Connect with us

Hi, what are you looking for?

Reviews

മനസ്സിലൊരു വിങ്ങലായി ‘അമുദവനും’ ‘പാപ്പ’യും | പേരൻപ് റിവ്യൂ

ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയ ‘പേരൻപ്’ എന്ന ചിത്രം കാണാൻ കഴിഞ്ഞു. ഒരു സിനിമാസ്വാദകൻ എന്ന നിലയിൽ എന്നെ പോലെ തന്നെ ചലച്ചിത്രലോകം ഒന്നടങ്കം അക്ഷമയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘പേരൻപ്’. ‘കറ്റ്റത് തമിഴ്’, ‘തങ്കമീന്‍കള്‍’, ‘തരമണി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ പുരസ്കാര ജേതാവ് കൂടിയായ റാം ഒരു ചിത്രം ചെയ്യുമ്പോൾ അതും മമ്മൂട്ടിയെന്ന അതുല്യപ്രതിഭയെ കേന്ദ്ര കഥാപാത്രമാക്കുമ്പോൾ പ്രതീക്ഷകൾ വാനോളം ഉയർന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒടുവിൽ ചിത്രം കണ്ടു കഴിഞ്ഞപ്പോഴേയ്ക്കും പ്രതീക്ഷകൾ തെറ്റിയിരുന്നില്ല; എന്താണോ ഞാൻ പ്രതീക്ഷിച്ചത് അതിനും അപ്പുറത്തേയ്ക്കുള്ള ഒരു ലോകത്തിലേയ്ക്കാണ് ‘അമുദവനും’ ‘പാപ്പ’യും എന്നിലെ പ്രേക്ഷകനെ കൊണ്ടുപോയത്. തീയറ്റർ വിട്ട് പുറത്തിറങ്ങിയിട്ടും അമുദവനും ‘പാപ്പ’യും മനസ്സിനെ വേട്ടയാടുന്നു. മലയാള സിനിമയ്ക്ക് എങ്ങോ നഷ്ടപ്പെട്ടുപോയ ആ ചലച്ചിത്ര അനുഭവം തിരികെ കിട്ടിയ മനസ്സുഖവും ഒപ്പം ഉള്ളിൽ ഒരു വിങ്ങലും മാത്രം ബാക്കിയായി. ‘പേരൻപ്’ എന്ന ചലച്ചിത്ര വിസ്മയം നമ്മെ കൂട്ടികൊണ്ടുപോകുന്നത് അത്തരമൊരു ലോകത്തിലേയ്ക്കാണ്. കേവലം ഒരു നിരൂപണത്തിൽ മാത്രം ഒതുക്കുവാൻ കഴിയാത്ത മികച്ച ഒരു കലാസൃഷ്ടി.

അന്താരാഷ്ട്രതലത്തിലെ നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ‘പേരൻപി’ന് അമ്പരപ്പിക്കും വിധം പ്രേക്ഷക ശ്രദ്ധ നേടാനായതോടെയാണ് ‘പേരൻപ്’ മാധ്യമങ്ങളിൽ നിറഞ്ഞത്. ഫെബ്രുവരി ഒന്നിനാണ് ഔദ്യോഗികമായി റിലീസ് ചെയ്യുന്നതെങ്കിലും ഞായറാഴ്ച (27-01-19) മലയാള സിനിമാലോകത്തെ പ്രഗത്ഭരായ വ്യക്തികൾക്കായി ഇടപ്പള്ളി ലുലു മാളിലെ പിവിആർ സിനിമാസിൽ പ്രത്യേക പ്രദർശനം നടത്തിയിരുന്നു. അതിഗംഭീരമെന്നാണ് ചിത്രം കണ്ട ശേഷം പ്രശസ്‌ത വ്യക്തികൾ ഒരു പോലെ ‘പേരൻപി’നെ വിലയിരുത്തിയത്. ചിത്രത്തിൽ ‘അമുദവൻ’ എന്ന ടാക്സി ഡ്രൈവറായി മാസ്മരിക അഭിനയം കാഴ്ച്ചവെച്ച മമ്മൂട്ടിയും പ്രത്യേക പ്രദർശനം കാണാൻ എത്തിയിരുന്നു.

ഇനി ‘പേരൻപി’ലേയ്ക്ക് കടക്കാം, ‘സ്പാസ്റ്റിക് പരാലിസിസ്’ രോഗബാധിതയായ ‘പാപ്പ’യെന്ന പെൺകുട്ടിയുടെയും അവളുടെ അച്ഛനായ ‘അമുദവ’ന്റെയും കഥയാണ് ‘പേരൻപ്’. ഇരുവരും തമ്മിലുള്ള പവിത്രമായ സ്നേഹബന്ധത്തെ പ്രകൃതിയുമായി വിളക്കി ചേർത്ത് 12 അദ്ധ്യായങ്ങളിലൂടെയാണ് സംവിധായകൻ കഥ പറഞ്ഞിരിക്കുന്നത്. 10 വർഷത്തോളമായി ഗൾഫിൽ ജോലി ചെയ്യുന്ന അമുദവന്റെ ഭാര്യ തന്നെയും മകളെയും ഉപേക്ഷിച്ച് മറ്റൊരു പുരുഷനൊപ്പം ജീവിതം ആരംഭിക്കുന്നതും ശേഷം അമുദവന്റെ ജീവിതം താളം തെറ്റുകയും, കൗമാരക്കാരിയും രോഗബാധിതയുമായ തന്റെ മകളുടെ സംരക്ഷണം പൂർണ്ണമായും ‘അമുദവനി’ൽ എത്തിപ്പെടുകയും ചെയ്യുന്നു. തുടർന്ന് ഒരു രക്ഷാകർത്താവ് എന്ന നിലയിൽ അയാൾ നേരിടുന്ന മാനസികമായ വെല്ലുവിളികളിലൂടെ കഥ വികസിക്കുന്നു. സിനിമാ ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത കഥാതലങ്ങളിലൂടെയാണ് പിന്നീട് ചിത്രം സഞ്ചരിക്കുന്നത്. അതുതന്നെയാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നതും.

ഈ അടുത്ത നാളുകളിൽ ഞാൻ കണ്ട മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ‘അമുദവൻ’ എന്ന് അടിവരയിട്ട് പറയാൻ കഴിയുന്നുണ്ട്, അമുദവനായി ചിത്രത്തിലുടനീളം അസാധ്യമായ പ്രകടനം ആണ് നമ്മുടെ അഭിമാനമായ പ്രിയതാരം മമ്മൂട്ടി കാഴ്ചവച്ചിരിക്കുന്നത്. അദ്ദേഹത്തിന് ലഭിച്ച ആ കഥാപാത്രത്തെ ആഴത്തിൽ സ്നേഹിച്ച്, ‘മമ്മൂട്ടി’യിൽ നിന്നും പൂർണ്ണമായും ‘അമുദവനി’ലേയ്ക്കുള്ള ഒരു മായാജാലം എന്ന് തന്നെ വിശേഷിപ്പിക്കാം, അത്രമേൽ ഗംഭീരം. ഒരു പ്രേക്ഷകൻ എന്ന നിലയിൽ മലയാളികൾക്ക് അന്യമായികൊണ്ടിരുന്ന തനിയാവർത്തനം, വാത്സല്യം, അമരം തുടങ്ങിയ ചിത്രങ്ങളിലെ ആ നടനവിസ്മയത്തെ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തിയ്ക്കുവാൻ ഒടുവിൽ ഒരു തമിഴ് സംവിധായകൻ വേണ്ടി വന്നു എന്ന് പറയാതെ വയ്യ. മമ്മൂട്ടിയിലെ ‘നടനെ’ ആത്മാർത്ഥമായി ഉപയോഗിക്കുവാൻ കഴിയുന്ന സംവിധായകരുടെ അഭാവം മലയാള സിനിമയിൽ നിലവിൽ ഉണ്ടെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് റാം എന്ന സംവിധായകൻ. മമ്മൂട്ടിയെന്ന നടനെ സമർത്ഥമായി ഉപയോഗിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ‘പേരൻപി’ലെ ‘അമുദവ’നെ അവതരിപ്പിയ്ക്കുവാൻ ഇന്ത്യൻ സിനിമയിൽ തന്നെ മറ്റൊരു പകരക്കാരൻ ഇല്ല എന്ന് ഞാൻ ഉറപ്പിച്ചു പറയും, അത്രമേൽ ഗംഭീരം. ചിത്രത്തിൽ മകൾ ‘പാപ്പ’യായി വേഷമിട്ട സാധനയും തന്റെ കഥാപാത്രം അവിസ്മരണീയമാക്കി. ഇരുവരും തമ്മിലുള്ള രംഗങ്ങൾ സന്തോഷവും അതോടൊപ്പം തന്നെ മനസ്സും അലിയിയ്ക്കും. ചിത്രത്തിൽ വീട്ടുജോലിക്കാരി ‘വിജയലക്ഷ്മി’യായി അഞ്ജലിയും ട്രാന്‍സ്ജെന്‍ഡര്‍ ലൈംഗിക തൊഴിലാളിയായി വേഷമിട്ട അഞ്ജലി അമീറും അവരുടെ കഥാപാത്രങ്ങളും ഗംഭീരമാക്കി. യുവൻ ശങ്കർ രാജയുടെ മാന്ത്രിക സംഗീതം എടുത്തുപറയേണ്ട ഒന്ന് തന്നെയാണ് അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് എന്നു ‘പേരൻപി’നെ വിശേഷിപ്പിക്കാം. ചിത്രത്തിലെ മനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിൽ ഛായാഗ്രഹകൻ തേനി ഈശ്വറും അഭിനന്ദനമർഹിക്കുന്നു. യാതൊരുവിധ കുറവും വരുത്താതെ ഒരു മികച്ച സിനിമയ്ക്ക് വേണ്ടിയ എല്ലാ ചേരുവകളും കൃത്യമായി ചേർത്ത അതിഗംഭീര സിനിമയാണ് ‘പേരൻപ്‌’. തട്ടു പൊളിപ്പൻ മസാല ചിത്രങ്ങളുടെ വാഴ്‌ച്ച തുടരുന്ന ഇന്ത്യൻ സിനിമയിലേയ്ക്ക് വീശിയ ഒരു സുഖമുള്ള കാറ്റുപോലെയാണ് ‘പേരൻപ്’ എന്ന ചലച്ചിത്ര വിസ്മയം.

ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് ‘പേരൻപ്‌’ നിർമ്മിച്ചിരിക്കുന്നത്. നിരവധി ചലച്ചിത്ര മേളകളിലൂടെ പ്രേക്ഷക പ്രശംസകളുടെ കൊടുമുടിയിൽ എത്തിനിൽക്കുന്ന ‘പേരൻപ്’ ഫെബ്രുവരി 1ന് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് കേരളത്തിൽ പ്രദർശനത്തിന് എത്തിയ്ക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മുരളി ഗോപിയുടെ തിരക്കഥയിൽ നവാഗതനായ ഷിബു ബഷീർ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രത്തെക്കുറിച്ചുള്ള വാർത്ത സിനിമാ പ്രേമികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. വിജയ് ബാബു നിർമിക്കുന്ന ആദ്യ മമ്മൂട്ടിച്ചിത്രം കൂടിയാണ് ഇത്. മമ്മൂട്ടിയെ...

Features

പതിറ്റാണ്ടിലെ മലയാള സിനിമയുടെ കണക്കെടുപ്പുകളും ചർച്ചകളും മാധ്യമങ്ങളും ചലച്ചിത്ര നിരൂപകരും പ്രേക്ഷകരും തുടരുകയാണ്. എണ്ണം പറഞ്ഞ വാണിജ്യ വിജയങ്ങളും മികച്ച കഥാപാത്രങ്ങളുമായി മലയാളത്തിന്റെ മഹാനടൻ നിറഞ്ഞു നിന്ന പത്ത് ചലച്ചിത്ര വർഷങ്ങളാണ് കടന്നു...

Latest News

ഒരു നടനായും മനുഷ്യനായും എന്നും ഏവർക്കും മാതൃകയാണ് മമ്മൂട്ടി എന്ന് പ്രശസ്ത ഗായകൻ രാകേഷ് ബ്രഹ്മാനന്ദൻ. തന്റെ ജീവിതത്തിലെ മൂന്ന് പ്രധാനപ്പെട്ട മുഹൂർത്തങ്ങൾ മമ്മൂട്ടിയുടെ സാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെ...

Latest News

കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി ലോകത്തിന് മുൻപിൽ അഭിനയപ്രതിഭയുടെ കരുത്തുകൊണ്ട് കേരളത്തിന്റെ അഭിമാനമായി നിറഞ്ഞു നിൽക്കുന്ന മഹാ നടനാണ് മമ്മൂട്ടി എന്ന് പ്രമുഖ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ...

© Copyright 2021 Mammootty Times | Designed & Managed by KP.A