മലയാളസിനിമയിൽ ഒരു ഇടവേളയ്ക്കുശേഷം തീപാറുന്ന മൽസരം പ്രതീക്ഷിച്ച ഈദ് സീസണിൽ ആദ്യം മോഹൻലാൽ പിന്മാറിയപ്പോൾ അവസാനനിമിഷം പൃഥ്വിരാജും പിന്മാറി. ഒടുവിൽ കളത്തിൽ മമ്മൂട്ടിയും ജയസൂര്യയും മാത്രമായി. മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളും ജയസൂര്യയുടെ മേരിക്കുട്ടിയും മാത്രമാണു ഈദ് സീസണിൽ പ്രദർശ്ശനത്തിനെത്തുക. ഇവരോട് മൽസരിക്കാൻ അന്യഭാഷാ ചിത്രങ്ങളായ രജനിയുടെ കാലയും ഇംഗ്ലീഷ് ചിത്രമായ ജുറാസിക് വേൾഡും സൽമാൻ ഖാന്റെ റേസ് 3 യും ഉണ്ടാകും.
മോഹൻലാലിന്റെ നീരാളി ജൂൺ 15നു എത്തുമെന്നായിരുന്നു അനൗൺസ് ചെയ്തിരുന്നത്. സാങ്കേതിക ജോലികൾ പൂർത്തിയാക്കാൻ കഴിയാതിരുന്നത് ആണ് ചിത്രം വൈകിയത് എന്നാണ് പറയുന്നത്. എന്നാൽ നിപ്പ വൈറസ് പനി മൂലം മലബാർ ഏരിയയിൽ തിരിച്ചടി ഏൽക്കേണ്ടിവരുമെന്ന ഭയമാണു റിലീസ് നീട്ടിവെക്കാൻ കാരണമെന്നാണു അണിയറയിൽ സംസാരം. മാത്രമല്ല, ഒരു അന്യഭാഷാ സംവിധായകൻ ഒരുക്കുന്ന സിനിമയെക്കുറിച്ച് ഫാൻസുകാരിൽ പോലും വലിയ മതിപ്പുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിയാതെ പോയതും അതുകൊണ്ടാണ്. എട്ട് മാസക്കാലമായി ഒരു മോഹൻലാൽ ചിത്രത്തിനായി കാത്തിരുന്ന ആരാധകർക്ക് നിരാശയുണ്ടാക്കുന്നതാണു മോഹൻലാൽ സിനിമയുടെ റിലീസ് നീണ്ടു എന്ന വാർത്ത.
ഇതേസമയം പൃഥ്വിരാജിന്റെ മൈ സ്റ്റോറി സാമ്പത്തിക പ്രശ്നങ്ങൾ മൂലമാണു അവസാനനിമിഷം റിലീസ് മാറ്റി വേക്കേണ്ടിവന്നത്. ചിത്രം ഇതിനു മുൻപും സമാനമായ അവസ്ഥ നേരിട്ടിരുന്നു. ഇതോടെ ഈദ് മൽസരം മമ്മൂട്ടിയും ജയസൂര്യയും മാത്രമായി മാറും. ആരാധകർ ആവേശപൂർവ്വം കാത്തിരിക്കുന്ന അബ്രഹാമിന്റെ സന്തതികൾ ബോക്സോഫീസിൽ വൻ നേട്ടമാകുമെന്നാണു ഇൻഡസ്ട്രിയുടെ കണക്കുകൂട്ടൽ. ദി ഗ്രേറ്റ് ഫാദറിനുശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒന്നിക്കുന്നു എന്നതാണു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ. സഹസംവിധായകൻ എന്ന നിലയിൽ തന്നെ വർഷങ്ങളുടെ അനുഭവസമ്പത്തും കഴിവുമുള്ള ഷാജി പാടൂരിന്റെ സാന്നിധ്യവും ഈ സിനിമയുടെ പ്രതീക്ഷകളാണ്. ജയസൂര്യയുടെ അഭിനയജീവിതത്തിലെ ഒരു ടേണിംഗ് പോയിന്റായി മാറിയേക്കാവുന്ന സിനിമയാകും ഞാൻ മേരിക്കുട്ടി. ട്രാൻസ് ജെന്റർ വിഭാഗത്തിൽപെട്ട കഥാപാത്രമായി ജയസൂര്യ എത്തുന്ന ഈ സിനിമ ഫാമിലി ഓഡിയൻസിനു ഇഷ്ടമായാൽ ബോക്സോഫീസിൽ അത് വൻ നേട്ടം കൊയ്യും. ഹിറ്റ് കൂട്ടുകെട്ടായ രഞ്ജിത് ശങ്കർ-ജയസൂര്യ ടീം എന്നതും ചിത്രത്തിന്റെ പ്രതീക്ഷകളാണ്. പുണ്യാളൻ അഗർബത്തീസ് ഹിറ്റുകൾ ഒരുക്കിയ ഈ ടീമിൽ നിന്ന് പ്രേക്ഷകർ എന്തെങ്കിലും പുതുമ പ്രതീക്ഷിക്കുന്നുണ്ട്. ജയസൂര്യ തന്നെയാണു ഈ സിനിമ നിർമ്മിക്കുന്നത്.
ഈദിനു മുന്നോടിയായി എത്തിയ കാലയും ജുറാസിക് വേൾഡും തിയേറ്ററികളിൽ ഉണ്ടാകും. രജനിയുടെ കാലയ്ക്ക് തരക്കേടില്ലാത്ത കളക്ഷൻ ലഭിക്കുന്നിണ്ട്. നോമ്പ് സീസണും മഴയും സ്കൂൾ തുറക്കലും പൊതുവെ സിനിമാ മേഖലയ്ക്ക് അനുകൂലമല്ലാത്ത സാഹചര്യമാണു ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചത്. ജുറാസിക് വേൾഡിനും സംഭവിക്കുന്നതും മറിച്ചല്ല.
സൽമാൻ ഖാൻ നായകനാകുന്ന റേസ് ചിത്ര പരമ്പരകളിലെ മൂന്നാം ഭാഗമായ റേസ് 3 ആണു മറ്റൊരു അന്യഭാഷാ ചിത്രം. മാൻ വേട്ടക്കേസിനു ശേഷം എത്തുന്ന സൽമാൻ ചിത്രം എന്ന നിലയ്ക്കുകൂടി ആരാധകർ ഈ ചിത്രത്തെ ഉറ്റുനോക്കുന്നുണ്ട്. റേസിന്റെ മുൻ ചിത്രങ്ങൾ പോലെ ഈ ചിത്രവും ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ചേക്കാം.
സംസ്ഥാനത്ത്; പ്രത്യേകിച്ചും മലബാർ മേഖലയിൽ നിപ്പാ പേടി മൂലം കളക്ഷൻ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇപ്പോൾ ഭീതിയെല്ലാം വെടിഞ്ഞ് ജനം സജീവമായത് ഈദ് റിലീസുകൾക്ക് ഏറെ അനുകൂലമാണ്.
