നൂറ്റാണ്ടുകൾക്കു മുൻപ് നിളാനദിയുടെ തീരത്തു തിരുനാവായയിൽ പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ അരങ്ങേറിയിരുന്ന ആയോധനകലകളുടെ അവസാന വാക്കായ മാമാങ്കത്തെക്കുറിച്ചു ചരിത്രത്തിൽ വ്യക്തമായി തന്നെ പ്രതിപാദിക്കപ്പെടുന്നുണ്ട്. സാമൂതിരിയ്ക്കു കാവൽ നിൽക്കുന്ന കോട്ട തകർത്തു സാമൂതിരിയുടെ കഴുത്തിന് നേരെ വാൾ വീശിയ പ്രായപൂർത്തിയാകാത്ത ഒരു ബാലനെക്കുറിച്ചും മാമാങ്കത്തിൻറ്റെ ചരിത്രം തിരയുന്നവർക്കു കാണാൻ കഴിയും. മെഗാസ്റ്റാർ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മാമാങ്കം എന്ന ദൃശ്യാവിഷ്ക്കാരത്തിൽ വെല്ലുവിളികൾ നിറഞ്ഞ ആയോധനകലകളിൽ നിപുണനായ വള്ളുവനാട്ടിലെ അവസാന ചാവേറുകളിൽ ഒരാളായ ധീരനായ ബാലൻറ്റെ കഥാപാത്രം അവതരിപ്പിക്കുന്നത് അച്യുതൻ എന്ന കുട്ടിയാണ്. ടീസറും ട്രെയിലറും കണ്ടവർ എല്ലാം തന്നെ അച്യുതൻറ്റെ മെയ്‌വഴ്ക്കത്തിലും പ്രതിഭയിലും അത്ഭുതപ്പെടുകയും കൂടി ഉണ്ടായി. മാമാങ്കം തീയറ്ററുകളിലേക്കു പ്രദർശനത്തിനു എത്താൻ തുടങ്ങുന്ന ഈ വേളയിൽ മമ്മൂട്ടി ടൈംസുമായി അച്യുതൻ തന്റെ മഹാമാമാങ്ക വിശേഷങ്ങൾ പങ്കു വെക്കുകയാണ്
? മാമാങ്കത്തിലെ കഥാപാത്രത്തെക്കുറിച്ച്
= ഞാൻ മാമാങ്കത്തിൽ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് ചന്ദ്രോത്തു ചന്തുണ്ണി എന്നാണ്. ആദ്യമായി മാമാങ്കത്തിന് പോകുന്ന ഏറ്റവും പ്രായം കുറഞ്ഞ ചാവേർ കൂടിയാണ് ചന്തുണ്ണി .ചരിത്രത്തിൽ ചന്തുണ്ണി ശരിക്കും ഉണ്ടായിരുന്നതായി പറയുന്നു.
? മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ
= മമ്മൂട്ടി സാറിന്റെ കൂടെ ആദ്യമായി അഭിനയിക്കുമ്പോൾ എനിക്ക് ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു. അത് മനസ്സിലാക്കി സാറ് പറഞ്ഞു, “നീ ടെൻഷൻ അടിക്കുകയൊന്നും വേണ്ട. ഫ്രീയായിട്ടു അഭിനയിച്ചാൽ മതി. സാറിന്റെ ഉപദേശം എനിക്ക് ഗുണം ചെയ്തു. ഇപ്പോൾ മമ്മൂട്ടി സാർ ആണ് ജീവിതത്തിൽ എന്റെ റോൾമോഡൽ
? എങ്ങിനെയാണ് മാമാങ്കത്തിന്റെ ഭാഗമായത്
= ഓഡിഷനിലൂടെയാണ് മാമാങ്കത്തിൽ എത്തുന്നത്. നാലാം ക്ലാസ്സിലെ സമ്മർ വെക്കേഷൻ സമയത്തായിരുന്നു ഓഡിഷൻ നടന്നത്. കളരിയിലൂടെയായിരുന്നു ഒഡീഷൻ. എൻറ്റെ വീടിനടുത്തുള്ള തടിയ്ക്കൽ കളരിയിൽ ആയിരുന്നു ഓഡിഷൻ നടന്നത്.
? മാമാങ്കത്തിൻറ്റെ ട്രെയിലറിൽ വളരെയധികം ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു അച്ചുവിൻറ്റെ കളരിമുറകൾ ,പഠിച്ച കളരിമുറകൾ സിനിമയിൽ എത്തുമ്പോൾ എങ്ങനെയെല്ലാം ഉപകാരപ്പെട്ടു.
=ഞാൻ പഠിച്ച കളരിമുറകൾ സിനിമയിൽ കൂടുതൽ ഉപകരിച്ചതും ഫൈറ്റ് സീക്വൻസുകൾക്കാണ്. ചന്ത്രോത്തു ചന്തുണ്ണി എന്ന കഥാപാത്രമാവാൻ ഞാൻ പഠിച്ച കളരി എന്നെ സഹായിച്ചു. സി.വി.എൻ കളരിയിലെ സുനിലേട്ടനും, ഗോപേട്ടനും ആണ് എന്നെ സിനിമക്ക് വേണ്ടി വാളും ഉറുമിയും എല്ലാം പഠിപ്പിച്ചത്.
? മാമാങ്കത്തിൻറ്റെ ആക്ഷൻ സീക്വൻസുകൾ ചിത്രീകരിക്കുമ്പോൾ ഉണ്ടായ അനുഭവങ്ങൾ
= മാമാങ്കത്തിലെ ആക്ഷൻ രംഗങ്ങൾ എനിക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ ആണ് സമ്മാനിച്ചത്. റോപ്പിൽ ഉള്ള ആക്ഷൻ ഒക്കെ സൂപ്പർ ആയിരുന്നു.
? ആക്ഷനിൽ നിന്ന് മാറി കഥാപാത്രമായി അഭിനയിച്ചതിനെപറ്റി
=കഥാപാത്രമായി അഭിനയിക്കുമ്പോൾ വളരെ ടെൻഷൻ ഉണ്ടായിരുന്നു. വളരെ ആകാംക്ഷയോട് കൂടിയാണ് ഞാൻ അഭിനയച്ചിത്. ഫൈറ്റിൽ ഫിസിക്കലി ചെയ്യുന്ന കാര്യങ്ങൾ ആയതു കൊണ്ട് ആക്ഷൻ എളുപ്പമായിരുന്നു. അഭിനയം ആദ്യമായതു കൊണ്ടാവാം കുറച്ചു പാടായിരുന്നു.
https://mammoottytimes.in/latest-news/7614/
? സിനിമാ അഭിനയം ഗൗരവമായി ചിന്തിക്കുന്നുണ്ടോ
= അഭിനയം ഗൗരവമായി എടുക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഞാൻ അങ്ങനെ ആലോചിച്ചിട്ടില്ല. പിന്നെ മാമാങ്കത്തിലെ പോലെയുള്ള നല്ല കഥാപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ ഇനിയും അഭിനയിക്കണം എന്നുണ്ട് .
? മാമാങ്കത്തെയും ട്രെയിലറിൽ കണ്ട അച്ചുവിനേയും ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകരോട് പറയാൻ ഉള്ളത്
=എല്ലാവരും തീയറ്ററിൽ പോയി സിനിമ കാണുക. ടീസറും ട്രയിലറും എല്ലാം കണ്ടു എന്നെ പ്രോത്സാഹിപ്പിച്ചവർക്കും അഭിനന്ദനം അറിയിച്ചവർക്കും നന്ദി. ഇനി എല്ലാവരും സിനിമ കണ്ടും നിങ്ങളുടെ അഭിപ്രായങ്ങൾ പറയുക
