തന്റെ ആരാധ്യപുരുഷനെ നേരിൽ കണ്ടപ്പോൾ ആ പെൺകുട്ടിയ്ക്ക്സന്തോഷംകൊണ്ട് കരച്ചിലടയ്ക്കാനായില്ല. പ്രിയ താരത്തെ തൊട്ടടുത്തുകണ്ടപ്പോൾ എന്ത് ചെയ്യണം, എങ്ങനെ പ്രതികരിയ്ക്കണം, സന്തോഷം കൊണ്ട് പരിസരം പോലും മറന്ന്… പിന്നെ ഒരു പൊട്ടിക്കരച്ചിലായിരുന്നു.
തന്റെ മുന്നിൽ പൊട്ടിക്കരഞ്ഞ ആരാധികയെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു മമ്മൂട്ടി അവിടെ വാത്സല്യത്തിലെ വല്യേട്ടനായി മാറി.
ഇന്നലെ രാവിലെ എറണാകുളം പനമ്പിള്ളി നഗറിൽ മമ്മൂട്ടിയുടെ വീടിനു മുന്പിലാണ് വികാരനിർഭരമായ ഈ രംഗങ്ങൾ അരങ്ങേറിയത്.
ഇഷ്ട താരത്തെ ഒരുനോക്കുകാണാൻ ആണ് രാവിലെ തന്നെ കുറച്ച് കോളേജ് വിദ്യാർത്ഥിനികൾ മമ്മൂട്ടിയുടെ വീടിന് മുൻപിൽ എത്തിയത്. ഒരു മണിക്കൂറോളം അവർ അവിടെ താരത്തിന്റെ വരവും പ്രതീക്ഷിച്ചുനിന്നു.
രാവിലെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകാൻ പുറത്തിറങ്ങാതിയപ്പോഴാണ് തന്റെ ഗേറ്റിനു മുൻപിൽ നിൽക്കുന്ന വിദ്യാർത്ഥിനികൾ മമ്മൂട്ടിയുടെ ശ്രദ്ധയിൽ പെട്ടത്. കാറിൽ കയറാൻ പോയ മമ്മൂട്ടി ഉടനെ തിരിച്ചു അവരുടെ അടുത്തേക്ക് എത്തി. ഇതോടെ കുട്ടികൾ അമ്പരന്നു. താരത്തിന്റെ വരവ് അവർ ഒട്ടും പ്രതീക്ഷിച്ചതല്ല. മമ്മൂക്കയെ അടുത്തുകണ്ട ആ സന്തോഷത്തിൽ കൂട്ടത്തിലുള്ള ഒരു കുട്ടി നിയന്ത്രണം വിട്ട് കരഞ്ഞുപോയി. തന്റെ മുൻപിൽ നിന്ന് കരയുന്ന ആ കുട്ടിയെ നെഞ്ചോട് ചേർത്തുപിടിച്ചു ആശ്വസിപ്പിച്ച മമ്മൂട്ടി അവളുടെ പേര് ചോദിച്ചു.. പക്ഷെ വാക്കുകൾ പുറത്തേക്ക് പോലും വരാത്തത്രയും വികാരാധീനയായിരുന്നു ആ കുട്ടി. രണ്ടാമതും മമ്മൂട്ടി ചോദിച്ചപ്പോൾ ഒരുവിധം പേര് പറഞ്ഞു. വീട് എവിടെയെന്നും തിരക്കി. പോകാൻ നേരം എല്ലാവരോടുമായി “നന്നായി പഠിക്കണം ട്ടാ ” എന്ന ഉപദേശം കൊടുക്കാനും മമ്മൂട്ടി മറന്നില്ല.
