മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാർ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കം പ്രചരണത്തിൽ മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത തലത്തിലേക്കാണ് നീങ്ങുന്നത്. പ്രചാരണത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച രജനീകാന്തിന്റെ കബാലിയെ പോലും വെല്ലുന്ന സ്വീകാര്യതയും ആയാണ് മാമാങ്കം എത്തുന്നത്.
കബാലി കാണാൻ തമിഴ്നാട്ടിൽ കമ്പനിക്കാർ അവധി കൊടുത്തെങ്കിൽ ഇവിടെ കേരളത്തിൽ കമ്പനി ജീവനക്കാർക്ക് വേണ്ടി സ്പെഷൽ ഷോസ് ബുക്ക് ചെയ്തു കൊണ്ടാണ് മാമാങ്കം പ്രചരണത്തിൽ പുതിയ ചരിത്രം കുറിക്കുന്നത്.
ബാങ്കുകൾ ജ്വല്ലറികൾ ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ എന്നിവയ്ക്കുപുറമേ എടി കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് വേണ്ടി സ്പെഷ്യൽ ഷോകൾ ബുക്ക് ചെയ്യാൻ പ്രൊഡക്ഷൻ കമ്പനിയെ സമീപിക്കുന്നതായാണ് വിവരം.
നൂറ്റാണ്ടുകൾക്ക് മുൻപുള്ള ചരിത്ര കാലഘട്ടത്തിലെ കഥ പറയുന്ന ഏറെ പ്രാധാന്യമുള്ള ഈ സിനിമ വിദ്യാർഥികളെ കാണിക്കുന്നതിനു വേണ്ടി സ്കൂളുകളും കോളേജുകളും തിയേറ്റർ ബുക്കിംഗ് നടത്തിയതായി അറിയുന്നു.
മലയാളത്തിൽ ആദ്യമായാണ് ഒരു സിനിമയ്ക്ക് ഇത്രയും വലിയ കാത്തിരിപ്പും സ്വീകാര്യതയും ലഭിക്കുന്നത്. മനോരമ ഓൺലൈൻ ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
മാമാങ്കത്തിന്റെ ട്രെയിലർ ഇതിനകം യൂട്യൂബിൽ ട്രന്റിങ്ങിൽ റെക്കോർഡ് സൃഷ്ടിച്ചു കഴിഞ്ഞു. ഇന്ത്യയിലെ തന്നെ നമ്പർ വൺ ചാനലുകളിൽ ഒന്നായ ടി സീരിയസിന്റെ ലഹരി മ്യൂസിക് ആണ് മാമാങ്കത്തിന്റെ ട്രെയിലറും ഗാനങ്ങളും റിലീസ് ചെയ്തത്.
മലയാള സിനിമയുടെ മുഖം ലോകനിലവാരത്തിൽ എത്തിക്കുന്നതിൽ മാമാങ്കം വലിയ പങ്കു വഹിക്കും എന്നാണ് സിനിമാരംഗത്തെ ട്രേഡ് അനലിസ്റ്റ് കളുടെ വിലയിരുത്തൽ. ബോക്സ്ഓഫീസ് രംഗത്തെ വിദഗ്ധരുടെ അഭിപ്രായത്തിൽ റിലീസ് ചെയ്ത് ഒരാഴ്ചത്തേക്ക് ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത വിരളമാണ് എന്നാണ്. അതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് വേണ്ടി ബൾക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്.
കാവ്യാ ഫിലിംസിന്റെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം നവംബർ 21ന് ലോകവ്യാപകമായി പ്രദർശനത്തിനെത്തും.
