സൂപ്പർ കോമഡിയും പാട്ടും ഡാൻസും മാസ്സും അല്പം കണ്ണീരുമായി ഒരു യമണ്ടൻ പ്രേമകഥ സൂപ്പർ ഹിറ്റിലേക്ക്.. !
തമിഴും തെലുങ്കും ബോളിവുഡുമൊക്കെ കടന്ന് ദുൽഖർ മലയാളത്തിൽ നിന്ന് ഇന്ത്യൻ സിനിമയോളം വളർന്നപ്പോൾ മലയാളസിനിമയുടെ ആ കരിസ്മാറ്റിക് യൂത്ത് ഐക്കൺ നമുക്ക് നഷ്ടമായോ എന്ന് പരിതപിച്ചവർക്കുമുന്നിലേക്ക് നല്ല അന്തസ്സുള്ള തിരിച്ചുവരവ് നടത്തി ദുൽഖർ സൽമാൻ വീണ്ടും മലയാള പ്രേക്ഷകരുടെ മനം കവരുന്നു.
ഇന്ന് തിയേറ്ററുകളിൽ എത്തിയ ഒരു യമണ്ടൻ പ്രേമകഥ ദുൽഖർ എന്ന ആ യൂത്തൻ നടന്റെ ഒന്നരവര്‍ഷത്തിനു ശേഷമുള്ള തിരിച്ചുവരവ് പ്രേക്ഷകർ ശരിക്കും ആഘോഷമാക്കുകയാണ്. ഇതിനു മുൻപെങ്ങും കണ്ടിട്ടില്ലാത്ത തനി നാടൻ ലുക്കിലാണ് ദുൽഖർ ഈ ചിത്രത്തിൽ എത്തുന്നത്. സിനിമയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ തനി ഒരു ലോക്കൽ…
മോഡേൺ യുവത്വത്തെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളിൽ ഒരു പാട് തിളങ്ങിയിട്ടുള്ള നടനാണ് ദുൽഖർ, ഉസ്താദ് ഹോട്ടൽ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ചാർളി ,ബാംഗ്ലൂർ ഡെയ്സ് തുടങ്ങി ഒന്നിനൊന്നു വ്യത്യസ്തമായ ആധുനിക യുവത്വം പേറുന്ന കഥാപാത്രങ്ങളെ ഇതിനു മുൻപ് ദുൽഖർ മനോഹരമായി അവതരിപ്പിച്ചിട്ടുമുണ്ട്, എന്നാൽ അവരിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനാണ് ഒരു യമണ്ടൻ പ്രേമകഥയിലെ ലല്ലു.
കൈലിമുണ്ടും കളർഫുൾ ഷർട്ടും ധരിച്ചു ഒരു പെയിന്റിങ് തൊഴിലാളിയായി പ്രത്യക്ഷപ്പെടുന്ന ദുല്‍ഖറിന്റെ മാനറിസങ്ങൾ പ്രേക്ഷകരെ ഏറെ ആകർഷിക്കുന്നു.
“വ്യക്തിപരമായി എനിക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് ചിത്രത്തിലെ ലല്ലു. തനി ലോക്കല്‍. നാടിനെ സ്നേഹിക്കുന്ന, നാട്ടുകാരോടെല്ലാം വലിയ ചങ്ങാത്തം സൂക്ഷിക്കുന്ന യുവാവ്. ഹാസ്യത്തിന്റെ പകിട്ടില്‍ ശക്തമായൊരു പ്രണയകഥയാണ് സിനിമ പറയുന്നത്”. റിലീസിനു മുൻപ് ദുൽഖർ ഈ പറഞ്ഞ വാക്കുകൾ അക്ഷരംപ്രതി ശരിയാണെന്ന് സിനിമ കാണുമ്പോൾ ബോധ്യമാകും.
കോമഡിയും പാട്ടും ഡാൻസും മാസും അല്പം കണ്ണീരുമൊക്കെയായി ഒരു കളർഫുൾ എന്റർടൈനറാണ് ഈ സിനിമ. ബിബിൻ ജോർജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നൊരുക്കിയ തിരക്കഥാ സംഭാഷണം തന്നെയാണ് സിനിമയുടെ നട്ടെല്ല്. മനസ്സറിഞ്ഞു ചിരിക്കാനുള്ള ഒരുപാട് മുഹൂർത്തങ്ങൾ സിനിമയിലുണ്ട്. ഒപ്പം ചെറിയ ചില ട്വിസ്റ്റുകളും.
ബി സി നൗഫൽ തന്റെ ആദ്യ സംവിധാന സംരംഭം മികവുറ്റതായാക്കി. സാധാരണ പ്രേക്ഷകരുടെ പൾസറിഞ്ഞു വിഷ്ണു -ബിബിൻ ഒരുക്കിയ തിരക്കഥയ്ക്ക് അതേ മൂഡിൽ അത് വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ നൗഫലിനായി.
കൊമ്പനയിലെ ലല്ലുവിന്റെ പ്രണയം തന്നെയാണ് ചിത്രത്തിന്റെ കഥാതന്തുവെങ്കിലും സൗഹൃദത്തിന്റെയും ,കുടുംബത്തിന്റെയും ,നന്മയുടെയും കഥപറയുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. മരിച്ചെന്ന് എല്ലാവരെയും വിശ്വസിപ്പിച്ച് ജീവനോട് വരുന്ന കൈക്കുഞ്ഞായ ലല്ലുവിലൂടെയാണ് ഈ ചിത്രം തുടങ്ങുന്നത്. അച്ചടക്കമുള്ള കൊമ്പനയിലെ ജോണിന്റെ (രഞ്ജി പണിക്കർ ) മൂത്തമകനാണ് ലല്ലു. മകന്റെ ഭാവിയിൽ പേടിച്ച് ഇംഗ്ലീഷ് മീഡിയ സ്കൂളിൽ എത്തിക്കുന്ന ലല്ലുവിന്റെ അച്ഛനെയെല്ലാം ഞെട്ടിച്ച് കൊണ്ട് നാട്ടിലെ ലോക്കൽ കൂട്ടുകാരുടെ കൂടെ അടിച്ചുപൊളിച്ച് നടക്കുന്ന ലല്ലു നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണിയാണ്. ഹേറ്റേഴ്സ് ഇല്ലാത്ത ചെറുപ്പം മുതൽ പെൺപിള്ളേർ പുറകെനടക്കുന്ന ലല്ലു ശെരിക്കും കട്ട ഹീറോയാണ് ചിത്രത്തിൽ.
നാട്ടിലെ പെൺപിള്ളേരുടെയെല്ലാം പ്രണയാഭ്യർത്ഥന നിസാരമായി നിരസിക്കുന്ന, സ്പാർക്ക് തേടിയുള്ള ലല്ലുവിന്റെ പ്രണയ നായികയായി ദിയ ഫ്രാൻസിസ് (നിഖിത വിമൽ ) എത്തുന്നതോടെ ചിത്രത്തിന്റെ കഥാഗതി തന്നെ മാറുകയാണ്.
ആദ്യമുതൽ അവസാനം വരെ സിനിമയിൽ ആഘോഷമാക്കിയത് ലല്ലുവിന്റെ സൗഹൃദവും അവരുടെ ഇടിവെട്ട് കോമഡികളുമാണ്. വിക്കിയായി എത്തുന്ന സൗബിനും,അന്ധനായ ഡെന്നിയായി എത്തുന്ന വിഷ്ണു ഉണ്ണികൃഷ്ണനും, പാച്ചികുട്ടനായി എത്തുന്ന സലിം കുമാറുമാണ് ലല്ലുവിന്റെ ചാവേറുകൾ. ലല്ലുവിന് വേണ്ടി മരിക്കാനും, മരണ കോമഡി അടിക്കാനും ഇവർ മാസാണ്. അച്ഛന്റെ പ്രായമുള്ള പാച്ചിക്കുട്ടനുമായുള്ള ഈ ചെറുപ്പകരുടെ സൗഹൃദം ചിത്രത്തെ വേറെ വൈബിലേക്ക് എത്തിക്കുന്നുണ്ട്. പാച്ചിക്കുട്ടന്റെ പെയിന്റിംഗ് ടീമിലെ പ്രധാന കക്ഷികളാണ് ഇവർ. ഇവരെ കൂടാതെ വരുന്നവരും കോമഡിയുടെ കാര്യത്തിലും അഭിനയ മികവിന്റെ കാര്യത്തിലും ഉയർന്നു നിൽക്കുന്നതെന്ന് പറയാം. ഈ പ്രേമകഥയുടെ പ്രധാന ഓളം ഈ ചാവേറുകൾ തന്നെയാണ്.
ബോക്സ്ഓഫീസിൽ വൻ നേട്ടം കൈവരിക്കുമെന്നുതന്നെയാണ് ആദ്യ ദിന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസ് കേന്ദ്രങ്ങളിൽ എല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. യൂത്തിനൊപ്പം സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രേക്ഷകരുടെ തള്ളിക്കയറ്റം ആദ്യ ദിനം തന്നെ ഉണ്ടായത് ദുൽഖർ സൽമാൻ എന്ന താരത്തിന്റെ സ്റ്റാർ പവർ കൂടി വ്യക്തമാക്കുന്നതാണ്. ഇന്നും യുവനടന്മാരിൽ ഏറ്റവും കൂടുതൽ ഇനീഷ്യൽ ബോക്സ്ഓഫീസ് പവർ ഉള്ള നടൻ ദുൽഖർ തന്നെയെന്ന് തിയേറ്ററുകളിൽ ജനക്കൂട്ടം വീണ്ടും തെളിയിക്കുന്നു.
