ഒരിക്കലും മനസ്സിൽ നിന്ന് മായാതെ നിൽക്കുന്ന ചില തിയേറ്റർ അനുഭവങ്ങളുണ്ട്. ഉത്സവപ്പറമ്പുകളെപ്പോലെ തിയ്യേറ്റർ പരിസരങ്ങൾ. കുടുംബ സമേതം ഒഴുകി എത്തുന്ന പ്രേക്ഷകർ. ഒരു ഷോയ്ക്ക് ടിക്കറ്റ് കിട്ടിയില്ല എങ്കിൽ അടുത്ത ഷോകൾക്ക് വെയിറ്റ് ചെയ്യാൻ മടിയില്ലാത്ത സിനിമാ പ്രേമികൾ. ഇത്തരം സിനിമാക്കാഴ്ചകളുടെ ഓർമ്മകൾ ഒരുപാടുണ്ട്. മമ്മൂക്ക ചിത്രങ്ങളിൽ ഇങ്ങനെ കണ്ടാസ്വദിച്ച ഒന്നാണ് അതിരാത്രം. വാണിജ്യ സിനിമകളുടെ അമരക്കാരൻ എന്ന് വിശേഷിപ്പിക്കാവുന്ന ഐ.വി ശശി ഒരുക്കിയ അതിരാത്രം ജോൺ പോൾ എന്ന പ്രതിഭാധനനായ എഴുത്തുകാരന്റെ തൂലികയിൽ പിറന്ന സിനിമയാണ്. അര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള എഴുപുന്ന രേഖ എന്ന തിയേറ്ററിലാണ് അതിരാത്രം കണ്ടത്. അന്ന് എ ക്ലാസ്സ് ബി ക്ലാസ് തീയേറ്ററുകളിൽ പ്രദർശനം പൂർത്തിയാക്കിയ ശേഷമേ എഴുപുന്ന രേഖ പോലെ സി ക്‌ളാസ് തീയേറ്ററുകളിൽ സിനിമകൾ എത്തുകയുള്ളൂ. റിലീസിന് രണ്ടു മാസം കഴിഞ്ഞിട്ടും പൂരപ്പറമ്പുപോലെയായിരുന്നു തീയേറ്റർ പരിസരം.
മമ്മൂക്കയുടെ സ്റ്റൈലിഷ് ഡോൺ താരാദാസ് വെള്ളിത്തിരയിൽ ഉണ്ടാക്കിയ ആരവം ചെറുതായിരുന്നില്ല. അദ്ദേഹത്തിന്റെ ഡയലോഗുകൾക്ക് നിലയ്ക്കാത്ത കയ്യടി ആയിരുന്നു. ലാലേട്ടൻ അവതരിപ്പിക്കുന്ന പ്രസാദ് എന്ന പോലീസ് ഉദ്യോഗസ്ഥനും താരാദാസുമായുള്ള സംഭാഷണങ്ങൾ സിനിമയിലെ ഹൈലൈറ്റാണ്. എന്ത് ചെയ്യുന്നു എന്ന പ്രസാദിന്റെ ചോദ്യത്തിന് മമ്മൂക്കയുടെ സ്റ്റൈലിഷ് ഡോൺ താരാദാസ് വെള്ളിത്തിരയിൽ ഉണ്ടാക്കിയ ആരവം ചെറുതായിരുന്നില്ല. എന്ത് ചെയ്യുന്നു എന്ന പ്രസാദിന്റെ ചോദ്യത്തിന് “സ്മഗ്ലിങ് …എസ് ..എം ..യു ..ജി..എൽ…ഐ ..എൻ…ജി…. സ്മഗ്ലിങ് കള്ളക്കടത്ത് ” എന്ന താരാദാസിന്റെ മറുപടിയ്ക്ക് കാതടപ്പിക്കുന്ന കരഘോഷത്തിന്റെ അകമ്പടിയുണ്ടായിരുന്നു. പ്രായ ഭേദമന്യേ കാഴ്ചക്കാരെ തില്ലടിപ്പിച്ച അതിരാത്രം എഴുപുന്ന രേഖ പോലെയുള്ള സി ക്ലാസ്സ് തീയേറ്ററുകളിൽ പോലും വലിയ വിജയമായി മാറി. വാഹനങ്ങളിൽ സിനിമയിലെ ഡയലോഗുകളുടെ അകമ്പടിയോടെ നടത്തുന്ന അനൗൺസ്‌മെന്റ് അക്കാലത്തെ ഒരു രീതിയായിരുന്നു. കാലമേറെ കഴിഞ്ഞിട്ടും താരാദാസും അതിരാത്രവും ഏറെ പ്രിയപെട്ടവയായി നിലനിൽക്കുന്നു. വൻ വിജയങ്ങളായ പോക്കിരിരാജയിലും മധുരരാജയിലുമടക്കം മമ്മൂക്കയുടെ തകർപ്പൻ വാണിജ്യ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു എന്നത് മഹാഭാഗ്യമായി കരുതുന്നു