിനിമയിൽ നിലനിന്നത്   എന്ന കാര്യം തുറന്നു പറയുകയാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ. മമ്മൂക്കയെ നായകനാക്കി ഒരു സിനിമ നിർമ്മിക്കുക എന്ന ഒരു ആഗ്രഹം കൊണ്ടുമാത്രം  സിനിമാരംഗത്തെത്തിയ ഒരാളാണ് താനെന്നും എന്നാൽ മമ്മൂട്ടി എന്ന നടന്റെ ആത്മാർത്ഥതയാണ് താൻ ഇന്ന് ഈ രംഗത്ത് സജീവമായത് എന്നും അപ്പച്ചൻ പറയുന്നു.

മമ്മൂട്ടി ടൈംസ് യൂട്യൂബ് ചാനലിൽ മമ്മൂട്ടിയും ഞാനും എന്ന പ്രോഗ്രാമിൽ സംസാരിക്കവേയാണ് അപ്പച്ചൻ മനസ്സുതുറന്നത്.

മമ്മൂക്കയെ വച്ചു ഒരു സിനിമ നിർമിക്കണമെന്ന്  എന്റെ മനസ്സിൽ ഒരു ആഗ്രഹം വന്നപ്പോൾ ഞാൻ ഫാസിൽ സാറിനെ പോയി കാണുകയായിരുന്നു. അന്നും ഇന്നും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകനാണ് ഫാസിൽ സാർ. അദ്ദേഹത്തെ സമീപിച്ചപ്പോൾ അദ്ദേഹം എന്നോട് ഒരു ചോദ്യം വളരെ കാര്യമായി ചോദിച്ചു, അപ്പച്ചനു  ആരെ നായകനാക്കി സിനിമ എടുക്കാനാണ് ആഗ്രഹമെന്ന്. ഞാനപ്പോൾ നാൽപതോളം സിനിമകൾ എടുക്കുമെന്നോ  ഈ രംഗത്ത് തുടരുമെന്നോ  ഒന്നും സ്വപ്നത്തിൽ പോലും കരുതിയതല്ല. ഒരു സിനിമ എടുക്കുക എന്ന  ആഗ്രഹം മാത്രമാണ് അന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. ഞാനപ്പോൾ ഫാസിൽ സാറിനോട് പറഞ്ഞത്,  ഞാൻ ഒരു സിനിമ എടുക്കുന്നുള്ളൂ എങ്കിലും അത് മമ്മൂട്ടിയെ നായകനാക്കി എടുക്കണം എന്നാണ് ആഗ്രഹം. വളരെ തറപ്പിച്ചു തന്നെ ഞാൻ അക്കാര്യം പറഞ്ഞു. എന്റെ സംസാരത്തിൽ നിന്നും ഫാസിൽ സാറിനു മനസ്സിലാവുകയും ചെയ്തു, ഞാൻ മമ്മൂട്ടിയെ നായകനാക്കി സിനിമ എടുക്കാൻ വന്ന ഒരു നിർമ്മാതാവാണ് എന്ന്. അങ്ങിനെ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ്  ഞാൻ മമ്മൂട്ടിയെ പോയി കാണുന്നത്. മമ്മൂട്ടി അന്ന്  വാർത്ത എന്ന സിനിമയുടെ ലൊക്കേഷനിൽ ആയിരുന്നു. കോഴിക്കോട്ലൊ. ക്കേഷനിൽ ചെന്നപ്പോൾ മമ്മൂക്ക പറഞ്ഞു,  വൈകുന്നേരം മഹാറാണിയിൽ വന്നാൽ കാണാം സംസാരിക്കാം എന്ന്. അങ്ങനെ ഞാൻ വൈകുന്നേരം മഹാറാണി യിൽ എത്തി  സംസാരിച്ചു. അദ്ദേഹം വളരെ താല്പര്യത്തോടെ എന്റെ ബാഗ്രുണ്ടും  മറ്റു കാര്യങ്ങളും എല്ലാം ചോദിച്ചറിഞ്ഞു. മമ്മൂക്കയെ നായകനാക്കി ഒരു സിനിമ എടുക്കുക എന്നത് മാത്രമാണ് എന്റെ ആഗ്രഹം എന്ന കാര്യവും ഞാൻ പറഞ്ഞു. ബാക്കി കാര്യങ്ങൾ താൻ ഫാസിലുമായി സംസാരിച്ചു കൊള്ളാം എന്ന് പറഞ്ഞു മമ്മൂക്ക എന്നെ യാത്രയാക്കി. അങ്ങനെ യാണ് എന്റെ ആദ്യസിനിമയായ പൂവിനു പുതിയ പൂന്തെന്നൽ ഉണ്ടാകുന്നത്.

പൂവിന് പുതിയ പൂന്തെന്നൽ  നഷ്ടമായിരുന്നു. എനിക്കന്ന് 5 ലക്ഷം രൂപയോളം നഷ്ടമുണ്ടായി. ആ സിനിമ നഷ്ടമാകാൻ കാരണം മമ്മുക്കയുടെ തന്നെ ആറോളം സിനിമകളാണ് ആ ആഴ്ചയിൽ റിലീസായത്. മറ്റു സിനിമകളുടെ ഇടയിൽ ഈ ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഒരു സിനിമ എടുത്തു രണ്ടാമതൊരു സിനിമ എടുക്കാനുള്ള സാമ്പത്തികം അന്ന് എന്റെ കയ്യിൽ ഇല്ലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് മമ്മൂക്ക ഒരു ദിവസം എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് എന്തോ ആവശ്യത്തിന് പോകുമ്പോൾ ആലപ്പുഴയിൽ പാച്ചിക്കയുടെ(ഫാസിൽ) വീട്ടിൽ കയറുന്നത്.

“അപ്പച്ചന്റെ  കഴിഞ്ഞ സിനിമ ശരിയായില്ല,  അദ്ദേഹത്തിന് നഷ്ടം വന്നു എന്നറിഞ്ഞു. നമുക്ക് അടുത്ത ഓണത്തിന് അദ്ദേഹത്തിനുവേണ്ടി ഒരു സിനിമ ചെയ്താൽ എന്താ പാച്ചീ? ” എന്ന് മമ്മൂക്ക പാച്ചിക്കയോട് ചോദിച്ചു. 
“മമ്മൂസ് ഡേറ്റ് തന്നാൽ ഞാൻ റെഡിയാണ്” എന്ന് ഫാസിൽ സർ മറുപടിയും പറഞ്ഞു.
മമ്മൂക്ക അന്ന് ഫാസിൽ സാറിനെ കണ്ടു പറഞ്ഞത്, അപ്പച്ചൻ മലയാള സിനിമയിൽ നിൽക്കേണ്ട ഒരു പ്രൊഡ്യൂസർ ആണ്. ഒരു സിനിമ നഷ്ടമായി എന്നുവെച്ച് അദ്ദേഹം അങ്ങനെ നിർത്തി പോകാൻ പാടില്ല. നമുക്ക് അടുത്ത ഓണത്തിന് അപ്പച്ചനു വേണ്ടി ഒരു സിനിമ ചെയ്യണം’ എന്നാണ്.

മമ്മുക്കയുടെ നിർബന്ധം കൊണ്ടാണ്  മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന സിനിമ ഉണ്ടാകുന്നത്. 1987 സെപ്റ്റംബർ 12ന് തിരുവോണദിവസം ആണ് ആ സിനിമ റിലീസാകുന്നത്. ചിത്രം സൂപ്പർ ഹിറ്റായി മാറി. എനിക്ക് നല്ല ലാഭം കിട്ടി. ആ സിനിമയ്ക്ക് മമ്മൂട്ടി ഇനീഷ്യേറ്റ് എടുത്തു, താല്പ്പര്യമെടുത്ത് പാച്ചിക്കയുടെ അടുത്ത് പറഞ്ഞു എനിക്ക് ഇങ്ങോട്ട് വച്ചുനീട്ടിയ ഡേറ്റ് ഇല്ലായിരുന്നുവെങ്കിൽ ചിലപ്പോൾ പൂവിനു പുതിയ പൂന്തെന്നൽ എന്റെ ആദ്യത്തേതും അവസാനത്തേതും ആയ സിനിമയായി മാറി ഞാനിന്ന് ഇത് സംസാരിക്കാൻ ചിലപ്പോൾ നിങ്ങളുടെ മുൻപിൽ ഇരിക്കില്ലായിരുന്നു. 

മമ്മൂക്കയും ഞാനും തമ്മിൽ ഒരു ഹീറോയും പ്രൊഡ്യൂസറും തമ്മിലുള്ള ബന്ധമല്ല. അതിനപ്പുറത്തേക്ക് എന്റെ മനസ്സിൽ എപ്പോഴും ഒരു ജേഷ്ഠസഹോദരനെ  പോലൊരു ഇഷ്ടം അദ്ദേഹത്തോട് എനിക്കുണ്ട്. തിരിച്ചിങ്ങോട്ടും ഈ നിമിഷം വരെ മമ്മൂക്കയിൽ നിന്നും ആ സ്നേഹം ലഭിച്ചിട്ടുണ്ട്.
ആദ്യത്തെ സിനിമ ഒഴിച്ച് ബാക്കി എല്ലാ മമ്മൂട്ടി ചിത്രങ്ങളും എനിക്ക് ലാഭം നേടി തന്നവയാണ്.
മമ്മൂട്ടിയോടൊപ്പമുള്ള വേറെയും  വിശേഷങ്ങൾ അപ്പച്ചൻ പങ്കുവയ്ക്കുന്നുണ്ട്. അവയെല്ലാം വീഡിയോയിൽ കാണാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles