മാമാങ്കം സിനിമയുടെ റിലീസ് അടുക്കുന്തോറും ആ സിനിമയുമായി ബന്ധപ്പെട്ട വാർത്തകളും വിശേഷങ്ങളും വേറെ ലെവലിൽ എത്തുകയാണ്. ഒട്ടേറെ പ്രതീക്ഷകളോടെയാണ് മമ്മൂട്ടിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്.
മാമാങ്കം റിലീസ് ഡേ തന്നെ കാണുന്നതിനുവേണ്ടി സ്വന്തം കല്യാണം പോലും നേരത്തെ ആക്കിയ മെയ് മോൻ സുരേഷ് എന്ന ഒരു മമ്മൂട്ടി ആരാധകന്റെ കഥ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കേരളമെങ്ങും വ്യത്യസ്തമായ ആഘോഷങ്ങളോടെയാണ് മമ്മൂട്ടി ആരാധകർ ഈ ചിത്രത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്. ഫാൻസ് ഷോ എന്ന ക്ളീഷേ പരിപാടികൾക്കും അപ്പുറത്ത് ഈ സിനിമയെ ജനകീയമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. തിയേയറുകളിൽ ‘മാമാങ്ക മഹോത്സവങ്ങൾ’ ഒരുക്കി ഒരു ഉത്സവത്തിന്റെ പ്രതീതിയോടെ ഈ ചരിത്ര സിനിമയെ വരവേൽക്കാൻ സന്നാഹങ്ങൾ ഒരുക്കി അവർ കാത്തിരിക്കുകയാണ്. അതിനായി പ്രമോഷന്റെ എല്ലാ സാധ്യതകളും മനസ്സിലാക്കി ഫാൻസുകാർക്കുവേണ്ട സപ്പോർട്ടുമായി നിർമാതാവ് വേണു കുന്നപ്പിള്ളിയും ടീമും അവർക്കൊപ്പമുണ്ട്.
ഇപ്പോഴിതാ മാമാങ്കം ട്രെയിലർ ലോഞ്ചും വൻ ആഘോഷമാക്കുകയാണ് ആരാധകർ. ബിഗ് സ്‌ക്രീനിൽ ലൈവ് ആയി പ്രദര്ശനം ഒരുക്കിയാണ് ഫാൻസുകാർ ട്രെയിലർ ലോഞ്ച് ആഘോഷമാക്കുന്നത് . പെരിന്തൽമണ്ണ മമ്മൂട്ടി ഫാൻസ് അസോസിയേഷനാണ് ട്രെയിലർ ലൈവ് ആയി പെരിന്തൽമണ്ണ സവിത തിയേറ്ററിൽ പ്രദർശനം ഒരുക്കിയിട്ടുള്ളത്. ഇന്ന് നാലു മണിയ്ക്ക് ലഹാരി യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്യുന്ന മാമാങ്കം ട്രെയിലർ ജനങ്ങൾക്ക് ബിഗ് സ്‌ക്രീനിൽ തത്സമയം കാണാം. പ്രവേശനം സൗജന്യമാണ്.