മുപ്പതാം നാളിലും ഹൗസ് ഫുൾ ഷോസുമായി ഉണ്ട ബോക്സ്ഓഫീസിൽ പുതിയ തരംഗം സൃഷ്ടിക്കുകയാണ്. ഉണ്ട പോലൊരു റിയലിസ്റ്റിക് ചിത്രം നേടുന്ന ഈ അസാധാരണ വിജയം സിനിമാ ഇൻഡസ്ട്രിയെ പോലും ഞെട്ടിക്കുന്നു.
മമ്മൂട്ടിയുടെ തന്നെ പുതിയ ചിത്രമായ പതിനെട്ടാം പടി ബോക്സ്ഓഫീസിൽ മുന്നേറുമ്പോഴാണ് മുപ്പതാം നാളിൽ ഉണ്ട പോലൊരു ചിത്രത്തിനു ഹൗസ് ഫുൾ ഷോസ് ബോർഡ് തൂങ്ങുന്നത് എന്നത് ആശ്ചര്യമുളവാക്കുന്നതാണ്.
അവിശ്വസിനീയം എന്നു വേണമെങ്കിൽ പറയാം… ഉണ്ട പോലൊരു റിയലിസ്റ്റിക് ചിത്തിനു മുപ്പതാം നാളിലും ഹൗസ് ഫുൾ ബോർഡ് തൂങ്ങുന്നു എങ്കിൽ അത് മമ്മൂട്ടി എന്ന നടന്റെയും താരത്തിന്റെയും നേട്ടമാണ്.
താര പരിവേഷമുള്ള ഏതൊരു നടനും ഉണ്ടയിലേതുപോലെ ഇത്രയും ഡൗൺ ടു എർത്തായ ഒരു ക്യാരക്ടർ ചെയ്യുമ്പോൾ ബോക്സ്ഓഫീസിൽ കാര്യമായ ചലനം സൃഷ്ടിക്കണമെന്നില്ല. കൊമേഴ്‌സ്യൽ സിനിമകൾ കൊണ്ട് ബോക്സ്ഓഫീസിൽ തരംഗം സൃഷ്ടിക്കുന്ന സൂപ്പർ താരങ്ങൾ ഇത്തരം ചിത്രങ്ങളുമായി വരുമ്പോൾ പ്രേക്ഷകർ കൈയൊഴിയുന്ന കാഴ്ചയാണ് കാണാറുള്ളത്.
എന്നാൽ ഇവിടെയാണ് മമ്മൂട്ടി മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തനാകുന്നത്. മമ്മൂട്ടിയിലെ നടനെ മാത്രം ഉപയോഗപ്പെടുത്തിയ ഒട്ടേറെ ചിത്രങ്ങൾ തിയേറ്ററുകളിലും നേട്ടമുണ്ടാക്കിയിട്ടുണ്ട്. മതിലുകളും പൊന്തൻ മാടയും വിധേയനും കാഴ്ചയും ഏറ്റവും ഒടുവിൽ പേരന്പ് വരെ അതിനു ഒട്ടേറെ ഉദാഹരണങ്ങൾ ഉണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേതാണ് ഉണ്ട.
i
പോലീസ് യൂണിഫോമിൽ എത്തുന്ന മെഗാതാരത്തിൽ നിന്നും പ്രതീക്ഷിക്കുന്ന യാതൊന്നും ഈ സിനിമയിലെ എസ് ഐ മണി സാറിൽ നിന്നും പ്രേക്ഷകന് ലഭിക്കുന്നില്ല. ഇവിടെ മമ്മൂട്ടി എന്ന നടൻ മാത്രമേ ഉള്ളൂ… താരം ഇല്ല. വെടിയൊച്ച കേട്ടാൽ ഭയക്കുന്ന, ജൂനിയേഴ്‌സിന്റെ മുൻപിൽ പോലും തോറ്റുകൊടുക്കുന്ന മണി സാർ പ്രേക്ഷകന് പുതുമയുള്ള കാഴ്ചയാണ്. ഒട്ടേറെ പോലീസ് കഥാപാത്രങ്ങൾ മമ്മൂട്ടി ഇതിനു മുൻപ് ചെയ്തിട്ടുണ്ടെങ്കിലും അവയിൽ നിന്നെല്ലാം വ്യത്യസ്തനാണ് മണികണ്ഠൻ എന്ന ഇതിലെ പോലീസ് വേഷം. മണി സാർ എന്ന കഥാപാത്രത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘ഇന്നുവരെ ഒരു കള്ളനെ പോലും പിടിച്ചിട്ടില്ല.”. അങ്ങിനെയുള്ള ഒരു കഥാപാത്രത്തെ മമ്മൂട്ടിയെപ്പോലൊരു സ്റ്റാർഡം ഉള്ള നടൻ അവതരിപ്പിക്കുമ്പോൾ അതെത്രമാത്രം സാധാരണ പ്രേക്ഷകന് സ്വീകാര്യമാകും എന്നത് പ്രവചനാതീതമാണ്. എന്നാൽ അവിടെയാണ് മമ്മൂട്ടി എന്ന നടന്റെ കഴിവ് നാം തിരിച്ചറിയുന്നത്..
ക്ലാസ് എന്നോ മാസ് എന്നോ വ്യത്യാസമില്ലാതെ പ്രേക്ഷകനെ തിയേറ്ററിലേക്ക് ആകർഷിക്കുന്ന മമ്മൂട്ടി മാജിക് നാം തിരിച്ചറിയുന്നത്.
അല്ലെങ്കിൽ തന്നെ നോക്കൂ… മമ്മൂട്ടി അതിനു തൊട്ടു മുൻപ് ചെയ്ത വേഷം മധുരരാജയിലെ രാജ എന്ന പക്കാ മാസ് കഥാപാത്രമാണ്. മമ്മൂട്ടിയിലെ മെഗാ താരത്തെ പരമാവധി ചൂഷണം ചെയ്ത ഒരു തട്ടുപൊളിപ്പൻ കഥാപാത്രം. മധുരരാജായിലെ ആ വീരശൂര പരാക്രമിയായ തട്ടുപൊളിപ്പൻ വേഷത്തിൽ നിന്നും ഉണ്ടയിലെ സാധുവായ മണിസാറിലേക്കുള്ള മാറ്റം ശരിക്കും വിസ്മയിപ്പിക്കുന്നതുതന്നെയാണ്. ഇവിടെയാണ് നമ്മുടെ ലോഹിതദാസ് ഒരിക്കൽ പറഞ്ഞത് ഇപ്പോൾ ഓർമ്മ വരുന്നത്… “ഒരു നടന്റെ ഫ്ളക്സിബിലിറ്റി എന്നാൽ ശരീരത്തിന്റെ മെയ് വഴക്കമല്ല. മറിച്ചു ഒരു കഥാപാത്രത്തിൽ നിന്നും മറ്റൊരു കഥാപാത്രമായി മാറാനുള്ള കഴിവാണ്. അങ്ങിനെ നോക്കിയാൽ മലയാള സിനിമയിലെ ഏറ്റവും ഫ്ളക്സിബിളായ നടൻ മമ്മൂട്ടിയാണ്.”
ലോഹിതദാസിന്റെ ആ നിരീക്ഷണം എത്രമാത്രം വസ്തുനിഷ്ഠമാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ് പേരൻപും യാത്രയും ഉണ്ടയും എല്ലാം. കേവലം മേക്കപ്പിൽ വരുത്തുന്ന രൂപ മാറ്റം മാത്രമല്ല, ഓരോ കഥാപാത്രത്തിന്റെയും സൂക്ഷ്മമായ ചലങ്ങളിൽ പോലും വ്യത്യസ്തത വരുത്താൻ മമ്മൂട്ടി ശ്രദ്ധിക്കാറുണ്ട്. ശരീര ഭാഷ പോലും ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്തമാണ്. മമ്മൂട്ടിയുടെ ശരീര ഭാഷയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട് എന്ന് ഒരിക്കൽ എം.ടി വാസുദേവൻ നായർ തന്നെ പറഞ്ഞിട്ടുണ്ട്.