ഒരേ സമയം നാല് ഭാഷകളിൽ പ്രദര്ശനത്തിനെത്തുന്ന മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ തമിഴ് പതിപ്പ് ഡബ്ബിംഗ് കൊച്ചി വിസ്മയാസ് സ്റ്റുഡിയോവിൽ പുരോഗമിക്കുകയാണ്. പ്രശസ്ത തമിഴ് സംവിധായകൻ റാമിനാണ് തമിഴ് പതിപ്പിന്റെ ചുമതല. ചിത്രത്തിൽ മമ്മൂട്ടി തന്നെയാണ് തമിഴ് ഡബ്ബിംഗ് ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഡബ്ബിംഗ് ജോലികളുമായി ബന്ധപ്പെട്ട റാം കൊച്ചിയിലുണ്ട്. ദുബായ് സന്ദർശനം കഴിഞ്ഞു തിരിച്ചെത്തിയ മമ്മൂട്ടി കഴിഞ്ഞ ദിവസമാണ് ഡബ്ബിങ്ങിൽ ജോയിൻ ചെയ്തത്.
ദേശീയ അന്തർദേശീയ വേദികളിൽ ഒട്ടേറെ പ്രശംസകളും അംഗീകാരങ്ങളും വാരിക്കൂട്ടിയ പേരന്പ് എന്ന ചിത്രം ഒരുക്കിയ റാമും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നത് മാമാങ്കത്തിനു വേണ്ടിയാണെന്ന പ്രത്യേകതയും ഉണ്ട് . മാമാങ്കത്തിന്റെ ഡബ്ബിംഗ് ജോലികൾ തുടരവേ അപ്രതീക്ഷിതമായി ഒരു പിറന്നാൾ ആഘോഷത്തിന് കൊച്ചി വിസ്മയാസ് സ്റ്റുഡിയോ ഇന്നലെ (വെള്ളി) സാക്ഷ്യം വഹിച്ചു. പിറന്നാൾ മറ്റാരുടേതുമായിരുന്നില്ല. സാക്ഷാൽ റാമിന്റേതായിരുന്നു. പിറന്നാൾ വിവരം അറിഞ്ഞ മമ്മൂട്ടിയും ടീമും അത് ആഘോഷിക്കാൻ തന്നെ തീരുമാനിച്ചു. ഡബ്ബിങിന്റെ ഇടവേളയിൽ കേക്ക് മുറിച്ചുകൊണ്ട് റാമിന്റെ പിറന്നാൾ ആഘോഷം മമ്മൂട്ടിയും മാമാങ്കം അണിയറ പ്രവർത്തകരും ചേർന്ന് ഗംഭീരമാക്കി.
ഈ പിറന്നാൾ അപ്രതീക്ഷിതമായി മമ്മൂട്ടിക്കൊപ്പം മാമാങ്കത്തിന്റെ സെറ്റിൽ ആഘോഷിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം റാം പങ്കുവെച്ചു. മാമാങ്കത്തിന്റെ സംവിധായകൻ എം. പദ്മകുമാർ, ചിത്രത്തിൻറെ മറ്റു അണിയറ പ്രവർത്തകരും ആഘോഷത്തിൽ പങ്കുചേർന്നു.
