ദുൽഖർ സൽമാൻ നായകനാകുന്ന ഒരു യമണ്ടൻ പ്രേമകഥയുടെ സെക്കൻഡ് തീസർ ഇതിനകം വൻ ജനശ്രദ്ധയാണ് പിടിച്ചുപറ്റിയിരിക്കുന്നത്. സോഷ്യൽ മീഡിയ ലോകത്ത് ഇത് വൈറലായി മാറിയിരിക്കുന്നു.
ജോൺസൺ മാസ്റ്റർ ഈണം പകർന്ന് “അനുരാഗിണി ഇതാ എൻ കരളിൽ… ” എന്നു തുടങ്ങുന്ന ഗാനം റേഡിയോയിൽ നിന്നും കേൾക്കുന്ന ദുൽഖർ.. പുറത്തു തിമിർത്തു പെയ്യുന്ന മഴ.. പുറത്തേക്കുവന്നു കൈയിലുള്ള ഗ്ലാസ്സിൽ നിന്നും ചുടു ചായ ഒരു വലി കുടിച്ചശേഷം മഴയത്തേക്ക് നോക്കി വല്ലാത്തൊരു ഗൃഹാതുരതയോടെ ദുല്ഖറിന്റെ ലല്ലു എന്ന കഥാപാത്രം ഇങ്ങനെ പറയുന്നു,
“മഴ… ചായ… ജോൺസൺ മാഷ്… ആഹാ… അന്തസ്സ് !”
ഈ തീസർ പ്രേക്ഷകർക്കിടയിൽ മാത്രമല്ല, സിനിമാക്കാർക്കിടയിലും ഏറെ ചർച്ചയായി മാറിയിരിക്കുന്നു.
യമണ്ടൻ പ്രേമകഥയുടെ ഈ തീസർ കണ്ടശേഷം സംവിധായകൻ സത്യൻ അന്തിക്കാട് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചതിങ്ങനെ :
എന്റെ സിനിമകളുടെ സ്ഥിരം സംഗീത സംവിധായകനായിരുന്നു ജോൺസൺ.
അന്നൊക്കെ ഏതു സിനിമയുടെ കമ്പോസിംഗിനു വന്നാലും രണ്ടു പാട്ടുകൾ പാടിക്കേൾക്കണമെന്ന് സ്നേഹപൂർവ്വം ഞാൻ നിർബ്ബന്ധിക്കും.
“ഇയാളെക്കൊണ്ടു തോറ്റു” എന്നു പറഞ്ഞ് ഹാർമ്മോണിയത്തിൽ വിരലോടിച്ച് ആർദ്രമായ ശബ്ദത്തിൽ ജോൺസൺ പാടും..
‘ഗോപികേ നിൻ വിരൽ’
‘അൻരാഗിണീ ഇതാ എൻ..’
എത്ര തവണ കേട്ടാലും കണ്ടാലും മതിയാവാറില്ല.
ആ ജോൺസൺ കാലം പെട്ടെന്നോർത്തുപോയി ദുൽഖർ സൽമാന്റെ പുതിയ സിനിമയുടെ ടീസർ കണ്ടപ്പോൾ.
വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്ജ് എന്നിവരുടെ തിരക്കഥയിൽ നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ഒരു യമണ്ടൻ പ്രേമകഥ കോമഡിയുടെ പശ്ചാത്തലത്തിൽ ഒരു നാടൻ പ്രണയകഥയാണ് പറയുന്നത്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ സംയുകതാ മേനോനും നിഖിത വിമലും നായികമാരാകുന്നു. ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രം നാളെ തിയേറ്ററുകളിൽ എത്തും.