@ തയ്യാറാക്കിയത് – ശരത് ചന്ദ്രൻ
? മമ്മൂക്കയെ പോലെയൊരു വലിയ താരത്തിനൊപ്പം ‘പോക്കിരിരാജ’ യെന്ന ബ്ലോക്ക്ബസ്റ്റർ സിനിമയുടെ തുടർച്ച. അതും ആദ്യത്തെ സ്വതന്ത്ര നിർമ്മാണ സംരംഭം തന്നെ ഒരു ബിഗ് ബജറ്റ് പ്രൊജക്റ്റ്, എങ്ങനെയായിരുന്നു താങ്കൾ ഈ പ്രോജക്ടിലേയ്ക്ക് എത്തിപ്പെടാനുണ്ടായ സാഹചര്യം.
നല്ലൊരു സിനിമ ചെയ്യണമെന്നത് മാത്രമായിരുന്നു എന്റെ മനസ്സിൽ. ആറു വർഷം മുൻപ് തന്നെ ഉദയകൃഷ്ണയുമായും വൈശാഖുമായും ഇക്കാര്യം സംസാരിച്ചിരുന്നു. അതു തുടരുന്നതിനിടയിലാണ് ഇങ്ങനെ ഒരു പ്രൊജക്റ്റ് കടന്ന് വന്നത്. ആദ്യം ഈ സബ്ജെക്ട് വരുമ്പോൾ ഇങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് പീറ്റർ ഹെയ്ൻ, ജഗപതി ബാബു, അതുപോലെ സണ്ണി ലിയോൺ തുടങ്ങിയവർ ഒക്കെ ഈ സിനിമയുടെ ഭാഗമായത്. അപ്പോഴേയ്ക്കും ‘മധുരരാജ’ ഒരു വലിയ ബിഗ് ബജറ്റ് സിനിമയായി മാറുകയാണുണ്ടായത്. പിന്നീട് ബിഗ് ബഡ്ജറ്റിൽ ഈ സിനിമ ചെയ്യാൻ സ്വയമേ തന്നെ എനിക്ക് ധൈര്യം വന്നു. വൈശാഖ് നല്ലൊരു സംവിധായകനാണ്, ഉദയകൃഷ്ണ നല്ലൊരു എഴുത്തുകാരനും, അതിനാൽ സിനിമ ഹിറ്റാകും എന്ന ഒരു ധൈര്യത്തിൽ മുന്നോട്ടുപോയി എന്ന് മാത്രം.
? ചലച്ചിത്ര നിർമ്മാണ മേഖലയിൽ താങ്കളുടെ ആദ്യ സംരംഭമാണോ ‘മധുര രാജ’.
വർണ്ണചിത്രയുടെ ബാനറിൽ സഹ-നിർമ്മാതാവായി മഹാസുബൈറിനൊപ്പം ‘മിസ്റ്റർ മരുമകൻ’ എന്ന സിനിമ ഇതിനു മുൻപ് ഞാൻ ചെയ്തിട്ടുണ്ട്. എന്നാൽ ‘നെൽസൺ ഐപ്പ് സിനിമാസ്’ എന്ന ബാനറിൽ ഞാൻ സ്വതന്ത്രമായി ചെയ്യുന്ന ആദ്യത്തെ സിനിമയാണ് ‘മധുരരാജ’.
? ‘പോക്കിരിരാജ’ പ്രദർശനത്തിനെത്തി 9 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇപ്പോൾ പ്രേക്ഷകർ വീണ്ടും ആ സിനിമയുടെ തുടർച്ച കാണാൻ ഒരുങ്ങുകയാണ്. ഒരു നിർമ്മാതാവെന്ന നിലയിൽ പ്രേക്ഷകരോട് താങ്കൾക്ക് എന്താണ് പറയുവാനുള്ളത്
ഇത് ‘പോക്കിരിരാജ’യുടെ തുടർച്ചയല്ല! ‘രാജ’ എന്ന കഥാപാത്രത്തിന്റെ കഥയിലും പശ്ചാത്തലങ്ങളിലും മാറ്റങ്ങൾ വരുത്തി, മറ്റൊരു മാസ്സ് എന്റർടൈൻമെന്റായി ചെയ്തിരിക്കുകയാണ് ഉദയകൃഷ്ണ. മമ്മൂക്കയുടെ ‘രാജ’ എന്ന കഥാപാത്രത്തിന്റെ തുടർച്ച മാത്രമാണ് ‘മധുരരാജ’ എന്ന ഈ സിനിമ. നല്ല പാട്ടുകളും ഇമോഷണൽ രംഗങ്ങളും അതോടൊപ്പം പ്രേക്ഷകരെ ധാരാളം രസിപ്പിക്കുന്ന ഒരു ഫാമിലി എന്റെർടൈനറായാണ് ഈ സിനിമ ഒരുക്കിയിട്ടുള്ളത്. നിർമ്മാതാവ് എന്ന നിലയിൽ എല്ലാവരും സിനിമ കാണണം അഭിപ്രായങ്ങളും അറിയിക്കണം എന്നാണ് പ്രേക്ഷകരോട് എനിക്ക് പറയുവാനുള്ളത്. ഇത് പോലെ വലിയ സിനിമകൾ ചെയ്യാൻ നിർമ്മാതാക്കൾ വരുമ്പോഴാണ് മലയാള സിനിമയ്ക്ക് തന്നെ ഒരു ശക്തി ലഭിക്കുന്നത്
? താരങ്ങൾക്ക് വലിയ ആരാധകവൃന്ദം സൃഷ്ടിയ്ക്കാൻ മാസ്സ് സിനിമകൾ പ്രധാന കാരണമാകുന്നുണ്ട്, പക്ഷേ നല്ല രീതിയിൽ ബിസിനസ്സ് നടന്നെങ്കിൽ മാത്രമേ ഇത്തരം സിനിമകൾ ചെയ്യാൻ കൂടുതൽ പേർ മുന്നോട്ട് വരാൻ ധൈര്യം കാണിക്കുകയുള്ളൂ, അങ്ങനെയിരിക്കെ നിർമ്മാതാവ് എന്ന നിലയിൽ ഈ സിനിമയെ താങ്കൾ എങ്ങനെ നോക്കി കാണുന്നു.
400ഓളം പ്രഗത്ഭരായ വ്യക്തികൾ അണിയറയിലുള്ള വലിയൊരു പ്രൊജക്റ്റ് ആണിത്. അമ്പതോളം പെയ്ഡ് ആർട്ടിസ്റ്റുകൾ മാത്രം ഈ സിനിമയ്ക്ക് വേണ്ടി അണിനിരക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിർമ്മാതാക്കളെ സപ്പോർട്ട് ചെയ്യണം, എങ്കിൽ മാത്രമേ മലയാളം സിനിമാ ഇൻഡസ്ട്രി നിലനിൽക്കുകയുള്ളൂ. സിനിമയെന്നത് ലോകത്തിൽ തന്നെ മുൻനിരയിലുള്ള ഒരു വ്യവസായമാണ്. ഇത് പോലെ പുതിയ നിർമാതാക്കൾ വരുമ്പോൾ അവർക്ക് ലാഭം കിട്ടിയില്ലെങ്കിലും നഷ്ട്ടം സംഭവിക്കാതെ ഒരു സപ്പോർട്ട് നൽകുന്നത് വളരെ നല്ലതാണ്.
? ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച നടൻമാരിലൊരാളായ മമ്മൂക്കയുമായുള്ള എക്സ്പീരിയൻസ് എന്തായിരുന്നു.
എന്നെ സംബന്ധിച്ച് മമ്മൂക്കയെക്കുറിച്ച് സംസാരിക്കാൻ വാക്കുകൾ പോരാതെ വരും എന്ന് പറയാം. ഒരു സൂര്യതേജസ്സ് തന്നെയാണദ്ദേഹം. യാതൊരു പ്രശ്നങ്ങളോ അല്ലെങ്കിൽ അസ്വസ്ഥമായോ എന്നോട് പെരുമാറിയിട്ടില്ല. വളരെ നല്ല രീതിയിൽ തന്നെയാണ് അദ്ദേഹം എന്നോട് സഹകരിച്ചത്. സംവിധായകൻ അറിയിക്കുന്ന കൃത്യസമയത്ത് വരികയും പോകുകയും ചെയ്യുന്ന നല്ളൊരു സ്വഭാവത്തിനും ഉടമയാണ് മമ്മൂക്ക. ഈ സിനിമയുമായി വളരെ നല്ലൊരു സഹകരണമാണ് അദ്ദേഹത്തിൽ നിന്നുമുണ്ടായത്.
? ‘മധുരരാജ’ എന്നത് ഒരു വലിയൊരു പ്രൊജക്ടാണ്. ഈ സിനിമയുടെ ബിസിനസ് വശങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്.
ഇതൊരു ബിഗ് ബജറ്റ് സിനിമയാണ്, സിനിമയുടെ പരിപൂർണ്ണതയ്ക്ക് വേണ്ടി ബജറ്റിൽ യാതൊരുവിധ വിട്ടുവീഴ്ചകൾക്കും ഞാൻ തയ്യാറായിട്ടില്ല. വിചാരിച്ചതിനേക്കാൾ കൂടുതൽ ഭംഗിയായി ചിത്രീകരിക്കാൻ നമ്മളാൽ കഴിയും വിധം ശ്രമിച്ചിട്ടുണ്ട്, അതും എല്ലാവിധ പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ. അത് കൊണ്ട് അത്രയും വലിയ രീതിയിൽ തന്നെയൊരു പിന്തുണ പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
? ആദ്യ സിനിമയെക്കുറിച്ച് എന്താണ് താങ്കൾക്ക് പറയാനുള്ള മറ്റു വിശേഷങ്ങൾ.
ഉദയനുമായും വൈശാഖുമായും ഒരു സിനിമ ചെയ്യാൻ സാധിച്ചു എന്ന സംതൃപ്തി എനിക്കുണ്ട്. അതും മമ്മൂക്കയെ പോലെ ഒരു മെഗാസ്റ്റാർ നായകനാകുന്ന സിനിമ. പോക്കിരി രാജയെന്ന അദ്ദേഹത്തിന്റെ മാസ് കഥപാത്രം വീണ്ടും എത്തുന്ന ചിത്രം. പീറ്റർ ഹെയ്നിന്റെ സംഘട്ടനം, സണ്ണി ലിയോണിയുടെ ഐറ്റം ഡാൻസ്. പിന്നെ തമിഴിൽ നിന്നും ജയ്, ആർ. കെ സുരേഷ് എന്നിവർ സിനിമയുടെ ഭാഗമാകുന്നു. ഇങ്ങനെയുള്ള ഒരുപാട് ആർട്ടിസ്റ്റുകളുമൊത്ത് സിനിമ ചെയ്യാൻ കഴിഞ്ഞതിനെ സംതൃപ്തിയിൽ തന്നെയാണ് ഞാൻ. ബജറ്റ് വശം നോക്കുമ്പോൾ എൻ്റെ കണക്കിൽ നിന്നും ഒരുപാട് ഉയർന്നിട്ടുണ്ട്. എന്നാലും സിനിമ വലിയൊരു ഹിറ്റാകുമെന്നാണ് പ്രതീക്ഷ. ഏപ്രിൽ 12 വിഷു റിലീസ് ആയിട്ടാണ് ‘മധുരരാജ’ എത്തുന്നത്
