മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം മാമാങ്കത്തിന്റെ രണ്ടാംഘട്ട ഷെഡ്യൂള്‍ പൂര്‍ത്തിയായി. എറണാംകുളത്താണ് രണ്ടാംഘട്ടം ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ ഷെഡ്യൂള്‍ മംഗലാപുരത്താണ് പൂര്‍ത്തിയാക്കിയത്. ഇനി രണ്ട് ഷെഡ്യൂളുകള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്.
വള്ളുവനാടിന്റെ ചരിത്രം പറയുന്ന സിനിമയാണ് മാമാങ്കം. രണ്ട് ബോളിവുഡ്അഭിനേത്രികള്‍ക്കൊപ്പം മൂന്ന് മലയാളി നടികളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സ്ത്രീ വേഷത്തിലടക്കം നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മെഗാസ്റ്റാര്‍ എത്തുക.
മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റം ചെയ്യും. തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്ത വാവില്‍ നടക്കുന്ന മാമാങ്കത്തിന്റെയും ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. മഹാനടന്റെ മറ്റൊരു ചരിത്ര വേഷത്തിനു വേണ്ടി കാത്തിരിക്കുകയാണ് മലയാള സിനിമാലോകം.
മാമാങ്കത്തിന്റെ രണ്ടാംഘട്ട ഷൂട്ടിങ് പൂർത്തിയാക്കിയ താരം ഈ മാസം അവസാനത്തോടെ വൈ എസ് ആറിന്റെ ജീവിതകഥ പറയുന്ന തെലുഗ് ചിത്രമായ യാത്രയിൽ ജോയിൻ ചെയ്യും.