2010-ൽ കേരളത്തിലെ തിയേറ്ററുകളെ ഇളക്കിമറിച്ച് മധുരയിൽ നിന്നും ഒരു രാജയെത്തി… ഒരു ഗജപോക്കിരി…
മധുരേന്ന് ഒരു ഗുണ്ട കേരളത്തിലേക്ക് കെട്ടിയെടുക്കുന്നു എന്ന് കേട്ടപ്പോൾ സൂര്യ ‘ഇത്രേം ഗ്ലാമർ’ പ്രതീക്ഷിച്ചില്ല എങ്കിലും മലയാളി പ്രേക്ഷകർ അത് പ്രതീക്ഷിച്ചു. കാരണം, ഗുണ്ടയായാലൂം പൊലീസായാലും വരുന്നത് മമ്മൂട്ടി എങ്കിൽ ഗ്ലാമറിന്റെ കാര്യത്തിലും രാജാ ആയിരിക്കുമെന്ന്… !
പോക്കിരി രാജ എന്ന ആ രാജയെ കുടുംബപ്രേക്ഷകരും യുവാക്കളും കുട്ടികളും ഒരുപോലെ ആവേശത്തോടെ സ്വീകരിച്ചു.
അതുവരെയുള്ള പല കളക്ഷൻ റെക്കോർഡുകളും തിരുത്തിക്കൊണ്ട് പോക്കിരിരാജ ബോക്സോഫീസിലും രാജയായി. 25000 ഹൌസ്ഫുൾ ഷോ കളിക്കുന്ന ചിത്രമെന്ന റെക്കോർഡും പോക്കിരിരാജ സ്വന്തമാക്കി. ഹീറോയിസവും കോമഡിയും ഡാൻസും എല്ലാമായി മമ്മൂട്ടി അടക്കിവാണ പോക്കിരിരാജയിൽ അനുജൻ സൂര്യയായി പൃഥ്വിരാജും കൈയടി നേടി.
ഉദയകൃഷ്ണ സിബി കെ തോമസിന്റെ രചനയിൽ വൈശാഖ് ആദ്യമായി സംവിധായകന്റെ മേലങ്കിയണിഞ്ഞ പോക്കിരിരാജയിലെ രാജ എട്ട് വര്ഷങ്ങക്കിപ്പുറം വീണ്ടും പ്രേക്ഷകർക്ക് മുൻപിലെത്തുമ്പോൾ ആരാധകർ ഏറെ ആവേശത്തിലാണ്.
ഏപ്രിൽ 12-നു വിഷുച്ചിത്രമായി തിയേറ്ററുകളിൽ എത്തുന്ന മധുരരാജയെ വരവേൽക്കാൻ ആരാധകർ അരയും തലയും മുറുക്കി ഇറങ്ങിക്കഴിഞ്ഞു. ഒട്ടുമിക്ക റിലീസ് കേന്ദ്രങ്ങളിലും ഫാൻസ് ഷോ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി ഫാൻസ് പ്രവർത്തകർ.
മധുരരാജയുടെ കട്ടൗട്ടുകൾ സ്ഥാപിച്ചും തിയേറ്ററുകളിൽ രാജയുടെ കട്ടൗട്ടിൽ മാല ചാർത്തിയുമെല്ലാം ഒന്നരമാസങ്ങൾക്കുമുന്പേ ആരാധകർ രാജയുടെ വരവ് വൻ ആഘോഷമാക്കിക്കഴിഞ്ഞു.
വിഷുവിനു തീപാറുന്ന മത്സരം പ്രതീക്ഷിക്കാമെങ്കിലും പ്രീ പബ്ലിസിറ്റിയിൽ മറ്റു ചിത്രങ്ങൾ ഉണ്ടാക്കിയതിനേക്കാൾ വലിയ ഓളമാണ് മധുര രാജ സൃഷ്ടിച്ചിരിക്കുന്നത്. ആക്ഷനും കോമഡിയും ഡാൻസും പാട്ടും എല്ലാമായി ഒരു പക്കാ മാസ് എന്റർടൈനർ ആയാണ് വൈശാഖ് ഈ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.ഉദയകൃഷ്ണയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. പോക്കിരി രാജയിലെ രാജയെക്കാൾ ഹൈ വോൾട്ടേജ് കൂടിയ ഇടിവെട്ട് കഥാപാത്രമാകും മധുര രാജയിലെ രാജ.
ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത് വമ്പന്മാരാണ്. പീറ്റർ ഹെയ്‌നാണ് ആക്ഷൻ ഒരുക്കുന്നത്. ഷാജി കുമാർ ആണ് ഛായാഗ്രാഹകൻ. എഡിറ്റിങ് മഹേഷ് നാരായൺ. ഗോപി സുന്ദറിന്റെ കിടിലം പശ്ചാത്തല സംഗീതമാകും മധുര രാജയിലെത്. സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസ് ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാകും.
നെൽസൺ ഐപ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപാണ് മധുരരാജ നിർമ്മിക്കുന്നത്. 30 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മാർക്കറ്റിങ്ങിനായി വൻ പദ്ധതികളാണ് നെൽസൺ ഐപ്പും വിതരണക്കാരായ യു കെ മോഷൻ പിക്‌ചേഴ്‌സും ചേർന്ന് തയ്യാറാക്കുന്നത്.
