ഒരു ജനതയുടെ വികാരമായ വൈ എസ് ആറിനെ വെള്ളിത്തിരയിൽ ഗംഭീരമാക്കി, മലയാളത്തിന്റെ മഹാനടൻ ഇടവേളയ്ക്ക് ശേഷം തെലുങ്കിൽ എത്തിയ യാത്ര ഗംഭീര കളക്ഷൻ നേടി മുന്നേറുന്നു. ആന്ധ്രാപ്രദേശിന്റെ രാഷ്ട്രീയ ഏകീകരണം എന്ന മഹത്തായ ലക്ഷ്യത്തോടെ വൈഎസ്ആര്‍ നടത്തിയ പദയാത്രയെ അടിസ്ഥാനമാക്കി മഹി വി രാഘവ് സംവിധാനം ചെയ്ത യാത്രയുടെ 14 ദിവസത്തെ വേൾഡ് വൈഡ് ഗ്രോസ്സ് 28 .75 കോടി രൂപയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. F2 – ഫൺ ആൻഡ് ഫ്രസ്റ്റേഷൻ എന്ന ചിത്രത്തിന് ശേഷം 2019 ലെ മറ്റൊരു വമ്പൻ ഹിറ്റിലേക്കാണ് യാത്ര നീങ്ങുന്നത്. മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് ബോക്സ്ഓഫീസിൽ മിന്നുന്ന പ്രകടനം തുടരാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.ശരീര ഭാഷയിലും സംഭാഷങ്ങളിലും ഭാവപ്രകടനകളിലും അടക്കം മമ്മൂട്ടിക്ക് മാത്രം സാധ്യമാകുന്ന അത്ഭുതകരമായ പരകായ പ്രവേശത്തിന് യാത്ര വീണ്ടും സാക്ഷ്യം വഹിക്കുകയാണ്. മമ്മൂട്ടിയുടെ അഭിനയമികവ് ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയെടുക്കുമ്പോൾ, ഒരു മലയാള നടന്റെ ഏറ്റവും വലിയ അന്യഭാഷാ വിജയചിത്രമെന്ന ഖ്യാതിയും യാത്രയ്ക്ക് സ്വന്തം.