# തയ്യാറാക്കിയത് – Hadiq Rahman
മെമ്മറീസ്,ദൃശ്യം പോലുള്ള സസ്പെൻസ് ത്രില്ലറുകൾ മാത്രമല്ല, മൈ ബോസ് പോലെയുള്ള പക്കാ കോമഡി എന്റർടൈൻമെന്റ് ചിത്രങ്ങളും ഒരുക്കി കൈയടി നേടിയ സംവിധായകനാണ് ജിത്തു ജോസഫ്. അതുകൊണ്ടുതന്നെ യുവതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി കോമഡിയുടെ പശ്ചാത്തലത്തിൽ ജിത്തു ഒരു ചിത്രം ഒരുക്കുമ്പോൾ അത് പ്രേക്ഷകരെ രസിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാതെയാണ് ജിത്തു Mr. &Ms റൗഡി ഒരുക്കിയിരിക്കുന്നത്.
ചിരിയിൽ പൊതിഞ്ഞ ഒരു യൂത്ത്‌ഫുൾ എന്റർടൈനറായ ചിത്രം യൂത്തിനെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്നുവെന്നാണ് തിയേറ്റർ റിപ്പോർട്ടുകൾ നൽകുന്ന സൂചന.
കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിൽ അപര്‍ണ ബാലമുരളിയാണ് നായിക. സായ് കുമാര്‍, വിഷ്‍ണു ഗോവിന്ദൻ, ശരത്, ഗണപതി, എസ്തര്‍ അനിൽ, ഷെബിന്‍ വിന്‍സണ്‍, ഭഗത് മാനുവല്‍ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്.
കുട്ടിക്കാലത്തു ചെയ്ത മനഃപൂർവമല്ലാത്ത കൊലയുടെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ചു തിരിച്ചു നാട്ടിലെത്തുമ്പോൾ സമൂഹത്തിൽ നിന്ന് ഉണ്ടായ അവഗണന മൂലം ക്വട്ടേഷൻ സംഘം ആയിത്തീരുന്ന ചെറുപ്പക്കാരിലേക്കാണ് ജിത്തു ജോസഫ് ഇക്കുറി പ്രേക്ഷകരെ ക്ഷണിക്കുന്നത്. ഗുണ്ടാ സംഘത്തിനൊപ്പം ചങ്കുറപ്പുള്ള ഒരു പെണ്‍കുട്ടി വരുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളും ഒക്കെ മനോഹരമായാണ് അദ്ദേഹം ചിത്രത്തിൽ കോര്‍ത്തിണക്കിയിട്ടുള്ളത്.
ഗുണ്ടാ വേഷം തരക്കേടില്ലാതെ കാളിദാസ് ജയറാം അവതരിപ്പിച്ചിട്ടുണ്ട്. പതിവുപോലെ സ്വതസിദ്ധമായ അഭിനയം കൊണ്ട് പൂർണ്ണിമ എന്ന കഥാപാത്രത്തെ അപർണ ബാലാമുരളി ഭംഗിയാക്കി. ഗണപതി, വിഷ്ണു ഗോവിന്ദൻ, ഷെബിൻ എന്നിവർ കാളിദാസനൊപ്പം നല്ല പ്രകടനം കാഴ്‌ചവെക്കുന്നു .ഗുണ്ടാസംഘവും പശ്ചാത്തലവമൊക്കെയാണെങ്കിലും, ട്വിസ്റ്റുകളോ സസ്പെൻസുകളോ ഇല്ലാതെ നർമ്മത്തിലാണ് ചിത്രം മിനുക്കിയെടുത്തിരിക്കുന്നത്.
സംവിധാനം ചെയ്ത ചിത്രങ്ങൾക്കെല്ലാം സ്വന്തമായി തിരക്കഥ ഒരുക്കിയ ജിത്തു ഇക്കുറി മറ്റൊരാളുടെ തിരക്കഥയാണ് സിനിമയാക്കിയിരിക്കുന്നത്. അത് മറ്റാരുമല്ല, ജിത്തുവിന്റെ ഭാര്യ ലിന്റാ ജിത്തുവാണ്
തിരക്കഥാകൃത്തിന്റെ റോളിൽ. സ്ത്രീകൾ വിരളമായ ഈ മേഖലയിൽ പ്രതീക്ഷ നൽകുന്നതാണ് ലിന്റയുടെ തിരക്കഥ. തുടക്കാരിയുടേതായ ചില പോരായ്മകൾ ഉണ്ടെങ്കിലും വലിയ പാകപ്പിഴകൾ ഇല്ലാതെ ഒഴുക്കുള്ള തിരക്കഥ സമ്മാനിക്കുന്നു ഇവർ.
ഒരു യൂത്തഫുൾ കോമഡി എന്റെർറ്റൈനെർ എന്നു വിശേഷിപ്പിക്കാവുന്ന ഈ സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.
ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച മിസ്റ്റർ & മിസ്സ് റൗഡി ഒരു ഹിറ്റ് ചിത്രം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.