രാജ്യത്തിന് വേണ്ടി ജീവ ത്യാഗം ചെയ്ത സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് മമ്മൂട്ടി പ്രസംഗം ആരംഭിച്ചത്.സദസ്സിനെ തെലുങ്കിൽ അഭിസംബോധന ചെയ്ത അദ്ദേഹം തനിക്ക് ഒരു ചടങ്ങിൽ സംസാരിക്കുവാൻ കഴിയുന്ന വിധം തെലുങ്കിൽ പ്രാവീണ്യം ഇല്ലെന്നും എന്നാൽ യാത്ര എന്ന സിനിമയ്ക്കു വേണ്ടി തെലുഗിൽ ഡബ്ബ് ചെയ്‌തത് ആത്മാർഥമായി പരിശ്രമിച്ചിട്ടാണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ വാക്കുകളിൽ നിന്ന് – “യാത്രയ്ക്ക് നൽകിയ സ്വീകരണത്തിന് ഹൃദയം നിറഞ്ഞ നന്ദി. തെലുഗിൽ ഇതെന്റെ മൂന്നാം ചിത്രമാണ്. കെ. വിശ്വനാഥ്, ഉമ്മാമേഹശ്വര റാവു എന്നിവർക്കൊപ്പമാണ് ആദ്യ രണ്ടു സിനിമകൾ ചെയ്തത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് തെലുഗിൽ ഒരു സിനിമ ചെയ്യുന്നത്. ഇതിനിടയിൽ ചില ഓഫറുകൾ വന്നിരുന്നുവെങ്കിലും അവയൊക്കെ എന്നെ ആകർഷിക്കുന്നവ ആയിരുന്നില്ല. പക്ഷേ യാത്ര എന്ന ചിത്രത്തിലേക്കുള്ള ക്ഷണം എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല. കാരണം ഇത് ജനങ്ങളുടെ നേതാവായി മാറിയ ഒരു രാഷ്ട്രീയ നേതാവിന്റെ കഥ ആണ്. ജനങ്ങളുടെ വികാരം പൂർണമായി മനസിലാക്കിയാൽ മാത്രമേ ജനങ്ങളുടെ നേതാവായി മാറാൻ ഒരു രാഷ്ട്രീയ നേതാവിന് സാധിക്കു. ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് നേതാക്കളെ സൃഷ്ടിക്കുന്നത്. ഹൃദ്യമായ വരവേൽപാണ് എനിക്ക് യാത്രയുടെ സെറ്റിൽ ലഭിച്ചത്. ആദ്യ രംഗം ചിത്രീകരിച്ച രംഗത്തിൽ അഭിനയിക്കുമ്പോൾ എനിക്ക് ധൈര്യക്കുറവുണ്ടായിരുന്നു. ഭാഗ്യവശാൽ ആ രംഗം സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിർമാതാവും സംവിധായകനും നൽകിയ കരുതൽ പ്രത്യേകം എടുത്തു പറയണം. സംവിധായകൻ മഹി എന്നിൽ നിന്ന് പുതുതായി പലതും പഠിക്കുകയായിരുന്നു എന്ന് പറഞ്ഞു. പക്ഷേ പല കാര്യങ്ങളും ഞാൻ ആയിരുന്നു അദ്ദേഹത്തിൽ നിന്ന് പഠിച്ചിരുന്നത് – കഥാപാത്രത്തെക്കുറിച്ചും ഭാഷയെക്കുറിച്ചുമൊക്കെ. അസ്സോസിയേറ്റ് ഡയറക്ടർമാർ, സാങ്കേതിക പ്രവർത്തകർ തുടങ്ങിയവർ അടക്കം എല്ലാവരും ഒരു സഹോദരനെപ്പോലെ എന്നോട് പെരുമാറി.ഞാൻ അവരെക്കാൾ എക്സ്സ്‌പീരിയൻസ് ഉള്ള ആൾ ആണെങ്കിലും തെലുഗ് സിനിമയിൽ എന്നേക്കാൾ അനുഭവ പരിചയം ഉള്ളവരായിരുന്നു അവർ. ഒരു വാണിജ്യ സിനിമകളുടെ ചേരുവകൾ ഇല്ലാതിരുന്ന യാത്രയെ പ്രേക്ഷകർ സ്വീകരിച്ചത് ആസ്വാദന നിലവാരത്തിലുള്ള മാറ്റമാണ് സൂചിപ്പിക്കുന്നത്. കൂടുതൽ നല്ല സിനിമകൾ ഉണ്ടാകാൻ ഇത് പ്രേരണയാകും. വൈ.എസ്സ്.ആർ ആയി എന്നെ സ്വീകരിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി. ഈ സിനിമയുടെ ഭാഗമായത് ഭാഗ്യവും ആദരവുമായി കാണുന്നു”. മമ്മൂട്ടിയുടെ പല വാചകങ്ങളും നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. ഒരു മലയാള നടൻ അഭിനയിച്ച അന്യഭാഷാ സിനിമകളിൽ ഏറ്റവും വലിയ വിജയം നേടുകയാണ് യാത്ര. ‘ഇന്ത്യൻ സിനിമയുടെ മുഖം’ എന്ന് അന്യഭാഷയിലെ ചലച്ചിത്രപ്രവർത്തകരും നിരൂപകരും പ്രേക്ഷകരുമടക്കം വിശേഷിപ്പിക്കുന്ന നടൻ ആ വിശേഷണത്തോട് പൂർണമായും നീതിപുലർത്തുന്ന കാഴ്ചയാണ് യാത്ര, പേരൻപ് എന്നീ സിനിമകളുടെ വിജയവും സ്വീകരണവും സൂചിപ്പിക്കുന്നത.