അഭിനയ മികവുകൊണ്ട് അന്യഭാഷകളിലും ആരാധകരെ സൃഷ്ടിക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റോരു അഭിനേതാവ് മലയാളത്തിലില്ല. ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുഗു ചിത്രമായ ‘യാത്ര’ ഡിസംബർ 21 ന് പ്രദർശത്തിനെത്തും.ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി Y.S രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറയുന്ന ‘യാത്ര’ സംവിധാനം ചെയ്തത് മഹീ വി രാഘവാണ്. മഹാ നടനോടൊപ്പം ഒരു ചിത്രത്തിൽ ഒരുമിച്ചു പ്രവർത്തിക്കുവാൻ ലഭിച്ച അവസരത്തിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്ന്മഹീ വി രാഘവ് തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു.
സംവിധായകന്റെ വാക്കുകൾ:
“മമ്മൂട്ടിയോടൊപ്പമുള്ള ഞങ്ങളുടെ അവിസ്മരണീയമായ യാത്ര ഇതാ അവസാനിച്ചിരിക്കുന്നു.390ൽ അധികം ചിത്രങ്ങൾ, 3 ദേശീയ അവാർഡുകൾ, അറുപതിലധികം പുതുമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ച ചരിത്രം.ഇതിനെല്ലാമുപരിയായി അദ്ദേഹം ഏവർക്കും ഒരു മാർഗ്ഗ ദർശിയാണ്, ഉത്കൃഷ്ടമായ വ്യക്തിത്വത്തിന് ഉടമയാണ് . അദ്ദേഹത്തിനിനി ഒന്നും തെളിയിക്കാനില്ല. വെറുതേ അസ്തമയത്തിലേയ്ക്ക് നടന്ന് മറഞ്ഞാലും ഒരു ഇതിഹാസമായി തുടരാൻ അദ്ദേഹത്തിന് കഴിയും .അതിഥിയെ ബഹുമാനിക്കുക എന്നത് നമ്മുടെ പാരമ്പര്യവും സംസ്കാരവുമാണ്. ഒരു നടൻ എന്ന നിലയിൽ നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് അദ്ദേഹം ഉയർന്നില്ലെങ്കിൽ തീർച്ചയായും നിങ്ങൾക്ക് അദ്ദേഹത്തെ വിമർശിക്കാം പ്രേക്ഷകൻ എന്ന നിലയിൽ അത് നിങ്ങളുടെ അവകാശം തന്നെയാണ്.എന്നാൽ, ഇതാ ഇവിടെ ഈ നടൻ തെലുങ്കിൽ തിരക്കഥ കേൾക്കുന്നു, ഓരോ വാക്കിന്റെയും അർത്ഥം പഠിക്കുന്നു, സ്വന്തം ഭാഷയിൽ ഓരോ വാക്കും എഴുതി പഠിച്ച് വരികൾ കൃത്യമായി ഉച്ഛരിക്കുന്നു. വീണ്ടും വീണ്ടും ഓരോ വരിയും ഡബ്ബ് ചെയ്ത് പരമാവധി പൂർണ്ണത നൽകാൻ ശ്രമിക്കുന്നു.. അത്രയേറെ ഇഷ്ടമാണ്, ആരാധനയാണ് അദ്ദേഹത്തിന് നമ്മുടെ ഭാഷയോട്, സംസ്കാരത്തോട്, സിനിമയോട്.ഇതിലപ്പുറം ഒന്നും എനിക്ക് അദ്ദേഹത്തോട് ആവശ്യപ്പെടാനില്ല.. നെഞ്ചിൽ കൈ വച്ച് ഞാൻ പറയുന്നു , മറ്റൊരു നടനുമാവില്ല ഈ തിരക്കഥയെ, ഈ കഥാപാത്രത്തെ, ഇത്രയേറെ ജീവസ്സോടെ അവതരിപ്പിക്കാൻ.മാസ്മരികമാണ്, അദ്ഭുതാവഹമാണ് അദ്ദേഹം.. ഈ യാത്രക്ക് അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി”
