ഓർമ്മകളുടെ തീരങ്ങൾ..
പരമ്പര ആരംഭിക്കുന്നു.
മമ്മൂട്ടിയുടെ പഴയ കാലങ്ങളിലൂടെയുള്ള ഒരു യാത്ര..
ആദ്യം മമ്മൂട്ടിയുടെ ജന്മനാടായ വൈക്കം ചെമ്പിലേക്കൊരു യാത്ര..
മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജന്മനാട്ടിലൂടെ…
ഗ്രാമീണജീവിതം ഇന്നത്തെ കാലത്ത് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ മാത്രമായി മാറുകയാണ്. എന്നാൽ മെഗാസ്റ്റാർ മമ്മൂട്ടി എന്ന മുഹമ്മദ് കുട്ടിയുടെ ജന്മനാട് ഇപ്പോഴും കുറച്ചെങ്കിലും മണ്ണിന്റെ മണമുള്ള സ്ഥലം തന്നെയാണ്.
വിവിധ മേഖലകളിലായി ഒട്ടേറെ പ്രതിഭകളെ ലോകത്തിനു സമ്മാനിച്ചിട്ടുള്ള കോട്ടയം ജില്ലയിലെ വൈക്കം ആണ് മമ്മൂട്ടിയുടെ ജന്മസ്ഥലം.
വൈക്കത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിലൂടെ ഏകദേശം ഏഴു കിലോമീറ്ററോളം സഞ്ചരിച്ചാൽ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജന്മസ്ഥലമായ ചെമ്പ് എത്തുകയായി. വൈക്കത്തെ ചെമ്പ് എന്ന ആ ഗ്രാമത്തിന്റെ പേര് തന്നെ ഇന്ന് മലയാളികളിൽ ഏറിയ പങ്കും അറിയുന്നത് ഒരുപക്ഷേ ഈ നടനിലൂടെ ആയിരിക്കാം. ചെമ്പ് മുസ്ലിം പള്ളിക്ക് സമീപത്തുനിന്നും പടിഞ്ഞാറോട്ട് കടക്കുന്ന വഴിയിലൂടെ അല്പം നടന്നു കഴിഞ്ഞാൽ മമ്മൂട്ടി എന്ന താരം പഠിച്ചുവളർന്ന പാണപറമ്പിൽ വീട് കാണാം. നഗരങ്ങളിലെ ശബ്ദഘോഷങ്ങളും കാതടപ്പിക്കുന്ന പെരുമ്പറ താളങ്ങളും അധികമില്ലാത്ത, ഗ്രാമീണ ജീവിതത്തിന്റെ ജീവൽ പ്രതീകങ്ങൾ ഇവിടെ തുടിക്കുന്നത് കാണാൻ സാധിക്കും.
ഈ വീട്ടിലായിരുന്നു ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷാഹിന എന്നീ സഹോദരങ്ങൾക്കൊപ്പം മമ്മൂട്ടിയും വളർന്നത്.
ചെമ്പിലെ ഒട്ടുമിക്ക സിനിമാ പ്രേക്ഷകരും മമ്മൂട്ടിയുടെ ആരാധകരാണ്. അതിൽ കടുത്ത ആരാധകർ ഒട്ടേറെ. പക്ഷേ ഇവർക്കൊക്കെ ഒരു സങ്കടം ഉണ്ട്. വൈക്കത്ത് നല്ലൊരു സിനിമശാല ഇല്ല എന്നത് തന്നെ. ഒരു പുതിയ മമ്മൂട്ടി ചിത്രം ഇറങ്ങിയാൽ ഇവർക്ക് എറണാകുളത്തോ തലയോലപ്പറമ്പിലോ പോയി കാണാൻ സാധിക്കുകയുള്ളൂ.
പണ്ട് മമ്മൂട്ടി ഉൾപ്പെടെയുള്ളവർ സിനിമ കണ്ടുവളർന്ന ജോസ് തിയേറ്റർ പൂട്ടി പോവുകയും ചെയ്തു. ഇതുവരെ മമ്മൂട്ടിയ്ക്ക് ജന്മനാട്ടിൽ നല്ലൊരു സ്വീകരണം കൊടുക്കാൻ സാധിക്കാത്ത സങ്കടം മറ്റു ചിലർക്കുണ്ട് ഇങ്ങനെ പോവുകയാണ് മമ്മൂട്ടിയുമായി ബന്ധപ്പെട്ടുള്ള വൈക്കം ചെമ്പ് സ്വദേശികളുടെ വിശേഷങ്ങൾ.
മമ്മൂട്ടിക്കൊപ്പം പഠിച്ചവരും സുഹൃത്തുക്കളുമായി ഒട്ടേറെപ്പേർ.. അതിൽ ചിലരൊക്കെ ഈ ലോകത്ത് നിന്നും യാത്രയായി. മറ്റു ചിലരൊക്കെ സ്വദേശത്തും വിദേശത്തും ആയി ജോലി ചെയ്യുന്നു.

ചെമ്പിലെ മമ്മൂട്ടിയുടെ തറവാട് വീട്
ന്യൂജനറേഷനിൽ കഴിയുന്ന ഓരോ വ്യക്തിക്കും ഇവിടുത്തെ കാഴ്ചകൾ ഒരു പ്രത്യേക അനുഭവമായേക്കാം. മമ്മൂട്ടി എന്ന തനി ഗ്രാമീണൻ ഫാസ്റ്റ് യുഗത്തിൻ ഒപ്പം വേഷങ്ങൾ പലതും കെട്ടി സിനിമയിൽ ആടിത്തിമിർക്കുകയാണ്.. ആ കാഴ്ച കാണാൻ ന്യൂജനറേഷനിൽ പെട്ടവരും കാത്തിരിക്കുന്നു.. വീണ്ടും. വീണ്ടും.
ചെമ്പിലെ മമ്മൂട്ടിയുടെ ചില സുഹൃത്തുക്കളെ, സഹപാഠികളെ ഇവിടെ പരിചയപ്പെടാം.
(തുടരും.. )