മമ്മൂട്ടി കെടാവിളക്കെന്ന് എം.ടി,
സിനിമയാണ് ഇപ്പോഴും കാണുന്ന സ്വപ്‌നമെന്ന് മമ്മൂട്ടി
പി വി സാമി സ്മാരക അവാർഡ് മമ്മൂട്ടിയ്ക്ക് സമ്മാനിച്ചു
മലയാളത്തിലെ സിനിമാ കലാ സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങളിൽ വർഷങ്ങളായി നമ്മുടെ കെടാവിളക്കായി നിൽക്കുന്നയാളാണ് മമ്മൂട്ടിയെന്ന് എം.ടി. വാസുദേവൻ നായർ. പി.വി.സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ പുരസ്കാരം മമ്മൂട്ടിക്ക് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു ഭാഷകളിലേക്ക് നമ്മുടെ കെടാവിളക്കിനെ കടംകൊടുക്കാറുമുണ്ട് തിരിച്ച് വാങ്ങാറുമുണ്ട്. നടനെന്നതിലുപരി മമ്മൂട്ടി തന്റെ സുഹൃത്തും സഹോദരനും ആരാധകനുമൊക്കെയാണ്. ഈ കെടാവിളക്ക് എന്നും ശോഭ പരത്തിക്കൊണ്ട് നിൽക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സിനിമയാണ് താൻ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന സ്വപ്നമെന്ന് മമ്മൂട്ടി മറുപടി പ്രസംഗത്തിൽ പറഞ്ഞു. എല്ലാ സത്പ്രവൃത്തികളും മനുഷ്യന്റെ മനസിലുണ്ട്. അത് പലപ്പോഴും നമ്മൾ കാണാതെ പോവുകയാണ്. നന്മ നമ്മൾ തന്നെ കണ്ടെത്തിയില്ലെങ്കിൽ ആ നന്മ നമുക്ക് ഒരിക്കലും മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാൻ പറ്റില്ല. ഓരോരുത്തരും പരസ്പരം നന്മയുള്ളവരാണെന്ന് വിശ്വസിച്ചാൽ മാത്രമേ മറ്റുള്ളവർക്ക് നന്മ കാണിച്ചുകൊടുക്കാൻ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടന്ന ചടങ്ങ് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാതൃഭൂമി എം.ഡി എം.പി.വീരേന്ദ്രകുമാർ എം.പി അധ്യക്ഷനായിരുന്നു. സംവിധായകൻ സത്യൻ അന്തിക്കാട്, വയലാർ രവി എം.പി, എം.കെ.രാഘവൻ എം.പി, മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രൻ, മാതൃഭൂമി ഡയറക്ടർ പി.വി. ഗംഗാധരൻ, മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ്, പി.കെ ഗ്രൂപ്പ് ചെയർമാൻ പി.കെ.അഹമ്മദ്, ഡോ.ടി.കെ. ജയരാജ്, ഹേമലത ചന്ദ്രൻ, കുമാരി ജയരാജ്, ഷെറിൻ ഗംഗാധരൻ, ഭാവനാ നിധീഷ് തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിനോടനുബന്ധിച്ച് നടന്ന സെമിനാറിൽ ജോസഫ്. സി. മാത്യു, എം.ടി, രമേശ്, സി.പി.ജോൺ, അഡ്വ.ഷഹീർ സിങ്, ഡോ.ജയ്കിഷ് ജയരാജ് എന്നിവർ പങ്കെടുത്തു.