പുതുമുഖങ്ങളെ എക്കാലവും ഏറ്റവും അധികം സപ്പോർട്ട് ചെയ്യുന്ന നടനാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ. മമ്മൂട്ടി എന്ന മഹാ നടൻ നൽകിയ പിന്തുണയെക്കുറിച്ചും പ്രോത്സാഹനത്തെക്കുറിച്ചും പല അഭിനേതാക്കളൂം സംവിധായകരും മറ്റും പലവട്ടം പറഞ്ഞിട്ടുണ്ട്. പരോൾ എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ പങ്കു വെക്കുകയാണ് ആർ.ജെ, വി.ജെ, സോഷ്യൽ വർക്കർ, ഷോർട് ഫിലിം സംവിധായകൻ തുടങ്ങിയ നിലകളിൽ പ്രശസ്തനായ കിടിലം ഫിറോസ്
ഫിറോസിന്റെ വാക്കുകൾ:
ജീവിതത്തിലെ ആദ്യ സിനിമ ഒരു വലിയ അനുഭവമാണ് .അതും ഡയലോഗ് പറയേണ്ടത് ആ ഇരിക്കുന്ന മഹാ സംഭവത്തോട് !!ദേഷ്യക്കാരൻ എന്ന് കേട്ടു പരിചയിച്ച എന്നാൽ ഒരു മഹാമനസ്കനാണെന്നു നേരിട്ടു ബോധ്യമായ എന്റെ മമ്മൂക്കയ്‌ക്കൊപ്പം !!
പരോൾ എന്ന സിനിമയിലെ തപാൽ എന്ന കഥാപാത്രമായാണ് ബാംഗ്ലൂർ വിമാനമിറങ്ങിയത് .ആദ്യ സിനിമയാണ് .എന്താ ഏതാ എന്നൊന്നും ഒരു പിടിയുമില്ല !ജ്യേഷ്ഠനായ @A A Rahim പറഞ്ഞതനുസരിച്ചു ജ്യേഷ്ഠതുല്യനായ ജൂഡ് സുധീർ നിർമിക്കുന്ന മമ്മുക്ക ചിത്രത്തിൽ അഭിനയിക്കാൻ ചെല്ലണം .അത്രേ അറിയൂ .
വെളുപ്പിന് ലൊക്കേഷനിലെത്തി .ബാംഗ്ളൂരിലെ ഒരു ബ്രിട്ടീഷ് കാലഘട്ടത്തിലെ ജയിലിലാണ് ഷൂട്ട് .നേരം പുലർന്നപ്പോൾ രണ്ടു സൂര്യന്മാർ ഒരുമിച്ചെത്തി .രണ്ടാമത്തേത് ഒരു റെഡ്‌വൈൻ പോർഷെ കാറിൽ മുണ്ടുടുത്താണ് വന്നത് !! സാക്ഷാൽ മമ്മുക്ക !!!
ഞാൻ സംവിധായകനോടും സ്ക്രിപ്റ്റ് റൈറ്റർ ഏറ്റവും പ്രിയപ്പെട്ട അജിത്തേട്ടനോടും ഉള്ളത് ഉള്ളതുപോലെ പറഞ്ഞു :എനിക്ക് കട്ട ടെന്ഷനുണ്ട് .ഡയലോഗ് ഒന്നും ഇല്ലല്ലോ അല്ലേ !-മറുപടി :ഡയലോഗ് അല്ല ഡയലോഗുകൾ ഉണ്ട് .കോമ്പിനേഷൻ സീൻ മമ്മുക്കക്കൊപ്പം മൂന്നെണ്ണമുണ്ട് !! എന്റെ തൊണ്ടവരണ്ടുപോയി !!!
വാവകൊട്ടാരക്കട്ട ഇക്കയാണ് ധൈര്യം തന്നത് .പേടിക്കണ്ട നീ നന്നായി പഠിക്ക് .റിഹേഴ്സൽ ചെയ്തു പെർഫെക്റ്റ് ആകുമ്പോൾ മമ്മുക്ക വരും .നമ്മളങ്ങു ചെയ്യും .പിന്നെ ഷോട്ടിൽ തെറ്റിക്കരുത് .ദേഷ്യംവന്നാൽ ഇക്ക അങ്ങുപോകും .നീ പെടും !!!!
ഞാൻ കുടുങ്ങി !
കേൾക്കാനൊക്കെ രസമുണ്ട് .പക്ഷേ ആ മുഖത്തുനോക്കി ഡയലോഗടിക്കണ്ടേ ?
മുട്ടിലൊരു വിറയൽ .പിന്നെ ലേശം മൂത്ര ശങ്ക .
എന്ത് ചെയ്യും .പതിയെ മുങ്ങിയാലോ മ്മക്ക് ആ റേഡിയോ ഒക്കെയേ ശരിയാവുള്ളൂ !!
ന്നിട്ടും ഉള്ളിലിരുന്ന് ആരോ പറഞ്ഞു :മമ്മുക്കയെ കണ്ടു സംസാരിച്ചു കാലു തൊട്ട് അങ്ങ് തുടങ്ങു .ഒക്കെ ശരിയാകും !
പേടിച്ച സമയമായി 369 നമ്പറുള്ള കരവാനിൽ നിന്നും മമ്മുക്ക നെഞ്ചുംവിരിച്ചു തേജസ്സോടെ നടന്നു വരികയാണ് !എന്റെ ജീവിതത്തിലെ ആദ്യസീനാണ് .പാളിയാൽ പിന്നെ തീർന്നു .ക്യാമറക്കു നേരെ അദ്ദേഹം അടുക്കും തോറും ഞാൻ നിന്നു വിയർത്തു !!
ഉള്ളിൽ നിന്നാരോ തള്ളി വിട്ടപോലെ രണ്ടും കൽപിച്ചു ഞാൻ മമ്മുക്കാടെ മുന്നിൽ ചെന്നു .
എത്രയോ ജീവിതങ്ങൾ കെട്ടിയാടിയ കാല്പാദങ്ങളിൽ തൊട്ടു .തലയിൽ തൊട്ടിട്ട് എന്നോട് ആ മുഴങ്ങുന്ന ശബ്ദത്തിൽ എന്നോട് ചോദിച്ചു -ഏതാ വേഷം ?
ഞാൻ :തപാൽ എന്ന കഥാപാത്രമാണിക്ക .ആദ്യ സിനിമയാണ് .ആദ്യ സീനാണ് .എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല .ഇക്ക ക്ഷമിക്കണം .
ഞാനിത് കുളമാക്കുന്നതിനേക്കാൾ നല്ലതാണു ഞാനൊഴിവാകുന്നത് എന്ന് കൂടി പറയണമെന്നുണ്ടാരുന്നു .അതിനു മുന്നേ ആ ശബ്ദം തെലുച്ചത്തിൽ മുഴങ്ങി !!
അങ്ങോട്ട് മാറിനിൽക്ക് !!!
ഹോ !കഴിഞ്ഞു .എന്റെ കരിയർ തീർന്നു .പടത്തീന്ന് പുറത്താക്കി !!
സങ്കടോം കണ്ണ് നനവും പിന്നെന്തൊക്കെയോ വികാരങ്ങളൊക്കെക്കൂടി ഒരു ജാഥപോലെ ഉള്ളിൽ നിറഞ്ഞു .തലതാഴ്‌ത്തി പരാജിതനായി ഞാൻ തിരിഞ്ഞു നടക്കവേ വീണ്ടും ആ ശബ്ദം :
അവിടെയല്ല .ഇവിടെ ക്യാമറക്കു സൈഡിൽ നിൽക്ക് !എന്നിട്ട് ഞാൻ ചെയ്യുന്നത് കണ്ടു പഠിക്ക് .എന്നിട്ടതുപോലെ അങ്ങ് ചെയ്തേക്കണം .അജിത്തേ … ഇവന്റെ ഡയലോഗ് ഒന്ന് prompt ചെയ്തേ !!!!!!
ഞാൻ നിന്നു കരയുകയായിരുന്നു !സന്തോഷമാണോ അഭിമാനമാണോ കാരണം എന്നറിയില്ല !യൂണിറ്റിലെ എല്ലാവരും എന്താണ് നടക്കുന്നതെന്ന് ധാരണയില്ലാതെ നോക്കി നിൽക്കുകയാണ് !
ആ മഹാമനുഷ്യൻ ,എത്രയോ സിനിമകളിലൂടെ നമ്മെ അത്ഭുതപ്പെടുത്തിയ ആ മഹാ നടൻ ,എന്നെപോലെ ഒരു തുടക്കക്കാരനെ മുന്നിൽ നിർത്തിയിട്ട് എന്റെ വേഷം അഭിനയിച്ചു കാണിച്ചു തരികയാണ് !!
വളരെ ലളിതമായി ,അങ്ങേയറ്റം ആത്മാർഥമായി !!!
എന്നിട്ട് അടുത്തേക്ക് വന്നിട്ട് ഒറ്റ പറച്ചിൽ ,
ഒന്നും നോക്കണ്ട ,നന്നായി ഇതുപോലങ്ങു ചെയ്തേക്കണം !!
പിന്നെ ഒരാവേശമായിരുന്നു !ഞാൻ പുതിയൊരു ആത്മധൈര്യത്തിൽ ഉണർന്നു .അദ്ദേഹം ചെയ്തപോലെ ചെയ്യാൻ ശ്രമിച്ചു .ഡയലോഗൊക്കെ ചറപറാ വന്നു !
ഒറ്റ ഷോട്ട് .സംഗതി ഓക്കേ !!
ഒക്കെക്കഴിഞ്ഞു തിരികെ നടക്കുമ്പോ ആന്റോ സർ സ്നേഹത്തോടെ പറഞ്ഞു ,ആദ്യായിട്ടാ മമ്മുക്ക ഒരാൾക്ക് അഭിനയിച്ചു കാണിച്ചു കൊടുക്കുന്നതെന്ന് !!
അഭിമാനം ,സന്തോഷം !!
അന്നുമുതലിന്നോളം എന്റെ കുഞ്ഞികുഞ്ഞി നേട്ടങ്ങളൊക്കെ അറിയിക്കും .ഒക്കേറ്റിനും ഒരു ഓൾ ദി ബെസ്റ്റോ സ്മൈലിയോ തിരിച്ചും കിട്ടും !!
എനിക്ക് മമ്മുക്ക ദേഷ്യക്കാരനല്ല !
തീരെ ചെറിയവരിലേക്ക് പോലും സ്നേഹത്തോടെ വാത്സല്യത്തോടെ പ്രോത്സാഹിപ്പിച്ചുകൊണ്ടു നോക്കുന്ന ഒരു വലിയ ,ഇമ്മിണിയേറെ വലിയ ഒരു സംഭവമാണ് !!
മമ്മുക്കാ ,ഇങ്ങള് മുത്താണ്