ഷാജി കൈലാസ് മമ്മൂട്ടി ടീമിന്റെ മെഗാഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് വല്യേട്ടൻ. നരസിംഹം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രം കഴിഞ്ഞ് മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ഒരുക്കാൻ ഷാജി കൈലാസ് തീരുമാനിച്ചപ്പോൾ നരസിംഹത്തിൽ കേവലം പത്തു മിനിറ്റ് മാത്രം വന്നു നിറകൈയടി വാങ്ങിപ്പോയ അഡ്വ നന്ദഗോപാൽ മാരാരെ പ്രധാന കഥാപാത്രമാക്കി പരമാധികാരം എന്ന പേരിൽ ഒരു ചിത്രം അന്നൗൻസ് ചെയ്തെങ്കിലും ആ സബ്ജക്ട് വർക് ഔട്ട് ആയില്ല. അങ്ങിനെയാണ് രഞജിത് വല്യേട്ടന്റെ ത്രെഡ് പറയുന്നത്. അറക്കൽ മാധവനുണ്ണി എന്ന ഒരു മാടമ്പിയുടെ കഥ. മാടമ്പി എന്നു പേരിടാൻ ആലോചിച്ച ചിത്രം പിന്നീട് വല്യേട്ടൻ എന്ന ടൈറ്റിൽ ഫിക്സ് ചെയ്യുകയായിരുന്നു.
കരളുറപ്പും ചങ്കൂറ്റവുമുള്ള അറക്കൽ തറവാട്ടിലെ വല്യേട്ടനായി മമ്മൂട്ടി തകർത്തഭിനയിച്ച ചിത്രത്തിൽ സായി കുമാർ ആയിരുന്നു പ്രതിനായക വേഷത്തിലെത്തിയത്, സിദ്ദിഖ്, സുധീഷ്, വിജയകുമാർ, മനോജ് കെ ജയൻ എന്നിവർ മമ്മൂട്ടിയുടെ അനുജൻമാരായി അഭിനയിച്ച ചിത്രത്തിൽ ശോഭന ആയിരുന്നു നായിക,. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര നിർമ്മിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ വൻവിജയം നേടി. 150 പരം ദിനങ്ങൾ ചിത്രം പ്രദർശിപ്പിച്ചു.
ഇന്നും ചാനലുകളിൽ ചിത്രം വരുമ്പോൾ ആവേശത്തോടെയാണ് ആരാധകർ കാണുന്നത്.
ഇപ്പോഴിതാ മമ്മൂട്ടി ആരാധകർക്ക് ആവേശം പകരുന്ന മറ്റൊരു വാർത്ത കൂടി വല്യേട്ടന്റേതായി എത്തുന്നു. വല്യേട്ടൻ റീ മാസ്റ്റർ ചെയ്തു ഹൈ ക്വാളിറ്റിയിൽ അതിന്റെ ഡിജിറ്റൽ പ്രിന്റ് പുറത്തിറങ്ങുകയാണ്. ശ്രീഹരി മൂവീസിന്റെ മാറ്റിനീ നൗ എന്ന യൂട്യൂബ് ചാനൽ ആണ് വല്യേട്ടന്റെ ഡിജിറ്റൽ പതിപ്പ് പുറത്തിറക്കുന്നത്. മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രങ്ങളിലൊന്നായ അറക്കൽ മാധവനുണ്ണി ഇനി ആരാധകർക്ക് കൂടുതൽ മിഴിവോടെ കാണാം.
ചിത്രത്തിലെ “നിറനാഴി പൊന്നിൽ… ” എന്നു തുടങുന്ന ഗാനം ഡിജിറ്റൽ മികവോടെ മാറ്റിനി നൗ യൂട്യൂബ് ചാനൽ പുറത്തിറക്കി.
