തൃശൂരിന്റെ കലാ സാംസ്ക്കാരിക രംഗത്തെ ദീപ്ത സാന്നിധ്യമായി നിലകൊള്ളുന്ന രാഗം തീയേറ്റർ ആധുനിക സൗകര്യങ്ങളുടെ അകമ്പടിയോടെ പുതിയ ദൃശ്യ ശ്രവ്യ വിസ്മയം ഒരുക്കാൻ ഒരുങ്ങുകയാണ്. നവീകരിച്ച രാഗം തീയേറ്റർ പ്രവർത്തനം ആരംഭിക്കുമ്പോൾ തൃശൂരിലെ ചലച്ചിത്ര പ്രേമികൾ ഏറെ ആഹ്ലാദത്തിലാണ്. ഒക്ടോബർ പത്തിന് ഉദ്ഘാടനം ചെയ്യപ്പെടുന്ന നവീകരിച്ച തീയേറ്ററിൽ ആദ്യമായി പ്രദർശനത്തിന് എത്തുന്നത് ‘കായം കുളം കൊച്ചുണ്ണി’ ആണ്. നിവിൻ പോളി നായകനാകുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിൽ ഇത്തിക്കര പക്കിയുടെ വേഷത്തിൽ അതിഥി താരമായി മോഹൻലാലും ഉണ്ട്. കായംകുളം കൊച്ചുണ്ണിയുടെ ആദ്യ പ്രദർശനം കാണാൻ നിവിൻ പോളിയും റോഷൻ ആൻഡ്രുസും രാഗം തീയേറ്ററിൽ എത്തുന്നുമുണ്ട്. ബാൽക്കണി 118 രൂപ യും ഫസ്റ്റ് ക്ലാസ് 100 രൂപയുമാണ് നവീകരിച്ച രാഗം തീയേറ്ററിലെ ടിക്കറ്റ് ചാർജുകൾ.