മാമാങ്കം റിലീസിനു തയ്യാറടുക്കുന്നു… ഷൈലോക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ഇന്ന് രാത്രി (നവംബർ 9) ഏഴു മണിയ്ക്ക്.
വൺ സിനിമയുടെ ടൈറ്റിൽ ലോഞ്ച് നവംബർ 10-നു.
ഒരു സി ബി ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം സീരീസിന്റെ ടൈറ്റിൽ അനൗൺസ്മെന്റും ലോഞ്ചും ഉടൻ നടത്താനുള്ള തയ്യാറെടുപ്പിൽ..
വൺ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഇതിനിടയിൽ മാമാങ്കം തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ഡബ്ബിംഗും പ്രമോഷൻ വർക്കുകളും…! ഇതെല്ലാം ഒരു നായകനാടന്റെ സിനിമാക്കാര്യങ്ങൾ!! അതേ… മമ്മൂട്ടി എന്ന ഒരേ ഒരു മെഗാസ്റ്റാറിന്റെ തിരക്കുപിടിച്ച ഷെഡ്യുളുകളുടെ പട്ടിക ഇങ്ങനെ നീളുന്നു… ഇതിനിടയിൽ വിദേശ യാത്രകൾ, പുതിയ സിനിമയുടെ കഥ കേൾക്കൽ… ഏറ്റെടുത്ത സിനിമകളുടെ തിരക്കഥാ ചർച്ച…
മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിരക്കുള്ള നായകനടൻ ആര് എന്ന ചോദ്യത്തിന് മെഗാസ്റ്റാർ മമ്മൂട്ടി എന്നാണ് ഉത്തരം. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ഈ വർഷം ഇതുവരെയായി തിയേറ്ററിൽ എത്തിയ മമ്മൂട്ടി ചിത്രങ്ങളുടെ എണ്ണം ആറ്. മാമാങ്കം, ഷൈലോക്ക് കൂടി എത്തുന്നതോടെ 2019-ൽ മൊത്തം എട്ടു ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തും!
ഈ വർഷം തന്നെ വൺ അടക്കം ഒമ്പതോളം ചിത്രങ്ങൾക്കുവേണ്ടി ഒരു നായകനടൻ ക്യാമറയ്ക്ക് മുൻപിൽ നിൽക്കുമെന്ന് പറയുമ്പോൾ തന്നെ മമ്മൂട്ടി എന്ന താരത്തിന്റെ തിരക്ക് ഊഹിക്കാവുന്നതേയുള്ളൂ… ഇതിനിടയിൽ അവാർഡ് ദാന ചടങ്ങുകൾ.. ഉദ്ഘാടനങ്ങൾ… ചിത്രങ്ങളുടെ പ്രമോഷൻ വർക്കുകൾ… ഡബ്ബിംഗ്… അങ്ങനെ മമ്മൂട്ടിയ്ക്ക് വർഷത്തിൽ 365 ദിവസത്തേക്കാൾ കൂടുതലുണ്ടോ എന്നുപോലും തോന്നിപ്പിക്കുന്നത്രയും തിരക്കിലാണ് താരം.
നാലു ഭാഷകളിലായി ഒരുങ്ങുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കം ഉടൻ തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ കൃത്യമായ റിലീസ് ഡേറ്റ് ഇന്ന് രാത്രി ഒഫീഷ്യലായി പുറത്തുവിടും എന്നാണ് അറിവ്. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച മാമാങ്കത്തിന്റെ സംവിധായകൻ എം പദ്മകുമാറാണ്.
ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ഇന്ന് വൈകീട്ട് 7 മണിയ്ക്ക് നടക്കും. 25 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു കഴുത്തറുപ്പൻ പലിശക്കാരനായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി എന്ന മെഗാ താരത്തിന് പൂന്തുവിളയാടാനുള്ള ഒരു എക്സ്ട്രീം മാസ്സ് ക്യാരക്ടറാണ് ഷൈലോക്കിലേത്. നവാഗതരായ അനീഷ് ഹമീദ്, ബിനീഷ് മോഹൻ എന്നിവരുടെതാണ് തിരക്കഥ.
ബോബി സഞ്ജയുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിൽ കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്നു. തിരുവനന്തപുരത്ത് ചിത്രീകരണം തുടരുന്ന ചിത്രം മാർച്ച് അവസാനം തിയേറ്ററുകളിൽ എത്തും. നവംബർ 10-നു ടൈറ്റിൽ ലോഞ്ച് മമ്മൂട്ടിയുടെ ഫേസ് ബുക്ക് പേജിലൂടെ നാളെ പുറത്തുവിടും.
ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം സീരീസ് ആയി കെ മധു എസ് എൻ സ്വാമി മമ്മൂട്ടി ടീം ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റും ടൈറ്റിൽ ലോഞ്ചും ഉടനെ നടക്കും.
മാമാങ്കം കൂടി റിലീസാകുന്നതോടെ ഒരു വർഷത്തിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ച നായക നടൻ എന്ന ഖ്യാതി കൂടി മമ്മൂട്ടി സ്വന്തമാക്കും.
