ഏപ്രിൽ 25-ന് തിയേറ്ററുകളിൽ എത്തുന്ന ദുൽഖറിന്റെ ഒരു യമണ്ടൻ പ്രേമകഥ’യിലെ തകർപ്പൻ ഡാൻസ് നമ്പർ ഗാനം വീഡിയോ യൂട്യൂബിൽ ട്രെന്റിങായി മുന്നേറുന്നു. “മുറ്റത്തെ കൊമ്പിലെ” എന്ന് തുടങ്ങുന്ന തട്ടുപൊളിപ്പൻ എനെർജറ്റിക് ഗാനമാണ് ആരാധകർക്ക് ആവേശമായി എത്തിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികൾക്ക് ഈണം പകര്‍ന്നിരിക്കുന്നത് നാദിര്‍ഷയാണ്. ജാസി ഗിഫ്റ്റ് ആലപിച്ച ഈ ഗാനത്തിന്റെ ഓര്‍ക്കസ്ട്രേഷൻ ചെയ്യുന്നത് സാബു ഫ്രാൻസിസാണ്.
ബിജോയ് നമ്പ്യാർ ഒരുക്കി 2017 ഒക്ടോബർ 5 ന് പുറത്തിറങ്ങിയ സോളോയാണ് ദുൽഖറിന്‍റേതായി റിലീസ് ചെയ്ത അവസാന മലയാള സിനിമ. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം രാജകീയമായി തന്നെ തിരിച്ചുവരികയാണ് ഡി.ക്യു. കോമഡിയും ആക്ഷനും പാട്ടും ഡാൻസും ഫാമിലി എലെമെന്റ്സുകളും ഒക്കെയായി വരുന്ന ഒരു ക്ലീൻ എന്റർടൈനറിലൂടെ ദുൽഖര്‍ സൽമാൻ തിരിച്ചുവരുന്ന ”ഒരു യമണ്ടൻ പ്രേമകഥ” ഈ മാസം 25ന് തീയേറ്ററുകളിലെത്തുകയാണ്.
ഈ ചിത്രത്തിലെ ദുൽഖറിൻ്റെ ഡപ്പാംകൂത്ത് ഡാൻസ് നമ്പറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഈ ഗാനത്തിൽ ദുൽഖർ ആടി തിമിർക്കുകയാണ്. ഒപ്പം നടി സംയുക്തയുമുണ്ട്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്‍ജ്ജും കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ഈ ദുൽഖർ ചിത്രം നവാഗതനായ ബി സി നൗഫൽ ആണ് സംവിധാനം ചെയ്യുന്നത്. ‘ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ’ എന്നതാണ് ഒരു യമണ്ടൻ പ്രേമകഥയുടെ ടാഗ്‍ലൈൻ. കുറച്ച് നാളുകൾക്കുമുൻപ് പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ടീസറിന് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ആ ടീസറിന്റെ തുടർച്ചയാണ് ഇപ്പോൾ പുറത്തിറങ്ങിയ ഗാനവും എന്നത് മറ്റൊരു സവിശേഷതയാണ്.
ദുൽഖർ സൽമാന്‍റെ നായികമാരായായി എത്തുന്നത് നിഖില വിമലും സംയുക്ത മേനോനും എത്തുന്നു.. ഒരു വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിൽ സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍ തുടങ്ങിയവർ വേഷമിടുന്നുണ്ട്. ഇവർക്കൊപ്പം വിഷ്ണുവും ബിബിനും അഭിനേതാക്കളായും ചിത്രത്തിൽ സാന്നിധ്യമറിയിക്കുന്നുണ്ട്. ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുകുമാര്‍ നിർവഹിക്കുമ്പോൾ എഡിറ്റിങ്ങ് ജോണ്‍ കുട്ടി നിര്‍വ്വഹിക്കുന്നു.
