മമ്മൂട്ടിയും ഞാനും
മലയാളത്തിലെ കലാ സാസ്കാരിക രാഷ്ട്രീയ സിനിമാ രംഗത്തെ പ്രമുഖർ മമ്മൂട്ടിയുമൊപ്പമുള്ള അനുഭവങ്ങളും മമ്മൂട്ടി എന്ന നടനെ കുറിച്ചുളള തങ്ങളുടെ കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്ന പരമ്പര മമ്മൂട്ടി ടൈംസ് ഓൺലൈനിൽ ആരംഭിക്കുന്നു.
മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി മമ്മൂട്ടി എന്ന നടനെക്കുറിച്ചു വായനക്കാരോട് :
അത്ഭുതത്തോടെയും അഭിമാനത്തോടെയും ആദരവോടെയുമാണ് ഞാൻ മമ്മൂട്ടി എന്ന നടനെ നോക്കിക്കാണാറുള്ളത്. മൂന്നു പതീറ്റാണ്ടിലധികം മലയാളികളുടെ ഹൃദയത്തിൽ കൂടുകെട്ടി അതിനുള്ളിൽ ചേക്കേറാൻ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. മലയാളികളുടെ മോഹങ്ങളിലും സ്വപ്നങ്ങളിലുമൊക്കെ ഒരു രാജകുമാരനെപ്പോലെ ഇടം നേടി.
അസാധ്യമെന്ന് തോന്നുന്നവയെക്കുറിച്ചു സ്വപ്നം കാണാൻ മമ്മൂട്ടി മലയാളികളെ പഠിപ്പിച്ചു. ഇടിമുഴക്കം പോലുള്ള ശബ്ദം വെള്ളിത്തിരയിൽ അഴിമതിക്കെതിരെ മുഴങ്ങുമ്പോൾ, അത് തങ്ങളുടെ ശബ്ദമാണെന്ന് ജനം വിശ്വസിക്കുന്നു.
ഒരു നായക സങ്കല്പത്തിന് ചേരുന്ന എല്ലാ ചേരുവകളും മമ്മൂട്ടിയിലുണ്ട്. ശബ്ദ ഗാഭീര്യത്തിനൊപ്പം ആകാര സൗകുമാര്യവും അഭിനയത്തികവും കൂടിയായപ്പോൾ മമ്മൂട്ടി അതുല്യ നടനായി. ഇത്രയും വർഷങ്ങൾ സിനിമയിൽ നിത്യഹരിത നായകനായി പരിലസിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ഇക്കാലയളവിൽ പുരസ്കാരങ്ങളുടെയും അംഗീകാരങ്ങളുടെയും ഒരു ഘോഷയാത്ര തന്നെയുണ്ടായി.
മൂന്നു തവണ ദേശീയ പുരസ്കാരവും പത്മശ്രീയും സംസ്ഥാന ബഹുമതികളും എല്ലാം അദ്ദേഹത്തെ തേടിയെത്തി.
മലയാളത്തിനുപുറമെ ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലും മമ്മൂട്ടി ശക്തമായ സാന്നിധ്യം അറിയിച്ചു.
മുന്നൂറില്പരം കഥാപാത്രങ്ങളിലൂടെയാണ് മമ്മൂട്ടി എന്ന നടൻ രൂപപ്പെട്ടത്. മിക്കതിലും ഒന്നിനൊന്നു വ്യത്യസ്ത കഥാപാത്രങ്ങൾ. അതും പുതുമയുള്ള കഥാപാത്രങ്ങൾ! പുതിയ സംവിധായകർക്ക് അവസരം കൊടുക്കുന്നതിൽ ഇന്ത്യയിൽ തന്നെ മമ്മൂട്ടിയാകും മുന്നിൽ. പുതുമയ്ക്കുവേണ്ടിയുള്ള ദാഹമാണ് മമ്മൂട്ടിയുടെ മുന്നേറ്റത്തിന്റെ രഹസ്യമെന്ന് ഞാൻ വിശ്വസിക്കുന്നു.
കൂടുതൽ കഥകളും കഥാപാത്രങ്ങളും അദ്ദേഹത്തെ കാത്തിരിക്കുകയാണ്. മലയാളികളുടെ മനസ്സിൽ കൂടുതൽ ആഹ്ലാദവും ആരവവും പകർന്നു മമ്മൂട്ടി കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെ.
