മമ്മൂക്കയെ വെച്ച് ഒരു സിനിമ ചെയ്യാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഭാഗ്യം.:
ബി രാകേഷ്
മലയാള സിനിമാ നിർമ്മാതാക്കളിൽ ഒഴിച്ച് കൂടാനാവാത്ത സ്ഥാനമാണ് നിർമാതാവ് ബി.രാകേഷിന് ഉള്ളത്, മലയാളസിനിമയിലെ പ്രതിസന്ധി കാലത്ത് ധൈര്യപൂർവ്വം സിനിമാ മേഖലയിലേക്ക് കാലെടുത്തു വെച്ച് രണ്ടു പതിറ്റാണ്ടുകളായി സിനിമാ മേഖലയിൽ പ്രവർത്തിച്ചു പോരുകയാണ് ബി രാകേഷും, യൂണിവേഴ്സൽ സിനിമാസും.വക്കാലത്തു നാരായണൻ കുട്ടിയിൽ തുടങ്ങി ഈ വിഷുവിനു പ്രദർശനത്തിനു എത്തുന്ന മൾട്ടിസ്റ്റാർ ചിത്രം മേരാനാം ഷാജി വരെയുള്ള തന്റെ സിനിമകളെക്കുറിച്ചും അതിനു മുൻപ് ഉണ്ടായിരുന്ന ദൂരദർശൻ കാലത്തെക്കുറിച്ചും മമ്മൂട്ടി ടൈംസ് പ്രതിനിധിയുമായി മനസ് തുറക്കുകയാണ് ബി. രാകേഷ്.
?? പുതിയ ചിത്രമായ മേരാ നാം ഷാജിയെക്കുറിച്ച്
==മേരാ നാം ഷാജി ഒരു കോമഡി ത്രില്ലർ ആണ്, സ്‌കൂളെല്ലാം അടച്ചു കുടുംബ സമേതം തീയ്യറ്ററിൽ വരുന്ന ഫാമിലി ഓഡിയൻസിനു ചിരിച്ചു ആസ്വദിച്ചു കാണാൻ കഴിയുന്ന ഒരു ഫുൾ എൻറ്റർറ്റെയിനർ. കേരളത്തിൻറ്റെ മൂന്ന് വ്യത്യസ്ത ഭാഗങ്ങളിൽ ഉള്ള പരസ്പരം പരിചയമില്ലാത്ത മൂന്ന് ഷാജിമാരുടെ കഥയാണ് മേരാ നാം ഷാജി പറയുന്നത്.
?? ആദ്യ സിനിമ മുതൽ സമൂഹത്തെ ബാധിക്കുന്ന ഒരു വിഷയത്തെ ചിത്രത്തിൽ ഉൾക്കൊള്ളിക്കുന്നതായി കണ്ടിട്ടുണ്ട്, ഷാജിമാരും സമൂഹത്തോട് എന്തെങ്കിലും പറയുന്നുണ്ടോ
== തീർച്ചയായും, നമുക്കിടയിൽ ജീവിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരായ ഷാജിമാരാണ് ഇവർ, അതു കൊണ്ട് തന്നെ സധാരണക്കാർ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങൾ ഇവരും നേരിടാതെ പറ്റില്ലല്ലോ .
?? മേരാ നാം ഷാജിയുടെ റിലീസിങ്ങിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ
== ഏപ്രിൽ അഞ്ചിന് വിഷുവിന് മുന്നോടിയായി കേരളത്തിലേയും, കേരളത്തിന് പുറത്തുള്ള മറ്റിടങ്ങളിലും ഉള്ള തീയറ്ററുകളിലുമായി മേരാ നാം ഷാജി പ്രദർശനത്തിന് എത്തും.
?? ഒരു സിനിമ നിർമ്മിക്കാൻ ഉള്ള തീരുമാനത്തിൽ എത്തുന്നതിനു മുൻപ് എന്തെല്ലാം കാര്യങ്ങൾക്കാണ് മുൻഗണന നൽകാറുള്ളത്
== എല്ലാത്തരം പ്രേക്ഷകർക്കും കുടുംബസമേതം വന്നു കണ്ടു ആസ്വദിക്കാൻ കഴിയുന്ന സിനിമയാണോ എന്ന് നോക്കും,പിന്നെ കൊമേഴ്സിലി വിജയിക്കാൻ കഴിയുന്ന കഥയാണോ എന്നതും.
?? മലയാള സിനിമയിലെ പ്രതിസന്ധിക്കാലത്താണ് വക്കാലത്ത് നാരയണൻകുട്ടിയിലൂടെ നിർമാതാവായി അരങ്ങേറുന്നത്, ആ യാത്ര ഇപ്പോൾ മേരാ നാം ഷാജിയിൽ എത്തിനിൽക്കുന്നു . ശരിക്കും ഈ കാലയളവിൽ മലയാള സിനിമയിലെ പ്രതിസന്ധി അനുഭവിച്ചിട്ടുണ്ടോ
==പൈറസി,ഓൺലൈൻ റിവ്യൂ ,തീയറ്ററിൽ നിന്ന് സിനിമ ഷൂട്ട് ചെയ്തു സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുക തുടങ്ങി ചില ചെറിയ പ്രതിസന്ധികൾ ഇപ്പോഴും ഉണ്ട്, എന്നാൽപ്പോലും ഇവയൊന്നും പ്രേക്ഷകർക്കിഷ്ട്ടപ്പെടുന്ന നല്ല സിനിമകളുടെ വിജയത്തെ ബാധിക്കില്ല എന്ന് ഞാൻ കരുതുന്നു, പ്രേക്ഷകന് ഇഷ്ടപ്പെടുന്ന സിനിമകൾ ഒരുക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രതിസന്ധി.
?? 90കളിലെ ദൂരദർശൻ കാലത്തു ജീവിച്ചിരുന്നവർ ഒരിക്കലും മറക്കാത്ത പ്രോഗ്രാമുകളിൽ ഒന്നാണ് ചിത്രഗീതം, ചിത്രഗീതത്തിൻറ്റെ നിർമാതാവ് എന്ന നിലയിൽ നിന്നുള്ള ചില ഓർമ്മകൾ
= 90കളുടെ തുടക്കത്തിൽ ആണ് സിനിമാ,ടെലിവിഷൻ മേഖലയിൽ ആകൃഷ്‌ടനാവുന്നത്.ആ സമയത്തു ഇന്ത്യൻ ഗവൺമെൻറ്റ് ചിത്രഗീതത്തിൻറ്റെ സ്ലോട്ട് സംസ്ഥാന അടിസ്ഥാനത്തിൽ കൊടുത്തതു ഞാൻ എടുക്കുകയായിരുന്നു. ചിത്രഗീതത്തെക്കൂടാതെ ഞായാറാഴ്ച്ചകളിൽ നാലു മണിക്ക് സംപ്രേക്ഷണം ചെയ്തിരുന്ന സിനിമകളുടേയും, സ്‌മൃതിലയത്തിൻറ്റേയും സ്ലോട്ടുകൾ ഞാനാണ് എടുത്തിരുന്നുന്നത്. അന്നത്തെക്കാലത്ത് ഒരു പാട് പേരെ ടി.വിക്കു മുന്നിൽ ഇരുത്തിയ ദൂരദർശനിലെ പ്രോഗ്രാമുകൾ ആയിരുന്നു ഇവയൊക്കെയും.
?? മലയാളത്തിലെ ആദ്യത്തെ മെഗാസീരിയലിൻറ്റെ നിർമാതാവ് എന്ന നിലയിൽ മലയാളിയെ ആദ്യമായി മെഗാസീരിയൽ കാണാൻ പ്രേരിപ്പിച്ചതിൻറ്റെ ഓർമ്മകൾ.
== വംശം എന്ന മെഗാസീരിയൽ തുടങ്ങുന്നത് ചിത്രഗീതവുമായി ബന്ധപ്പെട്ടു ദൂരദർശനുമായുണ്ടായ ചില കോടതി സംബന്ധമായ പ്രശ്നങ്ങളുടെ ഒത്തുതീർപ്പ് എന്ന രീതിയിൽ ആണ്. വംശം ആരംഭിക്കുന്നതിനു മുൻപ് സീരിയൽ മേഖലലയിലെ വേതനം ടോട്ടൽ എപ്പിസോഡിന് അനുസരിച്ചായിരുന്നു. അന്നത്തെ സീരിയലുകൾ പതിമ്മൂന്ന് എപ്പിസോഡുകളിൽ അവസാനിക്കുന്നു എന്നതായിരുന്നു അതിനുള്ള കാരണം. ഞാനാണ് മലയാളത്തിൽ ദിവസവേതനത്തിൽ സീരിയലിൽ പ്രവർത്തിക്കുന്നവർക്ക് റെമ്യൂണറേഷൻ നൽകുന്നത് ആരംഭിച്ചത്, ഇന്ന് എല്ലാ മെഗാസീരിയലുകളും ആ രീതി തന്നെയാണ് പിന്തുടരുന്നത്. വംശം അന്നത്തെക്കാലത്ത് മികച്ച സീരിയൽ ആയി മാറിയതിനു കാരണം അതിനു പിന്നിൽ പ്രവർത്തിച്ചവരുടെ എഫർട്ടും കൂടിയാണ്. വംശത്തിലെ ഒരു എപ്പിസോഡ് ഷൂട്ട് ചെയ്തത് മൂന്നും,നാലും ദിവസത്തെ പ്രവർത്തനം കൊണ്ടായിരുന്നു.
?? മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം പുള്ളിക്കാരൻ സ്റ്റാർ എന്ന സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതിനെക്കുറിച്ച് .
== മമ്മൂക്കയെ വെച്ച് പുള്ളിക്കാരൻ സ്റ്റാർ എന്ന സിനിമ ചെയ്യാൻ കഴിഞ്ഞത് എൻറ്റെ ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിൽ ഒന്നായി ഞാൻ കരുതുന്നു. മമ്മൂക്ക ഷൂട്ടിങ്ങിനു വരുന്ന ആദ്യ ദിവസങ്ങളിൽ ചെറിയ പേടിയൊക്കെ ഉണ്ടായിരുന്നു എനിക്ക്. മമ്മൂക്ക ആ ചിത്രത്തിൻറ്റെ പൂർണതയ്‌ക്കു വേണ്ടി നല്ല രീതിയിൽ പ്രവൃത്തിക്കുകയും ആ സിനിമ ഒരു വലിയ വിജയം ആക്കി തരുകയും ചെയ്തു.