സമീപകാലത്ത് മലയാള സിനിമയിൽ ഏറെ ചർച്ചാവിഷയമായതും സോഷ്യൽ മീഡിയയിൽ വൻ വൈറൽ ആവുകയും ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് മാമാങ്കത്തിന്റേത്.
കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ തന്നെ വൻ മാധ്യമശ്രദ്ധയും ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേടിയിരുന്നു. ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളിൽ മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റർനെക്കുറിച്ചുള്ള വാർത്തകൾ പ്രത്യക്ഷപ്പെട്ടത് മലയാള സിനിമയ്ക്ക് തന്നെ അഭിമാനം ഉളവാക്കുന്ന ഒന്നായി മാറി.
മാമാങ്കത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഇന്ന് രാവിലെ 10 മണിയ്ക്ക് പുറത്തിറങ്ങുകയാണ്. മലയാള സിനിമാ ലോകവും പ്രേക്ഷകരും ഏറെ ആകാംഷയോടെയാണ് ഇതിനായി കാത്തിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് തിരുനാവായ കടപ്പുറത്ത് നടന്നിരുന്ന മാമാങ്കം ഉത്സവത്തിൽ ചാവേറുകളായി പോരാടിയ ഒരു കൂട്ടം ചാവേറുകളുടെ കഥപറയുന്ന മാമാങ്കത്തിൽ മമ്മൂട്ടിയാണ് നായകൻ. എം പത്മകുമാർ അണിയിച്ചൊരുക്കുന്ന മാമാങ്കത്തിൽ ഉണ്ണിമുകുന്ദൻ, കനിഹ, സിദ്ധിഖ്, സുരേഷ് കൃഷ്ണ, അനു സിത്താര തുടങ്ങിയ മലയാളത്തിലും അന്യഭാഷകളിലും ഉള്ള പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
കാവ്യാ ഫിലിംസിന്റെ ബാനറിൽ പ്രമുഖ പ്രവാസി വ്യവസായി വേണു കുന്നപ്പള്ളി ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം എന്ന പ്രത്യേകതയോടെയാണ് മാമാങ്കം തിയേറ്ററുകളിലെത്തുന്നത്. ഒക്ടോബർ അവസാനത്തോടെ മാമാങ്കം തീയറ്ററുകളിലെത്തും.