ഡെറിക് അബ്രഹാം ഐ.പി.എസ്.
മമ്മൂട്ടിയിലെ നടനെയും താരത്തെയും ഒരുപോലെ ചൂഷണം ചെയ്ത ഒരു കഥാപാത്രം. പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന ആ മെഗാസ്റ്റാർ മാജിക് മമ്മൂട്ടിയെന്ന താരത്തെ അടയാളപ്പെടുത്തുമ്പോൾ അനുജനെ രക്ഷിക്കാൻ വേണ്ടി പലർക്കുമുൻപിലും യാചിക്കുന്ന ആ പോലീസ് ഓഫീസർ കഥാപാത്രത്തിന്റെ പ്രകടനം നമ്മുടെ നെഞ്ചകത്ത് കൊള്ളുന്നുവെങ്കിൽ അവിടെ മമ്മൂട്ടിയിലെ മികച്ച നടനെയാണ് കാണുന്നത്. ഇങ്ങിനെ മമ്മൂട്ടിയിലെ നടനെയും താരത്തെയും ഒരുപോലെ ചൂഷണം ചെയ്യുന്ന കഥാപാത്രങ്ങൾ എപ്പോഴെല്ലാം സംവിധായകനും തിരക്കഥാകൃത്തും ഈ നടനെ ഏല്പിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ബോക്സ്ഓഫീസിൽ ചലനം സ്ഷ്ടിക്കുന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റുകളും ഈ നടനിൽ നിന്നുണ്ടായിട്ടുണ്ട്. അബ്രഹാമിലും ആ പതിവ് തെറ്റുന്നില്ല. ഒരു പക്കാ സസ്പെൻസ് ആക്ഷൻ ത്രില്ലറിൽ സെന്റി സീനുകൾ വരുമ്പോൾ സാധാരണ പ്രേക്ഷകരുടെ കൂവൽ കേൾക്കുന്നതിന് പലപ്പോഴും തിയേറ്ററുകൾ സാക്ഷിയായിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ ഇമോഷണൽ സീനുകൾക്കും ലഭിക്കുന്ന കൈയടി മമ്മൂട്ടിയെന്ന നടനും താരവും ഒരുപോലെ നമ്മെ കീഴ്പ്പെടുത്തുന്ന എന്നതാണ്.
കേസിൽ നിന്ന് അനുജനെ രക്ഷിച്ചെടുക്കാൻ മനമില്ലാ മനസ്സോടെ കീഴുദ്യോഗസ്ഥനായ കലാഭവൻ ഷാജോണിന്റെ കഥാപാത്രത്തോട് കേഴുന്ന അബ്രഹാമിന്റെ ആ രംഗം ഇപ്പോഴും മനസ്സിൽ നിന്ന് മായുന്നില്ല. അത്രയ്ക്കും നമ്മുടെ നെഞ്ചകത്ത് തറയ്ക്കുന്നു ആ ഭാവങ്ങളും സംഭാഷണങ്ങളിലെ ഇടർച്ചയും എല്ലാം.
അതെസമയം ഡെറികിന്റെ ഇൻട്രോ സീനിൽ തിയേറ്ററുകൾ ഇളകിമറിയുകയാണ്. ഒരു ജെയിംസ് ബോണ്ട് സ്റ്റൈലിൽ, പഴയ കോണ്ടസാ കാറിൽ വന്ന് അബ്രഹാം നടത്തുന്ന എൻകൗണ്ടർ സീനുകളിൽ സ്‌ക്രീനിനടുത്തത്തെശ്‌ക്ക് ഓടിയും കസേരകളിൽ നിന്ന് എഴുന്നേറ്റ നിന്ന് കൈയടിച്ചതും ആരവം മുഴക്കിയും ആശ്വസിക്കുന്ന കാഴ്ച സാക്ഷാൽ മെഗാസ്റ്റാർ തെന്ന താനെന്ന് മമ്മൂട്ടി അടിവരയിടുന്നു. ഗോപി സുന്ദറിന്റെ സൂപ്പർ ബി.ജി.എമ്മും മഹേഷ് നാരായണന്റെ എഡിററിംഗും അതിനു മാറ്റുകൂട്ടുകയും ചെയ്യുന്നു.