മാമാങ്കത്തിന്റെ തെലുങ്ക് ഡബ്ബിംഗ് ഹൈദരാബാദിൽ പുരോഗമിക്കുന്നു. തെലുങ്ക് പതിപ്പിന്റെ ഡബ്ബിങ്ങിനായി മമ്മൂട്ടി ഹൈദരാബാദിൽ എത്തി. തമിഴ് പതിപ്പിന്റെ ഡബ്ബിംഗ് കഴിഞ്ഞ ദിവസം മമ്മൂട്ടി പൂർത്തിയാക്കിയിരുന്നു. പ്രശസ്ത തമിഴ് സംവിധായകൻ റാമിന്റെ മേൽനോട്ടത്തിലാണ് മാമാങ്കം തമിഴ് ഡബ്ബിംഗ് നടന്നത്. കൊച്ചി വിസ്മയാസ് സ്റുഡിയോസിൽ ആയിരുന്നു ഡബ്ബിംഗ്.
ചിത്രത്തിൻറെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിൽ മമ്മൂട്ടി തന്റെ സ്വന്തം ശബ്ദമാണ് നൽകുന്നത്.
കാവ്യാ ഫിലിംസിന്റെ ബാനറിൽ പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന മാമാങ്കം മലയാളത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമെന്ന പ്രത്യേകതയോടെയാണ് എത്തുന്നത്. നവംബർ ഇരുപത്തി ഒന്നിന് ലോകവ്യാപകമായി ചിത്രം തിയേറ്ററുകളിൽ എത്തും.
വർഷങ്ങൾക്കു മുൻപ് തിരുനാവായ മണപ്പുറത്ത് പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന മാമാങ്ക മഹോത്സവവും അതുമായി ബന്ധപ്പെട്ട ചാവേറുകളുടെ കഥയുമാണ് ചിത്രം പറയുന്നത്. ചാവേറുകളായി പൊരുതി മരിക്കാൻ വിധിക്കപ്പെട്ട പോരാളികളുടെ കഥ പറയുന്ന ചിത്രത്തിൽ ചാവേറുകളുടെ തലവനായി മമ്മൂട്ടി എത്തുന്നു. ഉണ്ണി മുകുന്ദൻ, സുരേഷ് കൃഷ്ണ, കനിഹ, പ്രാചവി തെഹ്‌ലാൻ, അനു സിതാര, ഇനിയ, മണിക്കുട്ടൻ, മേഘനാഥൻ, മണികണ്ഠൻ, സുദേവ് നായർ തുടങ്ങിയവർക്കൊപ്പം അന്യഭാഷാ താരങ്ങളും നിരവധി പുതുമുഖങ്ങളും പ്രത്യക്ഷപ്പെടുന്നു.