വാട്ടർ കളറിൽ ആദ്യമായി പോട്രേറ്റ് ചെയ്യുന്നത് മമ്മൂക്കയെയാണ് : ഷംലി
മാമാങ്കത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടറിന്റെ മനോഹരമായ ഒരു വാട്ടർ കളർ പെയിന്റിങ്
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
ഷംലി ഫൈസൽ എന്ന യുവ ചിത്രകാരിയുടെ കരവിരുതിൽ രൂപം കൊണ്ട ആ പെയിന്റിങ്ങും ചിത്രകാരിയും ഒരൊറ്റ ദിവസം കൊണ്ടാണ് സോഷ്യൽ മീസിയയിൽ താരമായത്.
ഷംലി തന്നെ തന്റെ ഫേസ് ബുക്കിൽ പങ്കുവച്ച ആ ചിത്രവും പടം വരയ്ക്കുന്ന വീഡിയോയും ഒരുപാടുപേർ ഷെയർ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തതോടെ ഷംലി ശരിക്കും താരമായി.
“മമ്മൂക്കയുടെ മാമാങ്കത്തിലെ ആ ലുക്ക് കണ്ടപ്പോൾ തോന്നിയ ഇഷ്ടമാണ് ഇങ്ങനെയൊരു പെയിന്റിങ് ചെയ്യാനുണ്ടായ പ്രേരണ.” ഷംലി മമ്മൂട്ടി ടൈംസിനോട് പറഞ്ഞു.
ഷംലി വരച്ച ആ പെയിന്റിങ് സാക്ഷാൽ മമ്മൂട്ടിയുടെ മുന്നിലും എത്തി. വാട്ട്സ് ആപ് വഴി ഷംലി തന്നെയാണ് അത് മമ്മൂക്കയ്ക്ക് അയച്ചത്. ഫാൻസുകാർ ആരോ കൊടുത്ത മമ്മുക്കയുടെ വാട്സ്ആപ്പ് നമ്പറിലേക്ക് പെയിന്റിങ് അയച്ചപ്പോൾ ” നന്നായിട്ടുണ്ട്” എന്ന മറുപടിയും ഷംലിയ്ക്ക് കിട്ടി. ഒരു നിധിപോലെ അത് സൂക്ഷിച്ചിരിക്കുകയാണ് ഷംലി.
കളർ പെൻസിൽ കൊണ്ട് എന്തും കടലാസിലേക്ക് പകർത്താൻ അസാധ്യമായ കഴിവുള്ള ചിത്രകാരിയാണ് ഷംലി. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, ടോവിനോ, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി സെലിബ്രിറ്റികളുടെ ചിത്രങ്ങൾ ഇതിനകം ഷംലി ക്യാൻവാസിൽ പകർത്തി. കോഫി പൗഡർ കൊണ്ട് വരച്ച മമ്മൂട്ടിയുടെ ചിത്രം ശ്രദ്ധേയമാണ്.
ജന്മസിദ്ധമായി ലഭിച്ച കഴിവ് നിലനിർത്താനും അത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി വിനിയോഗിക്കാനുമുള്ള ഷംലിയുടെ മനസ്സാണ് ഈ ചിത്രകാരിയെ വേറിട്ടു നിർത്തുന്നത്.
പ്രളയത്തിൽ തകർന്ന ജന്മനാടിന്റെ പുനർസൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്തുകയാണ് ഇപ്പോൾ പ്രവാസി മലയാളിയായ ഈ വായനാട്ടുകാരി.
പ്രളയത്തിൽ ദുരന്തഭൂമിയായി മാറിയ വയനാടിന്റെയും മറ്റും പുനരുദ്ധാരണത്തിനായി ചിത്രങ്ങൾ വരച്ചുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാണ് ഷംലി മാതൃകയാകുന്നത്. ചിത്ര രചന ഒരു പ്രൊഫഷനായി സ്വീകരിച്ച ഷംലി സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ വരയ്ക്കാനുള്ള ഓർഡർ എടുത്ത് ചിത്രങ്ങൾ വരച്ചു നൽകുകയാണ് പതിവ്.
“ഞാൻ വായനാട്ടുകാരിയാണ്. ഇപ്രാവശ്യത്തെ പ്രളയത്തിൽ എന്റെ വീട്ടിലും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. നാട്ടുകാരായ ഒരുപാട് ആളുകളുടെ ദുരിതം കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. അവർക്കായി ഇവിടെ നിന്നുകൊണ്ട് എനിക്കെന്ത് ചെയ്യാൻ പറ്റും എന്ന ചിന്തയിൽ നിന്നാണ് പ്രത്യേകമായി പടം വരച്ചുകിട്ടുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ തീരുമാനിച്ചത്. സോഷ്യൽ മീഡിയ വഴി ഈ ആശയം പങ്കുവച്ചപ്പോൾ ഒരുപാടുപേർ സഹായഹസ്തവുമായി എത്തി.” ഷംലിയുടെ പോസ്റ്റ് ടോവിനോ, മാത്തുക്കുട്ടി പോലുള്ള പല സെലിബ്രിറ്റികളും ഷെയർ ചെയ്തു.
ഒരു ചിത്രത്തിന് 1000 രൂപയാണ് ആവശ്യപ്പെട്ടത് എങ്കിലും അതിനേക്കാൾ കൂടുതൽ തന്നെ ദുരിതാശ്വാസത്തിനു താങ്ങായി നിന്നവർ നിരവധിയാണെന്ന് ഷംലി പറയുന്നു. ആദ്യം വരയ്ക്കുന്ന 25 പേർക്കാണ് ചിത്രം വരച്ചു നൽകുക എന്ന് പറഞ്ഞിരുന്നു എങ്കിലും ഒരുപാടുപേർ ഈ ഉദ്യമത്തിൽ പങ്കാളിയായി എന്നും, ചിത്രം വരച്ചുതന്നില്ലെങ്കിലും സാരമില്ല എന്നുപറഞ്ഞു പലരും പൈസ അയച്ചുതന്നു എന്നും ഷംലി പറഞ്ഞു.
“ചെറുപ്പം മുതലേ ചിത്രങ്ങൾ വരയ്ക്കുമായിരുന്നു. കുറച്ച് നാൾ ഫൈൻ ആർട്സ് പഠിച്ചിട്ടിണ്ട്. വിവാഹ ശേഷം ഭർത്താവുമൊത്ത് സൗദിയിലേക്ക് പോന്നു. കുറച്ച് കാലങ്ങൾക്കുശേഷം ചിത്രരചന ഒരു പ്രൊഫഷണായി സ്വീകരിക്കാൻ പ്രവാസജീവിതം തുണയായി.” ഷംലി പറഞ്ഞു.
ഭർത്താവിനും ഒരു മകനുമൊപ്പം സൗദിയിലെ ദമാമിൽ താമസിക്കുന്നു. ഭർത്താവിന്റെ ഫുൾ സപ്പോർട്ട് ആണ് ഈ നിലയിൽ എത്താൻ കാരണമെന്ന് ഷംലി.
“കളർ പെൻസിൽ ആണ് എന്റെ മീഡിയം. എങ്കിലും കുറെ നാളുകൾക്കുശേഷമാണ് വാട്ടർ കളർ ചെയ്യുന്നത്. വാട്ടർ കളറിൽ ആദ്യമായി പോട്രെയ്റ്റ് ചെയ്യുന്നത് മമ്മൂക്കയെയാണ്. ”
മമ്മൂക്കയെ ഇഷ്ടമാണെങ്കിലും ദുൽഖറിന്റെ കട്ട ഫാൻ ആണ് താൻ എന്ന് ചിരിച്ചുകൊണ്ട് ഷംലി പറഞ്ഞു.
മമ്മൂക്കയുടെയും ദുല്ഖറിന്റെയും ചിത്രങ്ങൾ അവർക്ക് നേരിട്ട് കൊടുക്കണം എന്നത് തന്റെ വലിയ ആഗ്രഹമാണെന്നും ഷംലി പറഞ്ഞു.
https://m.facebook.com/story.php?story_fbid=2496285857098452&id=100001511875066