മമ്മൂട്ടി അഭിനയിച്ചു ആദ്യമായി റിലീസ് ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ തിയേറ്ററുകളിൽ എത്തിയിട്ട് 48 വർഷങ്ങൾ.
ചെമ്പ്. വൈക്കം കായലിന്റെ ഓളത്തുടിപ്പും സംഗീതവും അലയടിക്കുന്ന ഒരു കൊച്ചു ഗ്രാമം. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ നിന്നും ഏഴു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ചെമ്പിലെ പാണാപറമ്പിൽ ഇസ്മായിലിനന്റെയും ഫാത്തിമയുടെയും മകനായി സപ്തംബർ 7ന് മുഹമ്മദ് കുട്ടി ജനിച്ചു. കുസൃതിക്കാരൻ ആയിരുന്നു കുഞ്ഞുനാളിൽ മുഹമ്മദ് കുട്ടി.
പി ഐ മുഹമ്മദ് കുട്ടിയെ പിതാവ് കുലശേഖരമംഗലം സ്കൂളിൽ ചേർത്തു. പഠിക്കാൻ മിടുക്കനായിരുന്നു ഈ കുട്ടി. അഞ്ചാം ക്ലാസ് പാസായ മുഹമ്മദ് കുട്ടി തുടർന്ന് ഉമ്മയുടെ ചന്തിരൂർ ഉള്ള വീട്ടിൽ നിന്നാണ് ആറും ഏഴും ക്ലാസ്സുകളിൽ പോയത്. യു.പി സ്കൂളിൽ പഠിക്കുമ്പോഴാണ് മുഹമ്മദ് കുട്ടിയിലെ കലാകാരൻ ഉണർന്നത്. മിമിക്രി പോലുള്ള കലാപരിപാടികൾ അവതരിപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തു. തുടർന്ന് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി വീണ്ടും കുലശേഖരമംഗലം സ്കൂളിലെത്തി. ഇതിനിടയിൽ മുഹമ്മദ് കുട്ടിക്ക് അഞ്ചു സഹോദരങ്ങൾ ഉണ്ടായി. ആമിന, ഇബ്രാഹിംകുട്ടി, സൗദ, സക്കറിയ, ഷാമിന.
മുഹമ്മദ് കുട്ടിക്ക് 17 വയസ്സുള്ളപ്പോഴാണ് കുടുംബം ചെമ്പിലെ സക്കറിയ മനസിൽ എന്ന വീട്ടിലേക്ക് താമസം മാറിയത്. ചെമ്പിലെ മുഹമ്മദ് കുട്ടിയുടെ ആത്മസുഹൃത്ത് അപ്പുക്കുട്ടൻ ആയിരുന്നു. ചിറയിൻ വീട്ടിൽ അപ്പുക്കുട്ടൻ. സിനിമയ്ക്കും നാടകത്തിനും ഒക്കെ ഒരുമിച്ചാണ് യാത്ര. ഉത്സവപ്പറമ്പുകൾ, സിനിമാശാലകൾ എന്നിവയായിരുന്നു ഇവരുടെ പ്രധാന സങ്കേതങ്ങൾ.
ഖസാക്കിന്റെ ഇതിഹാസം വായിച്ചതിൽ പിന്നെ അപ്പുക്കുട്ടൻ മമ്മൂഞ്ഞിന്റെ അപ്പുക്കിളിയായി. കായലിൽ കുളിക്കാൻ പോകുമ്പോൾ കമ്പി വല വെച്ച് മീൻ പിടിക്കുന്നതും മുഹമ്മദ് കുട്ടിയുടെ ഇഷ്ട വിനോദങ്ങളിൽ പെടും.
കുലശേഖരമംഗലം സ്കൂളിൽ നിന്നും വിദ്യാഭ്യാസം കഴിഞ്ഞ് തേവര എസ്.എച്ച് കോളേജിൽ പ്രീഡിഗ്രി, തുടർന്ന് എറണാകുളം മഹാരാജാസ് കോളജിൽ നിന്നും ഡിഗ്രി പൂർത്തിയാക്കി. പിന്നീട് എറണാകുളം ലോ കോളേജിൽ നിയമബിരുദത്തിനായി പഠിച്ച കാലയളവാണ് മുഹമ്മദ് കുട്ടിയുടെ ജീവിതത്തിൽ നിർണായകമായത്. ആർട്സ് ക്ലബ്ബ് രൂപീകരണത്തിലും നാടക അഭിനയത്തിലും കെ മുഹമ്മദ് കുട്ടി സജീവസാന്നിധ്യമായി. ഷറഫ്, മുരളി, മധു, ആന്റണി പാലക്കൽ മട്ടാഞ്ചേരികാരൻ ബഷീർ, വിശ്വംഭരൻ തുടങ്ങിയ ചങ്ങാതിമാരായിരുന്നു മുഹമ്മദ് കുട്ടിയുടെ പ്രോത്സാഹകർ. ഇതിനിടയിൽ കെ എസ് സേതുമാധവന്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തു.
48 വർഷങ്ങൾക്കുമുൻപ് 1971 ആഗസ്റ്റ് 6-നാണ് അനുഭവങ്ങൾ പാളിച്ചകൾ റിലീസ് ചെയ്യുന്നത്. പിന്നീട് കാലചക്രം എന്ന സിനിമയിലും മമ്മൂട്ടി ചെറിയൊരു വേഷം ചെയ്തു.
ലോ കോളേജ് പഠനം പൂർത്തിയാക്കിയ മുഹമ്മദ് കുട്ടി ഹൈക്കോടതിയിൽ നിന്നും സനത് എടുത്ത് മലപ്പുറത്തെ മഞ്ചേരിയിൽ ആണ് പ്രാക്ടീസ് ആരംഭിച്ചു. . മഞ്ചേരിയിലെ പ്രശസ്തനായ ക്രിമിനൽ ലോയർ ശ്രീധരൻനായരുടെ നാലാമത്തെ ജൂനിയറായിരുന്നു മുഹമ്മദ് കുട്ടി. അപ്പോഴും മുഹമ്മദ് കുട്ടിയുടെ മനസ്സിൽ നിറയെ സിനിമ എന്ന സ്വപ്നമായിരുന്നു.
മഞ്ചേരിയിൽ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വിവാഹാലോചന വരുന്നത്. കൊച്ചിയിൽ നിന്നുള്ള സുൽഫത്ത് മുഹമ്മദ് കുട്ടിയുടെ ജീവിതസഖിയായി എത്തി.
ആയിടയ്ക്ക് ജനശക്തി ഫിലിംസ് കൊച്ചിയിൽ വെച്ച് ഒരു സിനിമ സിമ്പോസിയം നടത്തി. ഇന്ത്യൻ സിനിമയിലെ പല പ്രമുഖരും പങ്കെടുത്ത സെമിനാറിൽ മുഹമ്മദ് കുട്ടിയും സംബന്ധിച്ചു. നല്ല സിനിമയെ കുറിച്ച് മുഹമ്മദ് കുട്ടി വാതോരാതെ സംസാരിച്ചു. ആ സംസാരത്തിൽ ആകൃഷ്ടനായ മലയാള സാഹിത്യത്തിന്റെ കുലപതി എം ടി വാസുദേവൻ നായർ ദേവലോകം എന്ന ചിത്രത്തിൽ അവസരം നൽകി. ദേവ ലോകത്തിൽ അഭിനയിക്കാൻ വയനാട്ടിൽ എത്തണമെന്ന് എംടി യുടെ കത്ത് കിട്ടിയപ്പോൾ ആഹ്ലാദം കൊണ്ട് മതിമറന്നു, മുഹമ്മദുകുട്ടി. ജനശക്തി ഫിലിംസിനു വേണ്ടി എം വിൻസന്റ് സംവിധാനം ചെയ്ത ഈ ചിത്രം പക്ഷേ റിലീസ് ആയില്ല. തുടർന്ന് വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. എംടി വഴിയാണ് ഈ ചിത്രത്തിലും മമ്മൂട്ടി എത്തുന്നത്.
നടൻ ശ്രീനിവാസന്റെ ശുപാർശ പ്രകാരം ലഭിച്ച മേളയിലെ റോൾ ശ്രദ്ധിക്കപ്പെട്ടു. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത മേളയിലെ മനസ്സ് ഒരു മാന്ത്രിക കുതിരയായി…എന്നു തുടങ്ങുന്ന ഗാനമാണ് മമ്മൂട്ടി ആദ്യമായി പാടി അഭിനയിച്ച ഗാനരംഗം. മേളയുടെ വിതരണക്കാരനായ ബാബുവാണ് സ്ഫോടനം എന്ന ചിത്രത്തിനുവേണ്ടി പി ജി വിശ്വംഭരനോട് മമ്മൂട്ടിയെ പറ്റി പറയുന്നത്. സ്ഫോടനത്തിൽ അഭിനയിക്കവേ സജിൻ എന്ന് പേരുമാറ്റി എങ്കിലും പിന്നീട് മമ്മൂട്ടി എന്ന പേരിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. കെ ജി ജോർജിന്റെ തന്നെ യവനികയിലെ പോലീസ് വേഷം മമ്മൂട്ടിയുടെ കരിയറിൽ ബ്രേക്കായി. തുടർന്ന് ഐ വി ശശിയുടെ അഹിംസ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് നേടി. മലയാളത്തിന്റെ മഹാനടന്റെ ജൈത്ര യാത്ര ഇവിടെ തുടങ്ങുന്നു..