അണ്ണൻ തമ്പി, ചട്ടമ്പിനാട്, രാജാധിരാജ. മമ്മൂട്ടിയുടെ ജോഡിയായി റായ് ലക്ഷ്മി പ്രത്യക്ഷപ്പെട്ട ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളാണ്. മലയാളത്തിന്റെ ഭാഗ്യജോഡികൾ. ഒരിടവേളയ്ക്കു ശേഷം ഈ ജോഡികൾ വീണ്ടും ഒന്നിക്കുകയാണ്. ഒരു കുട്ടനാടൻ ബ്ളോഗിലൂടെ. തന്റെ ഭാഗ്യജോഡിയായ മമ്മൂട്ടിക്കൊപ്പം ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സന്തോഷത്തിലാണ് റായ് ലക്ഷ്മി. കുട്ടനാടൻ ബ്ളോഗിന്റെ ലൊക്കേഷനിൽ വച്ച് റായ് ലക്ഷ്മി, മമ്മൂട്ടി ടൈംസിനോട് സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങൾ.
“ഞാൻ വളരെ സന്തോഷത്തിലാണ്. എന്റെ ‘എവർഗ്രീൻ കോ-സ്റ്റാർ’ മമ്മൂക്കയോടൊപ്പം വീണ്ടും ഒരു വേഷം ചെയ്യാൻ കഴിഞ്ഞതിൽ..മലയാളത്തിലേക്കുള്ള ഒരു തിരിച്ചുവരവിൽ..” ഒരു കുട്ടനാടൻ ബ്ളോഗിലെ നായികാവേഷം ചെയ്യുന്ന റായി ലക്ഷ്മിയുടെ വാക്കുകൾ.വളരെ മനോഹരമായ ഒരു വേഷമാണ് എനിക്കീ ചിത്രത്തിൽ. ഒരു സിറ്റി ഗേൾ. വർഷങ്ങൾക്കു ശേഷം സ്വന്തം നാടായ കൃഷ്ണപുരത്തെക്ക് തിരിച്ചുവരുന്ന ശ്രീജയ എന്ന കഥാപാത്രം.ഹരിയേട്ടനും ശ്രീജയും തമ്മിൽ ഒരു ഭൂതകാലബന്ധമുണ്ട്. ഈ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ ഇപ്പോൾ നിർവ്വാഹമില്ല. ഞാൻ ഇതിനു മുൻപ് മമ്മൂക്കയോടൊപ്പം ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കാരക്ടർ.
എന്റെ ആദ്യ ചിത്രമായ അണ്ണൻ തമ്പിയിലെ നായകൻ മമ്മൂക്കയായിരുന്നു. എനിയ്ക്ക് തോന്നുന്നു, മലയാളത്തിലെ ഏറ്റവും ലക്കിയസ്റ്റ് ഹീറോയിനായിക്കും ഞാനെന്ന്. കാരണം, മമ്മൂക്കയോടൊപ്പം ആറു ചിത്രങ്ങളിൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞു. അതിൽ ഭൂരിഭാഗവും സൂപ്പർ ഹിറ്റുകളായി. ഒരു ‘ഓൺ സ്ക്രീൻ കെമിസ്ട്രി’ ഞങ്ങൾ തമ്മിലുണ്ട്. പ്രേക്ഷകർ ഞങ്ങളുടെ ജോഡിയെ ഏറെ ഇഷ്ടപ്പെടുന്നു. ഞാൻ ഇതുവരെ അഭിനയിച്ച നായകന്മാരിൽ എനിക്ക് ഏറ്റവും കംഫർട്ടായി തോന്നിയ നായകൻ മമ്മൂക്കയാണ്. അണ്ണൻ തമ്പിയിൽ ഞാൻ അഭിനയിക്കുമ്പോൾ എനിക്ക് 19 വയസ്സാണു പ്രായം. ഒരു സ്കൂൾ കുട്ടിയെപ്പോലെയായിരുന്നു ആ സെറ്റിൽ ഞാൻ. പക്ഷേ മമ്മൂക്ക ഒരുപാട് പ്രോൽസാഹനങ്ങൾ തന്നു. അഭിനയത്തെക്കുറിച്ച്, ക്യാമറ പൊസിഷനെക്കുറിച്ച് ഒക്കെ വിശദമായി പറഞ്ഞു തന്നു.

അണ്ണൻ തമ്പി ഒരുപാട് സ്വീറ്റ് മെമറീസ് എനിക്ക് സമ്മാനിച്ച സിനിമയാണ്. അതുകഴിഞ്ഞും ഞാൻ മമ്മൂക്കയോടൊപ്പം സിനിമ ചെയ്തു. ഒരു കുടുംബം പോലെയാണ് മമ്മൂക്കയോടൊപ്പം വർക്ക് ചെയ്യുമ്പോൾ എനിക്ക് ഫീൽ ചെയ്യുന്നത്. സെറ്റിൽ മമ്മൂക്ക വളരെ റിസർവ്ഡും ഡിസിപ്ളിനുമായിരിക്കും. ഇപ്പോൾ അണ്ണൻ തമ്പി കഴിഞ്ഞ് പത്തുവർഷങ്ങൾക്കു ശേഷമാണ് ഈ സിനിമ ഞാൻ മമ്മൂക്കയോടൊപ്പം ചെയ്യുന്നത്.
ഇടയ്ക്ക് ബോളിവുഡിലേക്ക് പോയതാണ് ഒരു ഗ്യാപ് വരാൻ കാരണം. രണ്ടുവർഷമാണ് ജൂലി 2 എന്ന ആ ചിത്രത്തിനായി ഞാൻ ചെലവഴിച്ചത്. ഇപ്പോൾ ആ സിനിമ റിലീസായി. ഇനി എന്റെ ശ്രദ്ധ മുഴുവൻ സൗത്ത് ഇന്ത്യൻ സിനിമകളിൽ ആയിരിക്കും. നാലു ചിത്രങ്ങളിൽ കരാർ ഒപ്പുവച്ചിട്ടുണ്ട്. ഒരു കുട്ടനാടൻ ബ്ളോഗിനുശേഷം ഒരു തമിഴ് ചിത്രത്തിലും ഒരു തെലുങ്ക് ചിത്രവുമാണ് ഉടനെ ചെയ്യുന്നത്.
മലയാളസിനിമ എനിക്കെന്നും പ്രിയപ്പെട്ടതാണ്. ഒരു കുട്ടനാടൻ ബ്ളോഗ് കുടുംബസമേതം ആസ്വദിക്കാൻ പറ്റിയ ഒരു നല്ല സിനിമയായിരിക്കും. ഞാൻ വളരെ ആസ്വദിച്ച് ചെയ്ത ഒരു സിനിമയാണ്. തിയേറ്ററുകളിൽ വന്നുതന്നെ നിങ്ങൾ ഈ സിനിമ കാണണം.
