Connect with us

Hi, what are you looking for?

Latest News

മമ്മൂട്ടി – ബോളിവുഡിന്റെ നഷ്ടം : ഖലീജ് ടൈംസ്.

പ്രവീൺ ളാക്കൂർ 

യുഎഇ യിലെ പ്രശസ്ത  ഇംഗ്ലീഷ് പത്രമായ ഖലീജ് ടൈംസിൽ പ്രമുഖ മാധ്യമപ്രവർത്തകൻ ഖാലിദ് മുഹമ്മദ്‌, മമ്മൂട്ടിയെക്കുറിച്ചു പങ്കുവച്ച ചില ചിന്തകൾ, കാഴ്ചപ്പാടുകൾ. 

നാല് പതിറ്റാണ്ടോടടുക്കുന്ന, പകരം വെക്കാനില്ലാത്ത അഭിനയ ജീവിതത്തിന്റെ ഉടമയായ
മഹാനടൻ ഭാഷാ ദേശ വ്യത്യാസമില്ലാതെ ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്  മലയാളത്തിന് ഏറെ അഭിമാനം പകരുന്നതാണ്.തമിഴിലും തെലുഗിലും ഇടവേളയ്ക്ക് ശേഷം എത്തിയ യാത്ര, പേരൻപ് എന്നീ സിനിമകളിലെ  അഭിനയ സാധ്യതകൾ ഏറെയുള്ള കഥാപാത്രങ്ങളുമായി  2019 ൽ ഗംഭീര തുടക്കം  കുറിച്ച മമ്മൂട്ടി ‘ഫെയ്സ് ഓഫ് ഇന്ത്യൻ സിനിമ’  എന്ന വിശേഷണത്തോടെ അന്യഭാഷകളിലും മലയാളത്തിന്റെ യശസ്സ് ഉയർത്തി. തീയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച മധുരരാജ മെഗാസ്റ്റാറിന്റെ ആദ്യ 100 കോടി ചിത്രമായി. പതിനെട്ടാം പടിയിലെ തകർപ്പൻ  അതിഥി വേഷം ആ സിനിമയെ ഏറെ സഹായിച്ചു.  ഗാനഗന്ധർവന്റെ വിജയത്തിന് ശേഷം ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചരിത്ര സിനിമ മാമാങ്കവും മാസ് ആക്‌ഷൻ ചിത്രം ഷൈലോക്കും പ്രദർശനത്തിന് എത്തുന്നു. ഇതിനു പുറമെ  വമ്പൻ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.
മലയാളത്തിന് പുറമേ  തമിഴിലും  തെലുഗിലും കന്നടയിലും  ഹിന്ദിയിലും  മമ്മൂട്ടി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് അന്യഭാഷകളിൽ എക്കാലവും  ലഭിച്ചിട്ടുള  സ്വീകാര്യതയ്ക്ക് അടിവരയിടുന്നതാണ് മാമാങ്കത്തിന്റെ തമിഴ്,തെലുഗ്,ഹിന്ദി ട്രെയിലറുകൾ സൃഷ്ടിക്കുന്ന ആവേശം. മലയാളത്തിലെ ഒരു അഭിനേതാവിനും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത നേട്ടങ്ങൾ അന്യ ഭാഷകളിൽ സ്വന്തമാക്കിയ മമ്മൂട്ടിയുടെ അഭിനയ മികവ്  ഹിന്ദി സിനിമാലോകം വേണ്ട വിധം ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നത് ചിന്തനീയമാണ്. ഇത്തരം ചർച്ചകൾ സിനിമാ നിരൂപകർക്കിടയിലും ചലച്ചിത്ര പ്രേമികൾക്കിടയിലും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ജി സി സി യിലെ പ്രമുഖഇംഗ്ലീഷ് പത്രമായ   ‘ഖലീജ് ടൈംസ്’ ൽ പ്രമുഖ മാധ്യമ പ്രവർത്തകൻ ഖാലിദ് മുഹമ്മദ് സമാനമായ ചിന്തകൾ പങ്കു വെച്ചിരിക്കുകയാണ്.

                    കഥാപാത്രവൈവിധ്യങ്ങൾ കൊണ്ട് അന്യ ഭാഷകളിൽ പോലും വിസ്മയം സൃഷ്ട്ടിച്ചുള്ള മമ്മൂട്ടിയ്ക്ക് ഹിന്ദിയിൽ എന്തുകൊണ്ടാണ് മറ്റു ഭാഷകളിലെ  വിജയം സ്വന്തമാക്കാൻ കഴിയാഞ്ഞതെന്ന് അദ്ദേഹം ഹിന്ദിയിൽ അവസരം തേടി എത്തിയ കാലത്തെ അനുഭവസാക്ഷ്യങ്ങൾ ചേർത്ത്   ഖാലിദ് മുഹമ്മദ്  വിശദീകരിക്കുന്നു. നടനെന്ന നിലയിൽ  ഭാഗ്യമുണ്ടായിരുന്നില്ലെങ്കിൽ, താൻ  ഇപ്പോഴും ചെറിയ നിയമ കേസുകളുമായി പോരാടിക്കൊണ്ടിരിക്കുമായിരുന്നു എന്ന് മമ്മൂട്ടി അക്കാലത്ത് സൂചിപ്പിക്കുമായിരുന്നുവത്രെ. മുഹമ്മദ് കുട്ടി എന്ന പേര്  ഹ്രസ്വവും മധുരവുമായി  മമ്മൂട്ടി എന്നാക്കി ചുരുക്കിയിട്ടും, നിങ്ങളുടെ നഗരത്തിലെ ചലച്ചിത്ര പ്രവർത്തകർ അവസരങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള എന്റെ ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാറില്ല എന്ന് പുഞ്ചിരിയോടെ അദ്ദേഹം പറയുമായിരുന്നു. Triyatri (1990), Dhartiputra (1993) and Sau Jhooth Ek Sach (2005) എന്നീ ചിത്രങ്ങൾ മമ്മൂട്ടിയെപ്പോലെ ഒരു അഭിനയപ്രതിഭയുടെ മികവ് അടയാളപ്പെടുത്തുന്നവയായിരുന്നോ എന്നത് സംശയമാണ്. ഈ ചിത്രങ്ങൾക്കൊന്നും ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാനും സാധിച്ചിട്ടില്ല എന്നതും ചരിത്രം.മുംബൈയിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനങ്ങൾ ഇതോടെ അവസാനിച്ചു എന്നും പറയാം.

https://www.khaleejtimes.com/wknd/bollywood/mammootty-bollywoods-loss

ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയും പാർശ്വവൽക്കരിക്കപ്പെട്ട ജന സമൂഹത്തിന്റെ എക്കാലത്തെയും ആവേശവുമായ അംബേദ്ക്കറുടെ ജീവചരിത്രം വെള്ളിത്തിരയിലെത്തിയപ്പോൾ ആ വേഷം തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിക്കുവാൻ മമ്മൂട്ടിയ്ക്ക് സാധിച്ചു. ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത the English language biopic Dr Babasaheb Ambedkar (2000) മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരവും നേടിക്കൊടുത്തു .  സൗത്ത് ഇന്ത്യൻ സൂപ്പർ താരങ്ങളായ രജനികാന്തിനും കമലഹാസനുമൊക്കെ ഹിന്ദിയിൽ അവരുടെ അഭിനയ മികവിനും താര മൂല്യത്തിനും അനുസൃതമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ഇതിനോട് ചേർത്ത് വായിക്കാം.  തന്റെ ലേഖനത്തിൽ മമ്മൂട്ടി എന്ന നടന്റെയും വ്യക്തിയുടെയും സാമൂഹ്യ ഇടപെടലുകളെക്കുറിച്ചും ഖാലിദ് മുഹമ്മദ് ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളോടുള്ള മമ്മൂട്ടിയുടെ  അർപ്പണ മനോഭാവം  ആരാധകർക്ക്  അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും വർദ്ധിപ്പിച്ചു . 2006 ൽ ദുബായിൽ നടന്ന ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്ചടങ്ങിനെ വിമർശിച്ചതുപോലെയുള്ള അദ്ദേഹത്തിന്റെ തുറന്നു പറച്ചിലുകളും ചർച്ചചെയ്യപ്പെട്ടവയാണ്.ദക്ഷിണേന്ത്യൻ സിനിമ നിലവിലില്ല എന്ന മട്ടിൽ വർഷങ്ങളായി അവഗണിച്ചതിനാൽ ഇവന്റിനെ ‘ഇന്റർനാഷണൽ’ എന്ന് വിളിക്കാൻ സംഘാടകർക്ക് അവകാശമില്ല എന്നായിരുന്നു മമ്മൂട്ടിയുടെ ഭാഷ്യം. മമ്മൂട്ടിയുടെ രാഷ്ട്രീയ പ്രവേശനം മാധ്യമങ്ങൾ പലതവണ ചർച്ച ചെയ്തതാണ്. ഇതിനെക്കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്. “എനിക്ക് ഒരിക്കലും രാഷ്ട്രീയത്തിൽ വലിയ താൽപ്പര്യമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ജനങ്ങളെ സേവിക്കാൻ നിങ്ങൾ രാഷ്ട്രീയത്തിൽ ഏർപ്പെടേണ്ടതില്ല” – രാഷ്ട്രീയ പ്രവേശനത്തിൽ മമ്മൂട്ടിയുടെ നിലപാട് ഇതായിരുന്നു.

                           ഒരാഴ്ചത്തെ ഷൂട്ടിന് ശേഷം ഉപേക്ഷിച്ച രവീണ ടണ്ഠൻ നായികയായ ഹിന്ദി ചിത്രത്തിന്റെ സെറ്റിൽ വച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഖാലിദ് മുഹമ്മദ്  ഇങ്ങനെ കുറിക്കുന്നു – “നോക്കൂ, നിങ്ങളുടെ നഗരത്തിൽ എനിക്കൊപ്പം നിൽക്കാൻ   ആരും ആഗ്രഹിക്കുന്നില്ല. ഞാൻ ഇവിടെ അനുയോജ്യൻ അല്ല”. ഭാഷയുടെയും  ദേശത്തിൻെറയും  അതിർവരമ്പുകൾ ഭേദിച്ച്, തന്റെ  അതുല്യമായ അഭിനയ മികവുകൊണ്ടും അർപ്പണ മനോഭാവം കൊണ്ടും ചലച്ചിത്ര പ്രേമികളെയും സിനിമാ നിരൂപകരേയും ഒരുപോലെ വിസ്മയിപ്പിച്ചുകൊണ്ട് അജയ്യമായ ചലച്ചിത്ര യാത്ര തുടരുന്ന മമ്മൂട്ടിയിലെ അഭിനേതാവിനെ വേണ്ട വിധത്തിൽ ഉപയോഗിക്കുന്നതിൽ ബോളിവുഡ് പരാജപ്പെട്ടുവെന്നും അതിന്റെ നഷ്ടം ഹിന്ദി സിനിമയ്ക്കാണ് എന്നും  ഖാലിദ് മുഹമ്മദ് തന്റെ ലേഖനത്തിൽ പറയുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles