മിമിക്രി വേദികളിൽ നിന്ന് ടെലിവിഷൻ പ്രോഗ്രാമുകളിലേക്കും സ്റ്റേജ് ഷോകളിലേക്കും കടന്ന് അഭിനയ രംഗത്തേക്കും തുടർന്ന് സംവിധായകനായും ചുവടുമാറിയ പ്രതിഭയാണ് രമേഷ് പിഷാരടി. താൻ പ്രവർത്തിക്കുന്ന എല്ലാ മേഖലകളിലും ആസ്വാദകരുടെ ഇഷ്ടവും പിന്തുണയും പിടിച്ചു പറ്റാൻ കഴിഞ്ഞ കലാകാരനാണ് അദ്ദേഹം. ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ പഞ്ചവർണ തത്ത ആയിരുന്നു രമേഷ് പിഷാരടി സംവിധാനം ചെയ്ത ആദ്യ ചിത്രം. നർമത്തിൽ ചാലിച്ച ഈ ചിത്രം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഇക്കൊല്ലത്തെ ഹിറ്റുകളിൽ ഇടം നേടിയ ചിത്രമാണ് പഞ്ചവർണ തത്ത. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ വൺ ലൈനർ മമ്മൂട്ടിക്ക് ഇഷ്ടമായെന്നും പിഷാരടി തിരക്കഥാ രചനയിലേക്ക് കടന്നുവെന്നും അറിയുന്നു.