
കാവ്യാ ഫിലിംസ് പോലീസിൽ നൽകിയ പരാതിയുടെ പകർപ്പ്
മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിനെതിരെ ആസൂത്രിത നീക്കം നടക്കുന്നതായി നിർമ്മാതാക്കളുടെ പരാതി.
മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കം ഡിസംബർ 12നു നാലു ഭാഷകളിലായി ലോകവ്യാപകമായി റിലീസിനു തയ്യാറെടുക്കുകയാണ്. 55 കോടിയിൽ പരം രൂപ മുതൽ മുടക്കി നിർമ്മിച്ച ഈ ചരിത്ര സിനിമ ലോക സിനിമയ്ക്ക് മുന്നിൽ മലയാളത്തിന്റെ മാർക്കറ്റ് മറ്റൊരു തലത്തിൽ എത്തിക്കുമെന്നാണ് സിനിമാ അനലിസ്റ്റുകളുടെ നിരീക്ഷണം.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ അതാത് സംസ്ഥാനത്തെ നമ്പർ വൺ ബാനറുകളാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
എന്നാൽ സിനിമയുടെ റിലീസ് അടുക്കുന്തോറും ചിത്രത്തിനെതിരെ സംഘടിതമായ ഗൂഢാലോചന നടക്കുന്നതായാണ് നിർമ്മാതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
മാമാങ്കത്തിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം സംഘടിതമായ നീക്കങ്ങളാണ് നിലവിൽ നടക്കുന്നത് എന്നും ഇതിനു പിന്നിൽ ചില ശക്തികൾ ബോധപൂർവമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതായും പരാതിയിൽ പറയുന്നു.
റിലീസ് ചെയ്യാത്ത സിനിമ പരാജയമാണെന്ന രീതിയിൽ വരെ പ്രചാരണങ്ങൾ നടക്കുന്നതായും പറയുന്ന പരാതിയിൽ അതിന്റെയെല്ലാം തെളിവുകളും പൊലീസിന് നൽകിയ പരാതിക്കൊപ്പമുണ്ട്.
ഒരേ കേന്ദ്രത്തിൽ നിന്നാണ് സോഷ്യൽ മീഡിയകളിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് എന്നും ഇതിനു പിന്നിൽ ചിലരുടെ ക്വട്ടേഷൻ ഏറ്റെടുത്ത ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസികൾ ആണോ എന്ന് സംശയിക്കുന്നതായും ഇത് പോലീസ് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമ എന്ന നിലയ്ക്ക് അണിയറ പ്രവർത്തകരായ തങ്ങൾക്കും പ്രേക്ഷകർക്കും വലിയ പ്രതീക്ഷയാണുള്ളത് എന്നും എന്നാൽ ഈ സിനിമ പുറത്തിറങ്ങരുത് എന്നും അഥവാ പുറത്തിറങ്ങിയാൽ പരാജയപ്പെടണം എന്നുള്ള ഗൂഢലക്ഷ്യത്തോടെയാണ് ചിലർ പ്രവർത്തിക്കുന്നത് എന്നുമാണ് അണിയറക്കാർ പറയുന്നത്.
മാമാങ്കം പോലൊരു ബ്രഹ്മാണ്ഡ ചരിത്ര സിനിമയോടുള്ള ഈ നീക്കത്തിനെതിരെ സിനിമാമേഖലയിലും ആരാധകർക്കിടയിലും വൻ പ്രതിഷേധമാണ് ഉയരുന്നത്.
ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ എത്ര ഉന്നതരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടത് മലയാള സിനിമയുടെ നിലനിൽപിന് തന്നെ ആവശ്യമാണ്. മാമാങ്കം പോലെ ബിഗ് ബജറ്റ് സിനിമകൾ ഇനിയും ഈ ഇൻഡസ്ട്രിയിൽ ഉണ്ടാകണം എങ്കിൽ ഇത്തരം സിനിമകൾ വിജയിക്കേണ്ടത് ഇൻഡസ്ട്രിയുടെ തന്നെ ആവശ്യമാണ്. സിനിമയോടുള്ള താല്പര്യം മൂലമാണ് പ്രവാസി വ്യാവസായി കൂടിയായ വേണു കുന്നപ്പിള്ളി ഇത്രയും വലിയ മുതൽ മുടക്കിൽ സിനിമ നിർമ്മിക്കാൻ തയ്യാറായി മുന്നോട്ടു വന്നത്. എന്നാൽ ഇത്തരം നീക്കങ്ങൾ സിനിമാ വ്യവസായത്തിന് തന്നെ ഭീഷണിയാണ്. അതുകൊണ്ടുതന്നെ മാമാങ്കം സിനിമയുടെ അണിയറ പ്രവർത്തകരുടെ ഈ പരാതി അർഹിക്കുന്ന ഗൗരവത്തിൽ എടുക്കാൻ പോലീസും സർക്കാരും തയ്യാറാകണം.
