യുവ നായികമാരിൽ ശ്രദ്ധേയയായ അനു സിത്താര, മമ്മൂക്ക ചിത്രത്തിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലാണ്. ഈ മാസം 14ന് തീയേറ്ററുകളിലെത്തുന്ന ‘ഒരു കുട്ടനാടൻ ബ്ളോഗ്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ അനു സിത്താര മമ്മൂട്ടി ടൈ൦സുമായി പങ്കു വെയ്ക്കുന്നു
ഒരു കുട്ടനാടൻ ബ്ളോഗിലേക്ക് എങ്ങനെയാണ് എത്തുന്നത്?
കഴിഞ്ഞ പിറന്നാളിന് മമ്മൂക്ക എനിക്ക് അയച്ച മെസ്സേജിലാണ് കുട്ടനാടൻ ബ്ലോഗിലെ കഥാപാത്രത്തെക്കുറിച്ചുള്ള കാര്യം പറഞ്ഞത്. കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ മമ്മൂക്ക സൂചിപ്പിച്ചിരുന്നു. എനിക്ക് മമ്മൂക്ക നൽകിയ പിറന്നാൾ സമ്മാനമാണ് ഈ ചിത്രത്തിലെ കഥാപാത്രം എന്ന് പറയാം.
കഥാപാത്രത്തെക്കുറിച്ച് പറയാമോ?
കുട്ടനാട്ടിലെ ഒരു ഗ്രാമീണ പെൺകുട്ടിയുടെ കഥാപാത്രമാണ് എന്റേത്. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാൻ അനുവാദമില്ല.
മമ്മൂക്കയുടെ ഫാൻ ആണോ? അദ്ദേഹത്തോടൊപ്പം അഭിനയിച്ച അനുഭവങ്ങൾ പങ്കു വെയ്ക്കാമോ?
ഞാൻ മമ്മൂക്കയുടെ വലിയ ഒരു ഫാൻ ആണ്, അതെല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് തോന്നുന്നു.മമ്മൂക്കയെ ദൂരെ നിന്നെങ്കിലും കാണാൻ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം ക്യാപ്റ്റൻ എന്ന സിനിമയിൽ ഒരു രംഗത്ത് അഭിനയിക്കാൻ സാധിച്ചു. ഇപ്പോൾ കുട്ടനാടൻ ബ്ലോഗിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എന്റെ മഹാഭാഗ്യമായാണ് ഞാൻ ഈ അവസരങ്ങളെ കാണുന്നത്. അദ്ദേഹത്തോടൊപ്പമുള്ള അഭിനയം മികച്ച അനുഭവമായിരുന്നു. കൂടെ അഭിനയിക്കുന്നവരെ നന്നായി കംഫർട്ടബിൾ ആക്കാൻ ശ്രമിക്കുന്ന നടനാണ് മമ്മൂക്ക. നമുക്ക് എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ അതൊക്കെ മാറ്റാൻ അദ്ദേഹം ശ്രമിക്കും. ഏതൊരു അഭിനേതാവിനും പാഠപുസ്‌തമാകമാണ് മമ്മൂക്ക എന്ന മഹാ നടൻ.
സേതു എന്ന സംവിധായകനെക്കുറിച്ച്?
സേതുച്ചേട്ടൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. തന്റെ സിനിമയെക്കുറിച്ച് കൃത്യമായ ധാരണകൾ ഉള്ള സംവിധായകനാണ് അദ്ദേഹം. കഥാപാത്രങ്ങളെക്കുറിച്ച് പൂർണമായ വ്യക്തത തരുകയും അഭിനേതാക്കളെ കംഫർട്ടബിൾ ആക്കുകയും ചെയ്യുന്ന സംവിധായകനാണ് അദ്ദേഹം.
കുട്ടനാടൻ ബ്ലോഗ് തീയേറ്ററുകളിൽ എത്തുന്നു. പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?
ഒരു ഫാമിലി എന്റർടൈനറാണ് കുട്ടനാടൻ ബ്ലോഗ്. കുടുംബത്തോടൊപ്പം കാണാവുന്ന രസകരമായ ഒരു ചിത്രം. ഒരുപാട് ആർട്ടിസ്റ്റുകൾ ഈ സിനിമയിലുണ്ട്. നല്ല പാട്ടുകളും മറ്റൊരു പ്രത്യേകതയാണ്.
പുതിയ ചിത്രങ്ങൾ?
കുട്ടനാടൻ ബ്ലോഗ് കൂടാതെ ഇനി റിലീസ് ചെയ്യാനുള്ളത് പടയോട്ടം എന്ന സിനിമയാണ്. ജോണി ജോണി എസ് അപ്പാ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനോടൊപ്പം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നു.മധുപാൽ സാർ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രം, എ.കെ സാജൻ സാർ സംവിധാനം ചെയ്യുന്ന ചിത്രം, ഫ്രൈഡേ ഫിലിംസ് നിർമിക്കുന്ന ഒരു ചിത്രം, സലിം അഹമ്മദ് സാർ സംവിധാനം ചെയ്യുന്ന ‘ആൻഡ് ദി ഓസ്‌ക്കാർ ഗോസ് ടു ‘ ഇവയൊക്കെയാണ് ഇനി അഭിനയിക്കുന്നത്.
