മലയാള സിനിമാ നിർമ്മാതാക്കളിൽ ഒഴിച്ച് കൂടാനാവാത്ത സ്ഥാനമാണ് നിർമാതാവ് മിലൻ ജലീലിന് ഉള്ളത്, 1990കളുടെ പകുതിയിൽ മലയാളസിനിമാ മേഖലയിൽ നിർമാതാവായി ധൈര്യപൂർവ്വം കാലെടുത്തു വെച്ച് രണ്ടര പതിറ്റാണ്ടുകളായി സിനിമാ മേഖലയിൽ പ്രവർത്തിച്ചു പോരുകയാണ് മിലൻ ജലീലും , ഗാലക്‌സി ഫിലിംസും.കല്യാണപിറ്റേന്നിൽ തുടങ്ങി ഈ ഈദിനു പ്രദർശനത്തിനു എത്തുന്ന ഫാമിലി എൻറ്റർറ്റെയിനറായ ” ചിൽഡ്രൻസ് പാർക്ക്’ വരെയുള്ള തൻറ്റെ സിനിമാ ജീവിതത്തേയും ഒപ്പം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷൻ പ്രസിഡൻറ്റായിരുന്ന കാലത്തെക്കുറിച്ചും മമ്മൂട്ടി ടൈംസ് പ്രതിനിധിയുമായി മനസ് തുറക്കുകയാണ് മിലൻ ജലീൽ.
?? പ്രദർശനത്തിന് തയ്യാറെടുക്കുന്ന ചിൽഡ്രൻസ് പാർക്കിനെ കുറിച്ച്
== ഞാനും എൻറ്റെ സുഹൃത്തും മസ്‌ക്കറ്റിലെ വ്യവസായിയും കൂടിയായ രൂപേഷ് ഓമനയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന നർമ്മത്തിൽ ചാലിച്ച ഒരു ഫാമിലി എൻറ്റർറ്റെയിനാറായാണ് “ചിൽഡ്രൻസ് പാർക്ക്”. മലയാള സിനിമക്ക് മുഖവുരകളൊന്നും ഇല്ലാത്ത സഹോദരങ്ങളായ റാഫിയും ഷാഫിയും ആണ് ചിൽഡ്രൻസ് പാർക്കിനു പുറകിൽ പ്രവൃത്തിച്ചിരിക്കുന്നത്. റാഫിയുടെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്യുന്ന ഒരു സിനിമ എന്ന് പറയുമ്പോൾ തന്നെ എന്തൊക്കെ പ്രതീക്ഷിക്കാമോ അതെല്ലാം ചിൽഡ്രൻസ് പാർക്കിൽ ഉണ്ടാവും.
?? എങ്ങനെയാണ് ഒരു സിനിമ നിർമ്മിക്കാം എന്ന തീരുമാനത്തിൽ എത്തുന്നത്
== കഥ കേട്ട് ഇഷ്ടപ്പെടുമ്പോഴാണ്, ആ സിനിമയുമായി മുന്നോട്ട് പോകാം എന്ന തീരുമാനം എടുക്കുക. റാഫി ചിൽഡ്രൻസ് പാർക്കിൻറ്റെ കഥ പറഞ്ഞപ്പോൾ തന്നെ അതിലെ ഫാൻറ്റസി എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു, അതു കൊണ്ടാണ് ചിൽഡ്രൻസ് പാർക്ക് നിർമ്മിക്കാം എന്ന തീരുമാനത്തിൽ എത്തിചേർന്നത്.
?? ചിൽഡ്രൻസ് പാർക്ക് കുട്ടികളെ ലക്‌ഷ്യം വെയ്ക്കുന്ന ഒരു സിനിമകൂടിയാണല്ലോ ,ചിത്രത്തിൻറ്റെ റിലീസ് വെക്കേഷൻ സമയത്തായിരുന്നെങ്കിൽ കുറച്ചു കൂടി അനുകൂലമായ സാഹചര്യം ഉണ്ടാവുമെന്ന് തോന്നിയിരുന്നോ
== വെക്കേഷൻ സമയത്തെ വലിയ ചിത്രങ്ങൾക്കൊപ്പം ഉള്ള മത്‌സരം ചിലപ്പോൾ ചിൽഡ്രൻസ് പാർക്കിനെ ദോഷകരമായി ബാധിച്ചേക്കാം എന്ന് തോന്നി. പിന്നെ നോമ്പ് കാലത്ത് മലബാറിൽ നിന്നുള്ള കളക്ഷൻ കുറവാകാൻ ഉള്ള സാദ്യതയാണ് മേയ് മാസത്തെ റിലീസിങ് വേണ്ട എന്ന് വെച്ചത്. ജൂൺ അഞ്ചിനാണ് ചിൽഡ്രൻസ് പാർക്ക് റിലീസ് ചെയ്യാനായി പ്ലാൻ ചെയ്യുന്നത്. ഫാമിലി ഓഡിയൻസിനു സിനിമ ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. സ്ക്കൂളിൽ പോകുന്ന കുട്ടികൾ സ്‌കൂളിൽ വെച്ച് ചിൽഡ്രൻസ് പാർക്കിനെ പറ്റി സംസാരിച്ചാൽ ഇപ്പോൾ റിലീസ് ചെയ്യുന്നത് അനുകൂലഘടകമായി തന്നെ മാറും.
?? ധ്രുവ്, ഷറഫു, വിഷ്ണു മലയാള സിനിമയിലെ വളർന്നു വരുന്ന യുവതാരങ്ങളെ വെച്ച് ഒരു സിനിമ ചെയ്യുമ്പോൾ വെല്ലു വിളികൾ ഉണ്ടോ
== വെല്ലു വിളികൾ ഒന്നും ഇല്ല . മൂന്ന് പേരും മികച്ച അഭിനേതാക്കൾ ആണ്. അവരവരുടെ കഥാപാത്രങ്ങൾ അവർ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ത്രീ ഇഡിയറ്റ്സ് എന്ന ടാഗ് ലൈൻ ഈ മൂന്ന് പേരുടെ കഥാപാത്രങ്ങളെ സൂചിപ്പിച്ചു കൊണ്ട് സിനിമക്ക് കൊടുത്തിരിക്കുന്നു. മൂന്ന് പേർക്കും തുല്യ പ്രാധാന്യമുള്ള കഥാപാത്രമാണ് ചിൽഡ്രൻസ് പാർക്കിലേത് .ഇവരെകൂടാതെ ഇന്ദ്രജിത് ജൂനിയർ എന്ന പതിനാലു വയസുകാരനും ചിൽഡ്രൻസ് പാർക്കിൽ ഒരു ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വളരേയധികം കഴിവുകൾ ഉള്ള കൗമാരക്കാരൻ ആണ് ഇന്ദ്രജിത്ത് ജൂനിയർ, വരും നാളുകളിൽ ഇനിയും ഇന്ദ്രജിത്ത് ജൂനിയറിനെ മറ്റു പല സിനിമകളിലും മികച്ച വേഷങ്ങളിൽ കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു .ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോൻ എന്നിവരാഷണ് നായികമാരായി എത്തുന്നത്.
?? ഇരുപത്തഞ്ചു വർഷത്തോളം നിർമാതാവായി മലയാള സിനിമയിൽ ഉണ്ട്, പുതിയ കാലത്തെ സിനിമയിൽ സംഭവിക്കുന്ന മാറ്റങ്ങൾക്കൊപ്പം എങ്ങനെയാണ് മാറുന്നത്
== അങ്ങനെയൊരു മാറ്റമൊന്നും സിനിമക്ക് ഉള്ളതായി തോന്നുന്നില്ല, അന്നും ഇന്നും മലയാള സിനിമ പറയാൻ ശ്രമിക്കുന്നത് നല്ല കഥകൾ ആണ്. ആ കഥകളെ എത്രത്തോളം ആസ്വാദകരമായി അവതരിപ്പിക്കാം എന്നുള്ളിടത്താണ് ഒരു സിനിമ ഹിറ്റും, സൂപ്പർ ഹിറ്റുമൊക്കെയായി മാറുന്നത് എന്ന് കരുതുന്നു. മലയാള സിനിമക്ക് വസന്തകാലം ആണ് ഇപ്പോൾ ഉള്ളത്.പക്ഷേ സിനിമയുടെ നിർമാണ മേഖലയിൽ ചെലവ് വല്ലാതെ കൂടിയിട്ടുണ്ട് ചിലവിൻറ്റെ പോലെ തന്നെ വരുമാനത്തിലും വൻവർധന ഉണ്ടായിട്ടുണ്ട്. അത്യാധുനിക സംവിധാനത്തോട് കൂടിയുള്ള മൾട്ടിപ്ലക്സുകളിൽ ആഘോഷപൂർവ്വം സിനിമ ആസ്വദിക്കുന്ന ഒരു തലമുറ നമുക്കിടയിൽ വളർന്നു വരുന്നത് സിനിമാ മേഖലക്കു ഒരു പാട് പ്രതീക്ഷകൾ നൽകുന്നു.
?? കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻറ്റെ മുൻ പ്രസിഡൻറ്റ് എന്ന നിലയിൽ മലയാള സിനിമയെ ഒരു വ്യവസായം എന്ന രീതിയിൽ എങ്ങനെ വിലയിരുത്തുന്നു
== കേരള ഫിലിം പ്രൊഡൂസേഴ്സ് അസോസിയേഷൻ വളരെ നല്ല രീതിയിൽ ഉയർന്നു പ്രവർത്തിക്കുന്നുണ്ട്.പ്രശ്ന പരിഹാരത്തിനായി അമ്മ , ഫെഫ്ക്ക,ഡിസ്‌ട്രിബൂഷൻ അസ്സോസിയേഷൻ തീയറ്റർ അസ്സോസിയേഷൻ എന്നിവ പോലുള്ള സംഘടനകൾക്കൊപ്പം ഇരുന്നുകൊണ്ട് പ്രൊഡൂസേഴ്സ് അസ്സോസ്സിയേഷൻ നിരന്തരം മീറ്റിങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. നമ്മുടെ ഗവൺമെൻറ്റിൻറ്റെ ഭാഗത്തു നിന്നും സിനിമാ നിർമാതാക്കൾക്കു യാതൊരു രീതിയിലും ഉള്ള സഹായങ്ങൾ കിട്ടുന്നില്ല എന്നത് വളരേ ദൗർഭാഗ്യകരമായ കാര്യമാണ്.മുനിസിപ്പാലിറ്റി,പഞ്ചായത്ത്,കോർപ്പറേഷൻ തുടങ്ങിയവ സിനിമാ നിർമാതാവിൻറ്റെ അടുത്ത് നിന്ന് പിരിക്കുന്ന ടാക്സിൻറ്റെ കാര്യത്തിൽ വിട്ടു വീഴ്ചകൾ ചെയ്‌താൽ ഒരു സംരഭം എന്ന നിലയിൽ മലയാള സിനിമയെ സമീപിക്കുന്നവരെ കൂടുതൽ കാണാൻ കഴിയും.അടുത്തിടെ പത്തു ശതമാനം അഡീഷണൽ ടാക്സ് മലയാള സിനിമാ നിർമാതാക്കളുടെ കൈകളിൽ നിന്നും ഈടാക്കാൻ എടുത്ത തീരുമാനമൊക്കെ( തത്ക്കാലത്തേക്ക് സ്റ്റേ ആണ് ) പുതിയ നിർമാതാക്കൾ സിനിമയിലേക്ക് വരുന്നതിനു തടസ്സം നിൽക്കുന്നതാണ്
?? മലയാളത്തിൻറ്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒന്നിലേറെ സിനിമകൾ പ്രവർത്തിച്ച ആളെന്ന നിലയിൽ മമ്മൂട്ടിയുമായി പ്രവർത്തിച്ചതിനെക്കുറിച്ച്
== നാലു സിനിമകൾ ഞാൻ മമ്മൂക്കക്കൊപ്പം പ്രവൃത്തിച്ചിട്ടുണ്ട്, തുരുപ്പുഗുലാനിൽ ആയിരുന്നു തുടക്കം. ഒരു താരം എന്നതിൽ ഉപരി ഒരു സഹോദരതുല്യൻറ്റെ സ്ഥാനമാണ് ഞാൻ മമ്മൂക്കക്കു എൻറ്റെ ജീവിതത്തിൽ നൽകുന്നത്. ഞാൻ കടന്നു പോയ പല പ്രതിസന്ധി ഘട്ടത്തിലും ഒരു കൈത്താങ്ങായി നിന്നയാൾ കൂടിയാണ് മമ്മൂക്ക.എൻറ്റെ സിനിമാനുഭവത്തിൽ ഒരു നിർമാതാവായ എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ടു ചെയ്തിരിക്കുന്നയാൾ മമ്മൂക്കയാണ്. അഞ്ചാമത് ഒരു സിനിമ മമ്മൂക്കക്കൊപ്പം പ്രവൃത്തിക്കുന്നതിൻറ്റെ ആലോചനകൾ നടക്കുന്നുണ്ട്
?? ചിൽഡ്രൻസ് പാർക്ക് കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകരോട് എന്താണ് പറയാൻ ഉള്ളത്
== എല്ലാവരും ഈ സിനിമ കാണണം, സിനിമ പ്രിവ്യു കണ്ടവർക്കൊക്കെ നല്ല അഭിപ്രായമാണ് ഉള്ളത്. നിങ്ങൾക്ക് കുട്ടികൾക്കും കുടുംബത്തിനും ഒപ്പം എല്ലാം മറന്നു ആസ്വദിക്കാൻ പറ്റിയ ഒരു ഫാമിലി എൻറ്റർറ്റെയിനർ ആവും ചിൽഡ്രൻസ് പാർക്ക് എന്ന് കരുതുന്നു.