മലയാള സിനിമയുടെ ഭാഗ്യ കൂട്ടുകെട്ടാണ് മമ്മൂട്ടി -മനോജ് കെ ജയൻ ടീം. ഇവർ ഒന്നിച്ചപ്പോഴെല്ലാം മലയാളത്തിനു ലഭിച്ചത് ഭൂരിഭാഗവും സൂപ്പർ ഹിറ്റുകൾ. സാമ്പത്തിക വിജയം മാത്രമല്ല, ഒരുപിടി ശ്രദ്ധേയമായ ചിത്രങ്ങൾ കൂടിയാണ് ഈ കൂട്ടുകെട്ടിൽ നിന്നും ലഭിച്ചത്.
വല്യേട്ടൻ, രാജമാണിക്യം, കാഴ്ച, സുകൃതം,മായാവി, ചട്ടമ്പിനാട്, ബിഗ് ബി, പഴശ്ശിരാജ, തുടങ്ങി ഈ കൂട്ടുകെട്ട് ഒന്നിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളും മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങളും ആയിരുന്നു. ഇവർ ഒന്നിച്ച ദളപതി എന്ന തമിഴ് ചിത്രവും വമ്പൻ വിജയമായി മാറി. വല്യേട്ടൻ, രാജമാണിക്യം, ബിഗ് ബി എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ അനുജനായാണ് മനോജ് കെ ജയൻ വേഷമിട്ടത്.
ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം ടീം വീണ്ടും ഒന്നിക്കുകയാണ്. പഞ്ചവർണ്ണ തത്ത എന്ന സൂപ്പർ ഹിറ്റിനുശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവനിലൂടെയാണ് ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. കലാസദൻ എന്ന ഗാനമേള ട്രൂപ്പിലെ ഗാനമേള പാട്ടുകാരനായ ഉല്ലാസ് ആയി മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ ഗാനമേള ട്രൂപ്പിലെ ഡ്രമ്മറും ഉല്ലാസിന്റെ സ്നേഹിതനുമായ ടിറ്റോ എന്ന കഥാപാത്രമായാണ് മനോജ് കെ ജയൻ വേഷമിടുന്നത്.
വർഷങ്ങൾക്കുശേഷം ഈ സൂപ്പർ ഹിറ്റ് ടീം ഒന്നിക്കുമ്പോൾ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. ഈ കൂട്ടുകെട്ടിൽ നിന്നും പിറവിയെടുക്കുന്ന മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായി ഗാനഗന്ധർവൻ മാറുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ഓണച്ചിത്രങ്ങൾ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാത്ത ഈ അവസരത്തിൽ ഇനി ഗാനഗന്ധർവനിലാണ് പ്രേക്ഷർ പ്രതീക്ഷയർപ്പിക്കുന്നത്.
ഇച്ചായീസ് ഫിലിംസും രമേഷ് പിഷാരടി എന്റർടൈൻമെൻറ്സും ചേർന്ന് നിർമ്മിക്കുന്ന ഗാനഗന്ധർവൻ സെപ്തംബർ 27-നു ആന്റോ ജോസഫ് ഫിലിം കമ്പനി തിയേറ്ററുകളിൽ എത്തിക്കും.