ഈ വർഷത്തെ വിഷുവിനു
ബോക്സ്ഓഫീസിൽ തീപാറും.!
മമ്മൂട്ടിയും മോഹൻലാലും നേർക്കുനേർ ഏറ്റുമുട്ടുന്ന ഈ വിഷു സീസണിൽ ഇവർക്കൊപ്പം പൊരുതാൻ ബിജുമേനോനും ആസിഫലിയും കൂടി ചേരുമ്പോൾ വിഷു മത്സരത്തിനു വീറും വാശിയും കൂടും.
മമ്മൂട്ടിയുടെ മധുരരാജാ, മോഹൻലാലിന്റെ ലൂസിഫർ, നാദിർഷായുടെ ബിജു മേനോൻ-ആസിഫലി -ബൈജു ചിത്രമായ മേരാ നാം ഷാജി എന്നിവയാണ് ഈ വർഷം ബോക്സ്ഓഫീസിൽ ഏറ്റുമുട്ടുന്ന പ്രധാന വിഷുചിത്രങ്ങൾ.
വിഷുവും വെക്കേഷനും ഒരുമിച്ചവരുന്ന സീസണിൽ കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കുന്ന പക്കാ എന്റെർറ്റൈനെറുകളാണ് പലപ്പോഴും ബോക്സ്ഓഫീസിൽ വിജയം നേടിയത് എന്ന് മലയാളസിനിമയുടെ വിഷുക്കാലചിത്രങ്ങൾ പരിശോദിച്ചാൽ കാണാം.
j
വിഷു -വെക്കേഷൻ സീസണിൽ എല്ലാ വിഭാഗം പ്രേക്ഷകരെയും ഏറെ ആകർഷിക്കുന്ന ഘടകങ്ങളുമായാണ് മധുരരാജെ എത്തുന്നത്. മധുരരാജെയുടെ പ്ലസ് പോയിന്റ് എന്നത് ഈ സിനിമ കുട്ടികൾക്കും കുടുംബങ്ങൾക്കും എന്ന പോലെ യുവാക്കളെയും ഹരം കൊള്ളിക്കുന്ന മാസ്സ് ഘടകങ്ങൾ കൂടി ഉണ്ട് എന്നതാണ്. 2010-ൽ വൻ വിജയം നേടിയ പോക്കിരിരാജയിലെ രാജയെന്ന കഥാപത്രത്തിന്റെ തുടർച്ചയായി എത്തുന്ന ചിത്രം എന്നതും മധുരരാജെയ്ക്ക് അനുകൂല ഘടകമാണ്. കോമഡിയും മാസും ഇഴചേർന്ന മമ്മൂട്ടിയുടെ രാജയെന്ന കഥാപാത്രത്തിന്റെ ജനകീയ പരിവേഷവും മധുരരാജയുടെ പ്ലസ് പോയിന്റാണ്. പുലിമുരുകന് ശേഷം വൈശാഖ് ഉദയകൃഷ്ണ പീറ്റർ ഹെയിൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതും പ്രേക്ഷകരുടെ പ്രതീക്ഷകൾ ഉയർത്തുന്നു. നെൽസൺ ഐപ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ് നിർമ്മിക്കുന്ന മധുരരാജ പ്രീ പബ്ലിസിറ്റിയുടെ കാര്യത്തിലും മറ്റു ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിക്കഴിഞ്ഞു.
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ റിതിക് റോഷൻ എന്നീ സൂപ്പർ ഹിറ്റുകൾക്കുശേഷം നാദിർഷ വീണ്ടും സാധാരണക്കാരുടെ കഥയുമായി പ്രേക്ഷകരെ ചിരിപ്പിക്കാൻ എത്തുന്ന ചിത്രമാണ് മേരാ നാം ഷാജി. മൂന്ന് ഷാജിമാരുടെ കഥപറയുന്ന ചിത്രത്തിൽ ബിജു മേനോൻ, ആസിഫലി, ബൈജു എന്നിവരാണ് നായകന്മാർ. കൊച്ചിയിലെയും കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും മൂന്നു ഷാജിമാർ കണ്ടുമുട്ടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് നാദിർഷ ചിരിയിലൂടെ അവതരിപ്പിക്കുന്നത്.
ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ നാദിർഷായുടെ സംവിധാനവും ബിജു മേനോൻ, ആസിഫലി എന്നിവരുടെ സാനിധ്യവും ചിത്രത്തിന്റെ അനുകൂല ഘടകങ്ങളാണ്.
കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കാൻ കഴിയുന്ന ചിത്രങ്ങളാണ് നാദിര്ഷയുടേത്. മേരാ നാം ഷാജിയും ആ ഗണത്തിൽ പെടുത്താവുന്നവയാണ്. വിനോദത്തിനായി തിയേറ്ററിൽ എത്തുന്ന പ്രേക്ഷകരെ മാക്സിമം രസിപ്പിക്കുക എന്ന നാദിർഷയുടെ ഫോർമുല ഈ സിനിമയ്ക്കും ഗുണം ചെയ്‌തേക്കും. ബി രാകേഷ് നിർമ്മിക്കുന്ന ചിത്രം പ്രീ പബ്ലിസിറ്റിയിലും മികച്ചു നിൽക്കുന്നു.
മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ മേലങ്കിയണിയുന്നു എന്നതാണ് മോഹൻലാൽ നായകനാകുന്ന ലൂസിഫറിന്റെ ഏറ്റവും വലിയ ആകർഷണം. സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായി ലാൽ എത്തുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിലാണ് ഉൾപ്പെടുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ.
യുവാക്കളായിരിക്കും ഈ ചിത്രത്തിന്റെ പ്രധാന പ്രേക്ഷകർ.
വിഷു വെക്കേഷൻ പോലൊരു ഫെസ്റ്റിവൽ സീസണിൽ ഒരു പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ഫാമിലി ഓഡിയൻസ് എങ്ങനെ സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ചിത്രത്തിന്റെ ലോങ്ങ് റൺ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ലൂസിഫർ ആശിർവാദിന്റെ മറ്റു ചിത്രങ്ങൾ പോലെ മാർക്കറ്റിംഗിൽ ഒരു മാസ് ചിത്രത്തിനുവേണ്ടതെല്ലാം ഒരുക്കുന്നുണ്ട്.
ശക്തമായ ഈ ത്രികോണ മത്സരത്തിൽ ആരായിരിക്കും ജേതാവ് എന്നത് പ്രേക്ഷകരെ പോലെ സിനിമാലോകവും ഉറ്റുനോക്കുകയാണ്.