South Indian Box Office King
മൂന്നു ഭാഷാ ചിത്രങ്ങളിലായി
200 കോടിയുടെ ബിസിനസ്സ്. 2019-ൽ മമ്മൂട്ടി സ്വന്തമാക്കിയത് അപൂർവ നേട്ടം. പുതിയ ചിത്രമായ ‘ഉണ്ട ‘യും സൂപ്പർ ഹിറ്റിലേക്ക് !
ക്ലാസും മാസ്സും ബയോപിക്കും.. ഒരു വർഷം മൂന്നു ഭാഷകളിൽ തികച്ചും വ്യത്യസ്‍തമായ മൂന്നു ചിത്രങ്ങളും അതിലെ തീർത്തും വിഭിന്നമായ മൂന്നു കഥാപാത്രങ്ങളും.. ആ സിനിമകളെല്ലാം ബോക്സ്ഓഫീസിൽ മികച്ച പ്രകടനം നടത്തി മൊത്തം 200 കോടിയിലേറെ ബിസിനസ് നേടിയെടുക്കുക..!
2019 മമ്മൂട്ടി എന്ന നടന്റെയും താരത്തിന്റെയും വർഷമായി മാറി ഇന്ത്യൻ സിനിമയിൽ തന്നെ മറ്റാർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത അപൂർവ റെക്കോർഡ് സ്വന്തമാക്കി മമ്മൂട്ടി തന്റെ കരിയറിൽ മറ്റൊരു പൊൻതൂവൽ കൂടി എഴുതിച്ചേർത്തിരിക്കുന്നു.
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു പേരൻപ് എന്ന തമിഴ് സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം. ഭിന്നശേഷിയുള്ള മകൾക്കു വേണ്ടി ജീവിച്ച അമുദവൻ എന്ന കഥാപത്രമായി മമ്മൂട്ടി വെള്ളിത്തിരയിൽ ജീവിക്കുകയായിരുന്നു. അതിസൂക്ഷ്മമായ അഭിനയം കൊണ്ട് ആ കഥാപാത്രത്തെ ക്ലാസ് ആക്കി മാറ്റിയ മമ്മൂട്ടിയും പേരൻപും നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഒരുപോലെ സ്വന്തമാക്കി കലാപരമായും സാമ്പത്തികമായും ഒരുപോലെ നേട്ടം കൊയ്തെടുത്തു.
തമിഴിൽ ഒരു ക്ലാസ് ചിത്രം, അതും നായകനായി ഒരു അന്യഭാഷാനാടൻ… രജനിയുടെയും അജിത്തിന്റെയുമൊക്കെ മാസ് ചിത്രങ്ങൾ ബോക്സ്ഓഫീസിൽ കത്തിക്കയറുന്ന സമയത്താണ് മമ്മൂട്ടിയുടെ അമുദവൻ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ബോക്സോഫീസിലും നേട്ടമായി മാറിയത്. തിയേറ്റർ കളക്ഷനും ഡബ്ബിംഗ് റേറ്റും സാറ്റലൈറ്റ് -ഡിജിറ്റൽ-ഓവർസീസ് അവകാശങ്ങളും അടക്കം മൊത്തം 37 കോടിയുടെ ബിസിനസ് ആണ് പേരൻപ് നടത്തിയത്. ഒരു ക്ലാസ് ചിത്രം കരസ്ഥമാക്കുന്ന ഏറ്റവും വലിയ കളക്ഷൻ ആണിത്. തമിഴിലും മലയാളത്തിലും ഒരുപോലെ സ്വീകരിക്കപ്പെട്ട ഈ സിനിമ വിദേശങ്ങളിലും മികച്ച കളക്ഷൻ നേടി.
പേരന്പ് പ്രേക്ഷക നിരൂപക പ്രശംസ ഒരുപോലെ നേടി മുന്നേറുന്ന സമയത്താണ് ഒരാഴ്ച്ചയുടെ ഗ്യാപ്പിൽ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്ര തിയേറ്ററുകളിൽ എത്തുന്നത്. അന്തരിച്ച മുൻ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖരറെഡ്ഢിയുടെ രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെട്ട ഈ ബയോപിക് ചിത്രം തെലുങ്കനായിലെ ബോക്സോഫീസിനെ ഇളക്കിമറിച്ചു. 50 കോടി ക്ലബ്ബിൽ ഇടം നേടിയ യാത്ര മൊത്തം 67 കോടിയുടെ ബിസിനസാണ് നടത്തിയത്. ഒരു ബയോപിക് ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനാണ് യാത്ര നേടിയത്. വൈ എസ് ആർ ആയി മമ്മൂട്ടി നടത്തിയ പരകായപ്രവേശമാണ് ഈ സിനിമയെ കൂടുതൽ ജനകീയമാക്കിയത്. തങ്ങളുടെ പ്രിയ നേതാവ് വൈ എസ് ആറിനെ തങ്ങൾ വീണ്ടും കണ്ടത് പോലെ എന്നായിരുന്നു തെലുങ്ക് ജനതയുടെ പ്രതികരണം. അവർ മമ്മൂട്ടിയെ പ്രശംസകൾ കൊണ്ടു മൂടുകയായിരുന്നു. പല തിയേറ്ററുകളിലും ജനം നിന്നുകൊണ്ടുവരെ ഈ സിനിമ കാണുകയുണ്ടായി. നടപ്പിലും എടുപ്പിലും നോട്ടത്തിലും ബോഡി ലാംഗ്വേജിലും എല്ലാം ശരിക്കും വൈ എസ് ആർ ആയി ജീവിച്ച മമ്മൂട്ടിയെ തേടി അംഗീകാരങ്ങൾ എത്താൻ ഇരിക്കുന്നതേയുള്ളൂ. എന്നാൽ ഒരു സംസ്ഥാനത്തിന്റെ തന്നെ തെരഞ്ഞെടുപ്പിനെ വരെ സ്വാധീനിക്കുകയും വർഷങ്ങൾക്കുശേഷം വൈ എസ് ആർ കോൺഗ്രസിന് അധികാരത്തിൽ തിരിച്ചെത്താൻ ഈ സിനിമയും അതിൽ വൈ എസ് ആയി വേഷമിട്ട മമ്മൂട്ടിയും കാരണമായി എന്നത് ഇന്ന് രാഷ്ട്രീയരംഗത്ത് ഏറെ ചർച്ചയായിരിക്കുകയാണ്. നിരവധി ബയോപിക്കുകൾ ഇറങ്ങിയിട്ടുള്ള ഇന്ത്യൻ സിനിമയിൽ ജനങ്ങളെ ഇത്രയേറെ സ്വാധിനിച്ച ഒരു സിനിമ ഉണ്ടായിട്ടില്ല എന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
പേരൻപിൽ നിന്നും യാത്രയിൽ നിന്നും തികച്ചും വിഭിന്നമായി ഒരു പക്കാ മാസ് ആക്ഷൻ എന്റര്ടെയിനറായി മലയാളത്തിൽ എത്തിയ മധുരരാജ ബോക്സ്ഓഫീസിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചു 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. അമുദവനെയും വൈ എസ് ആറിനെയും ക്ലാസ് ആക്കി മാറ്റിയ ആ നടൻ തന്നെയാണോ ഇങ്ങനെയൊരു മാസ്സ് മസാല ചിത്രത്തിലെ ആക്ഷനും കോമഡിയും ഒക്കെ നിറഞ്ഞ ഒരു മാസ്സ് കഥാപാത്രയി വേഷമിട്ടത് എന്ന് അത്ഭുതം കൂറുകയാണ് പ്രേക്ഷകർ. പ്രത്യേകിച്ചും പേരന്പിലെ അമുദവന്റെ പ്രകടനം കണ്ടു വിസ്മയം കൊണ്ട തമിഴ് ജനതയ്ക്ക് അതേ മമ്മൂട്ടി തന്നെയാണോ രാജയെന്ന മാസ് ഹീറോ ആയി വേഷമിട്ടത് എന്ന് വിശ്വസിക്കാൻ പോലും പ്രയാസം.
വിഷു വെക്കേഷൻ ചിത്രമായി തിയേറ്ററുകളിൽ എത്തിയ മധുരരാജ റെക്കോർഡ് കളക്ഷനൊപ്പം സ്പെഷ്യൽ ഷോകളുടെ എണ്ണത്തിലും റെക്കോർഡ് സൃഷ്ടിച്ചു. 10 ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടിയ മധുര രാജ 45 ദിവസം കൊണ്ട് 104 കോടി ബിസിനസ്സ് നടത്തി 100 കോടി ക്ലബ്ബിൽ ഇടം നേടി. ഇപ്പോഴും റിലീസ് സെന്ററുകളിൽ തുടരുന്ന ചിത്രം 150 കോടിക്കടുത്തു ബിസിനസ് നേട്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്.
ഇങ്ങനെ ഒരേ വർഷം തന്നെ മൂന്നു ഭാഷാ ചിത്രങ്ങൾ ബോക്സോഫീസിൽ ഹിറ്റാക്കുയും മൊത്തം ബിസിനസ്സ് 200 കോടിയ്ക്കു മേലെ എത്തിക്കുകയും ചെയ്തുകൊണ്ട്
The Face of Indian Cimema എന്ന വിശേഷണത്തിന് പുറമെ the South Inidan Box Office King എന്ന വിശേഷണം കൂടി മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നു.
ഏറ്റവും ഒടുവിൽ എത്തിയ മമ്മൂട്ടിയുടെ ഉണ്ട മികച്ച അഭിപ്രായവും പ്രേക്ഷക നിരൂപക പ്രശംസയും ഒരുപോലെ നേടിക്കൊണ്ട് ബോക്സോഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എട്ട് കോടി ബജറ്റിൽ തീർത്ത ഉണ്ട പോലൊരു റിയലിസ്റ്റിക് സിനിമ അഞ്ചു ദിവസങ്ങൾ കൊണ്ട് പതിനൊന്നു കോടിയോളം കളക്ഷൻ നേടിയാണ് ബോക്സോഫീസിലും നേട്ടമുണ്ടാക്കുന്നത്.