നിവിൻപോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയുന്ന ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി ഈ മാസം 11 ന് തീയേറ്ററുകളിൽ എത്തുന്നു. ചരിത്ര കഥാപാത്രമായ കൊച്ചുണ്ണിയുടെ കഥയ്ക്ക് ചില മാറ്റങ്ങളോടെ തിരക്കഥ രചിച്ചത് ബോബി സഞ്ജയ് ടീമാണ്. കൊച്ചുണ്ണിയുടെ പ്രണയവും ജീവിത പ്രാരാബ്ധങ്ങളുമൊക്കെ സിനിമയിൽ പ്രതിപാദിക്കപ്പെടുന്നു.നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമായ കായംകുളം കൊച്ചുണ്ണി അദ്ദേഹത്തിന്റെ ജന്മദിനത്തിലാണ് വെള്ളിത്തിരയിൽ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 161 ദിവസം നീണ്ടു നിന്ന ഷൂട്ടിംഗ് പലപ്പോഴും വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ഇത്ര വലിയ ഒരു പ്രോജക്ടിന്റെ ഭാഗമായപ്പോൾ ആദ്യം പേടി ഉണ്ടായിരുന്നു എന്ന് നിവിൻ പോളി പറഞ്ഞു. കളരിയും കുതിര സവാരിയും ഈ ചിത്രത്തിന് വേണ്ടി അഭ്യസിച്ചു.ഇത്തിക്കര പക്കി എന്ന കഥാപത്രമായി മോഹൻലാലും ചിത്രത്തിലുണ്ട് . അദ്ദേഹത്തെപ്പോലെ ഒരു വലിയ നടനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. ഇത്രയും എക്സ്സ്‌പീരിയൻസ് ഉള്ള ഒരു അഭിനേതാവ് ആയിട്ടും സിനിമയോട് ലാലേട്ടൻ പുലർത്തുന്ന ആത്മാർഥത അത്ഭുതകരമാണെന്ന് നിവിൻ പറയുന്നു.പന്ത്രണ്ട് ദിവസങ്ങൾ ലാലേട്ടനോടൊപ്പം അഭിനയിച്ചത് ജീവിതത്തിലെ ഏറ്റവും ഉദാത്തമായ നിമിഷങ്ങളായിരുന്നു എന്നും നിവിൻ കൂട്ടിച്ചേർത്തു. കച്ചവട സിനിമകളിലും പരീക്ഷണ സിനിമകളിലും അഭിനയിക്കാൻ താല്പര്യം ഉണ്ടെന്നും സംവിധായകൻ ആകാനുള്ള ആഗ്രഹം തനിക്കില്ലെന്നും നിവിൻ പറഞ്ഞു.ഗോകുലം ഗോപാലൻ നിർമിക്കുന്ന കായംകുളം കൊച്ചുണ്ണി ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത ഗംഭീര റിലീസിനാണ് തയ്യാറെടുക്കുന്നത്. 19 തീയേറ്ററുകളിലായി രാവിലെ 6 മണിക്ക് തുടങ്ങി 52 സ്‌ക്രീനുകളിൽ തുടർച്ചയായി 200 പ്രദർശനങ്ങളാണ് റിലീസ് ദിവസം പ്ലാൻ ചെയ്തിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതൊരു റെക്കോർഡാണ്.